| Wednesday, 13th December 2023, 12:40 pm

കേരളത്തോടുള്ള ചതി, സംഘപരിവാര്‍ നരേറ്റീവിനുള്ള പിന്തുണ; യു.ഡി.എഫ് എം.പിമാരുടെ ശബരിമല നിലപാടിനെ വിമര്‍ശിച്ച് പ്രമോദ് രാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാര്‍ ദല്‍ഹിയില്‍ നടത്തിയ സമരം കേരളത്തോടുള്ള ചതിയാണെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. കേരളത്തിലെ ഹിന്ദുക്കള്‍ മുഴുവന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന സംഘപരിവാര്‍ നരേറ്റീവിന് നല്‍കുന്ന പിന്തുണയാണ് യു.ഡി.എഫ് എം.പിമാരുടെ നിലപാടെന്നും പ്രമോദ് രാമന്‍ പറയുന്നു. ശബരിമലയില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പിമാരും പ്ലക്കാര്‍ഡ് പിടിച്ച് സമരം നടത്തിയത് അതിശയകരവും വിഷമകരവുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ശബരിമലയില്‍ പിഴവുകള്‍ ഉണ്ടായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ വ്യക്തമാക്കിയതിനാല്‍ ഭക്തര്‍ക്കുണ്ടായ പ്രയാസങ്ങളില്‍ അധികാരികള്‍ മറുപടി പറയേണ്ടതുണ്ടെന്നും പ്രമോദ് രാമന്‍ പറഞ്ഞു. കേരളത്തിനകത്ത് നിന്ന് തിരുത്തലുകള്‍ക്കായി യു.ഡി.എഫ് ഇടപെടുന്നത് മനസ്സിലാക്കാമെന്നും എന്നാല്‍ ദല്‍ഹിയിലെത്തി കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെടുന്നത് കേരളത്തോടുള്ള ചതിയാണെന്നും അദ്ദേഹം പറയുന്നു. സംഘപരിവാര്‍ മിഡിയകള്‍ വഴി കേരളത്തിലെ ഹിന്ദുക്കള്‍ മുഴുവന്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന തെറ്റായ വിവിരങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം സമരങ്ങള്‍ നടത്തി കേരളത്തെ അപകടത്തിലാക്കരുതെന്നും മീഡിയവണ്‍ എഡിറ്റര്‍ പറഞ്ഞു.

രണ്ടാം ശനിയും ഞായറാഴ്ചയും സ്‌കൂളുകളില്‍ പരീക്ഷക്ക് മുമ്പുള്ള ദിവസവുമെല്ലാം ഒരുമിച്ച് വന്നതിനാല്‍ ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പതിവില്‍ കവിഞ്ഞ തിരക്കുണ്ടായിരുന്നു. ഈ തിരക്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ യു.ഡി.എഫ്, ബി.ജെ.പി നേതൃത്വത്തില്‍ സമരവും സന്ദര്‍ശനങ്ങളും നടത്തുകയും വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തില്‍ സമരം നടന്നത്. ഈ സമരം സംഘപരിവാര്‍ നരേറ്റീവിന് പിന്തുണ നല്‍കുന്നതാണ് എന്നാണ് ഇപ്പോള്‍ മീഡിയവണ്‍ എഡിറ്റര്‍ പറഞ്ഞിരിക്കുന്നത്.

ഹൈബി ഈഡന്‍, പി.വി അബ്ദുല്‍ വഹാബ്, ജെബി മേത്തര്‍, അബ്ദുസ്സമദ് സമദാനി, അടൂര്‍ പ്രകാശ്, ഇ.ടി.മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍.പ്രതാപന്‍, ഡീന്‍കുര്യാക്കോസ്, കെ.മുരളീധരന്‍ തുടങ്ങിവരാണ് ഗാന്ധിപ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധിച്ചത്.

അതേസമയം ഒഴിവുദിവസങ്ങള്‍ അവസാനിക്കുകയും ശബരിമലയില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തതിന് പിന്നാലെ ശബരിമലയില്‍ ഇന്ന് തിരക്ക് കുറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. ദേവസ്വം മന്ത്രി ഇന്ന് നവകേരള യാത്രയില്‍ നിന്നും ശബരിമലയിലേക്ക് സാഹചര്യം വിലയിരുത്തുന്നതിനായി പുറപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രമോദ് രാമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയിലെ ക്രമീകരണങ്ങളില്‍ ചില പിഴവുകള്‍ ഉണ്ടായി എന്ന് ദേവസ്വം ബോര്‍ഡ് തന്നെ സമ്മതിച്ചല്ലോ. ഭക്തര്‍ക്ക് ഉണ്ടായ പ്രയാസങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞേ തീരൂ. അത് സംസ്ഥാനത്തിന് അകത്ത് നിന്ന് തിരുത്തിക്കാന്‍ യുഡിഎഫ് ശക്തമായി ഉന്നയിക്കുന്നത് മനസ്സിലായി. പക്ഷെ, പാര്‍ലിമെന്റിലും പുറത്തും യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രസര്‍ക്കാര്‍ ഇതില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് നടത്തിയ ‘സമരം’ ഏറ്റവും മിതമായി പറഞ്ഞാല്‍ ചതിയാണ്. കേരളത്തോടുള്ള ചതി. കേരളത്തില്‍ ഹിന്ദുക്കള്‍ മുഴുവന്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന സംഘപരിവാര്‍ നരേറ്റീവിന് നല്‍കിയ പിന്തുണ. സംഘി മീഡിയ വഴി ഈ നരേറ്റീവ് തലങ്ങും വിലങ്ങും പറപ്പിച്ചുകൊണ്ടിരിക്കുകയാണ് അവര്‍. അപ്പോഴാണ് ഈ ‘മതേതര’എംപിമാര്‍ സംഘപരിവാര്‍ സര്‍ക്കാരിനെ കേരളത്തെ ‘ശരിയാക്കാന്‍’ ക്ഷണിക്കുന്നത്. മുസ്‌ലിം ലീഗ് എം.പിമാരും ഈ ആവശ്യമുന്നയിച്ച് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്ലക്കാര്‍ഡ് പിടിച്ചുനിന്നത് അതിശയകരം, വിഷമകരം. കേരളത്തെ അപകടപ്പെടുത്തരുത് പ്ലീസ്.

content highlights: MediaOne Editor Pramod Raman criticizes the stance of UDF MPs on the Sabarimala issue

We use cookies to give you the best possible experience. Learn more