മീഡിയാവണ്‍ ക്യാമറാ പേഴ്‌സണെ യൂത്ത് കോണ്‍ഗ്രസ് കയ്യേറ്റം ചെയ്ത സംഭവം; മുഖം നോക്കാതെ നടപടിയെടുക്കും: വി.ഡി. സതീശന്‍
Kerala News
മീഡിയാവണ്‍ ക്യാമറാ പേഴ്‌സണെ യൂത്ത് കോണ്‍ഗ്രസ് കയ്യേറ്റം ചെയ്ത സംഭവം; മുഖം നോക്കാതെ നടപടിയെടുക്കും: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2023, 9:12 pm

 

തിരുവനന്തപുരം: മീഡിയാവണ്‍ ക്യാമറാ പേഴ്‌സണെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആക്രമണത്തില്‍ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമങ്ങളെയോ മാധ്യമപ്രവര്‍ത്തകരെയോ ഒരു തരത്തിലും ആക്രമിക്കാന്‍ പാടില്ലെന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കും. കെ.പി.സി.സി പ്രസിഡന്റുമായി ചര്‍ച്ച ചെയ്ത് ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ അവര്‍ക്കെതിരായി നടപടിയെടുക്കും. ഒരു സംശയവും വേണ്ട,’ അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ നടന്ന സംഭവത്തില്‍ വാദി പ്രതിയായ അവസ്ഥായാണ് ഇപ്പോള്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വാദികളായ എം.എല്‍.എംമാര്‍ക്കെതിരായാണ് കേസ് എടുത്തിരിക്കുന്നത്. അക്രമത്തില്‍ ഇരയായത് യു.ഡി.എഫ് എം.എല്‍.എമാരാണ്. പക്ഷേ അവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച്

കേസെടുത്തിരിക്കുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.

പൊലീസ് സി.പി.ഐ.എമ്മിന്റെ പാവയായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വ്യാഴാഴ്ചയാണ് മീഡിയവണ്‍ ക്യാമറ പേഴ്സണെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി വന്നത്. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം പകര്‍ത്തുന്നതിനിടെയാണ് മീഡിയവണ്‍ ക്യാമറാമാന്‍ അനില്‍ എം. ബഷീറിന് മര്‍ദനമേറ്റത്.
പൊലീസിനെ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയായിരുന്നു മര്‍ദനമെന്നാണ് ജീവനക്കാരന്റെ പരാതി.

കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ പന്ത്രണ്ട് മണിക്കൂര്‍ ഉപരോധസമരം നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മീഡിയവണ്‍ സംഘം. ഇതിനിടയില്‍ പൊലീസിന് നേരെ അസഭ്യം പറയുന്ന ദൃശ്യം പകത്തുന്നതിനിടെ ഒരാള്‍ ആക്രോശിച്ച് കൊണ്ട് കൈ പിടിച്ച് തിരിക്കുകയായിരുന്നുവെന്ന് അനില്‍ എം. ബഷീര്‍ പരാതി പറയുന്നു.

സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകന് നേരേയുണ്ടായ കടന്നാക്രമണത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.ആര്‍. ഹരികുമാറും സെക്രട്ടറി എം. സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.

content highlight: MediaOne camera person assaulted by youth; Action will be taken regardless of face: V.D. Satishan