ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍. സംഭവം ദേശീയ പ്രാധാന്യം കൈവരിച്ചതോടെയാണ് പരസ്യമായി ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് രംഗത്തെത്തിയത്.
‘പകുതി മാധ്യമങ്ങള്‍ ഇന്ന് പോകും. ബാക്കി പകുതിപേര്‍ നാളേയും. ഞങ്ങളെ നിങ്ങളുടെ കൂടെയുണ്ടാകൂ. പ്രസ്താവന മാറ്റണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’, പ്രവീണ്‍ കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
നേരത്തെ ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കരുതല്‍ കസ്റ്റഡിയിലെടുത്തതായിട്ടാണ് യു.പി പൊലീസ് പറഞ്ഞത്. യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞിരുന്നു.
ഹാത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചായിരുന്നു രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്കയും ശ്രമിച്ചത്. യമുനാ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മാര്‍ച്ച് നടത്തി മുന്നോട്ടുനീങ്ങുകയായിരുന്നു രാഹുല്‍.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Media will leave after few days, we’ll be here: Hathras DM seen intimidating victim’s father