കോഴിക്കോട്: സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനെതിരെ പൊലീസില്‍ പരാതി നല്കി മീഡിയവണ്‍ ചാനല്‍. മീഡിയവണ്ണിന്റെ സോഷ്യല്‍ മീഡിയ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തി വ്യാജപ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് മീഡിയവണ്‍ അറിയിച്ചു.
പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘നേര് പറഞ്ഞ് പത്താണ്ട്’ എന്ന ടാഗ് ലൈനോടെ പുറത്തിറിക്കിയ കാര്‍ഡിലാണ് സി. രവിചന്ദ്രന്‍ മാറ്റം വരുത്തി പ്രചരിപ്പിച്ചതെന്നും ചാനല്‍ പറയുന്നു. ചാനലിന്റെ ലോഗോ ദുരുപയോഗം ചെയ്തെന്നും പരാതിയിലുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. തെറ്റിദ്ധാരണ പരത്താനും ചാനലിനെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള നടപടിയായിരുന്നു രവിചന്ദ്രന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് മീഡിയവണ്‍ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ മാനേജര്‍ പി.ബി.എം ഫര്‍മിസ് പറഞ്ഞു.
പരാതിക്ക് ആധാരമായ എഡിറ്റ് ചെയ്ത കാര്‍ഡ് തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു രവിചന്ദ്രന്‍ പ്രസിദ്ധീകരിച്ചത്. വിമര്‍ശനവും പരാതിയും ഉയര്‍ന്നതിന് പിന്നാലെ ഈ കാര്‍ഡ് രവിചന്ദ്രന്‍ നീക്കം ചെയ്തിട്ടുണ്ട്.
Content Highlight: MediaOne channel files complaint against C Ravichandran