| Tuesday, 15th March 2022, 3:24 pm

മീഡിയ വണ്ണിന്റെ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി; നേരത്തെ പ്രവര്‍ത്തിച്ചിരുന്ന രീതിയില്‍ പ്രവര്‍ത്തനം തുടരാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചാനല്‍ സംപ്രേഷണത്തിന് കോടതി അനുമതി നല്‍കി. നേരത്തെ പ്രവര്‍ത്തിച്ച രീതിയില്‍ ചാനലിന് പ്രവര്‍ത്തിക്കാമെന്നും ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മുദ്രവെച്ച കവറിലെ രണ്ട് സെറ്റ് ഫയലുകള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇത്തരമൊരു ഉത്തരവിലേക്ക് നീങ്ങിയത്.

വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്തൊക്കെ വിവരങ്ങളുണ്ടായിരുന്നു എന്നും എന്തുകൊണ്ടാണ് ഇപ്പോള്‍ തന്നെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയാത്തതെന്നും കോടതി ചോദിച്ചു.

സത്യവാങ്മൂലത്തില്‍ വിശദമായ വസ്തുതകള്‍ ഇല്ലെന്ന് പറഞ്ഞ കോടതി 26നുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനമെന്ന നിലയില്‍ മീഡിയവണ്‍ പരിരക്ഷ അര്‍ഹിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.

വാദത്തിനിടെ ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ വിശദമായ ഫയലുകളുമായി ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഉണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

മുദ്രവെച്ച കവറുകളിലാണ് വിശദാംശങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍ മുദ്രവെച്ച കവറുകളോട് തനിക്ക് വിയോജിപ്പാണെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. ചാനലിനെ എന്തുകൊണ്ട് വിലക്കിയെന്ന് ആരാഞ്ഞ കോടതി തുടര്‍ന്ന് മുദ്രവെച്ച കവറുകള്‍ പരിശോധിക്കുകയായിരുന്നു. 15 മിനുട്ട് നേരം ഫയലുകള്‍ പരിശോധിച്ച ശേഷമാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്താണെന്ന് അറിയാന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ കോടതി ഫയലുകള്‍ പുറത്തു വിടണമെന്നും ഹരജിക്കാര്‍ക്ക് അതറിയാനുള്ള അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി. ആ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.

We use cookies to give you the best possible experience. Learn more