| Thursday, 11th January 2018, 10:23 am

മാധ്യമങ്ങള്‍ തന്നെ പിന്തുണച്ചേ മതിയാകു; അല്ലാത്തവര്‍ക്ക് നിലനില്‍പ്പില്ല: ഡൊണാള്‍ഡ് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: മാധ്യമങ്ങള്‍ തന്നെ പിന്തുണച്ചേ മതിയാകൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അല്ലാത്ത പക്ഷം അതവരുടെ ബിസിനസിനെ ബാധിക്കുമെന്നും അത്തരം മാധ്യമങ്ങള്‍ക്ക് റേറ്റിങ്ങ് ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു.

അതുകൊണ്ട് മാധ്യമങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞു. തന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കവേയാണ് മാധ്യമങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്.

കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപും പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങളുടെ റേറ്റിങ്ങ് വര്‍ധിച്ചിരുന്നു. റേറ്റിങ്ങ് വര്‍ധനയെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് തനിക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചതായും ട്രംപ് പറഞ്ഞു.

“മാധ്യമങ്ങളുടെ റേറ്റിങ് ഉയര്‍ന്നുവെന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇത്ര സന്തോഷം. മാധ്യമങ്ങള്‍ അവസാനം വരെ ട്രംപിനെ പിന്തുണയ്ക്കും. കാരണം, ട്രംപ് വിജയിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് കച്ചവടമില്ലാതെയാകും” അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണ കാലം മുതല്‍ മാധ്യമങ്ങളുമായി സൗഹാര്‍ദ്ദപരമായ ബന്ധമായിരുന്നില്ല ട്രംപിന്റേത്. അമേരിക്കയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങളായ സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയ്ക്കെതിരെ ട്രംപ് നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

മാധ്യമങ്ങള്‍ അവര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരാണെന്നും ഇത്തരം മാധ്യമങ്ങളിലെ ഏറ്റവും മികച്ച വ്യാജവാര്‍ത്തകള്‍ക്ക് അടുത്ത ആഴ്ച പുരസ്‌കാരം നല്‍കുമെന്നും അധികാരത്തിലെത്തിയതിനു പിന്നാലെ ട്രംപ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more