|

പി. സതീശനെ സി.പി.എമ്മുമായി ബന്ധപ്പെടുത്തി വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് മീഡിയാവണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പി.എമ്മുമായി ബന്ധപ്പെടുത്തി വാര്‍ത്ത നല്‍കിയതില്‍ ഖേദപ്രകടനവുമായി മീഡിയാവണ്‍. പി. സതീശന് സി.പി.ഐഎമ്മുമായി ഒരു ബന്ധവുമില്ലെന്നും പിശക് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മീഡിയാവണ്‍ അറിയിച്ചു.

ആശ്രിത നിയമനത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കോഴിക്കോട് കസബാ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സി.പി.എം നേതാവാണ് സതീശനെന്ന തരത്തിലായിരുന്നു മീഡിയാവണ്‍ ആദ്യം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് “സി.പി.എം മുന്‍നേതാവ് സതീശനെതിരെ കൂടുതല്‍ പരാതി” എന്നും “സി.പി.എം നേതാവ് പി. ശശിയുടെ സഹോദരന്‍ സതീശനെതിരെ കൂടുതല്‍ പരാതി” എന്നും തിരുത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മീഡിയാവണ്ണിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് തെറ്റ് തിരുത്തി മീഡിയാവണ്‍ രംഗത്തെത്തിയിരിക്കുന്നത്. പി. സതീശന് സി.പി.ഐഎമ്മുമായി ഒരു ബന്ധവുമില്ലെന്നും മീഡിയാവണ്‍ കുറിപ്പില്‍ പറയുന്നു.

പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തിരുന്ന കാലയളവില്‍ മരിച്ച ഭര്‍ത്താവിന്റെ വിധവയ്ക്ക് ജോലിക്കുള്ള ഉത്തരവ് ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു പി.സതീശന്‍ തട്ടിപ്പ് നടത്തിയത്. ഏകദേശം രണ്ടര ലക്ഷം രൂപയോളം തുക സതീശന്‍ വാങ്ങിയതായി പരാതിക്കാരി പറയുന്നു.പിന്നീട് ജോലിയെക്കുറിച്ച് യാതൊരു തരത്തിലുള്ള വിവരങ്ങളും ലഭിക്കാത്ത സാഹചര്യത്തിലാണ് പരാതിയുമായി യുവതി മുന്നോട്ട് വന്നത്. യുവതിയുടെ ആരോപണം വന്നതിന് പിന്നാലെ സതീശനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.


Watch DoolNews Video: