തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരായ ആരോപണങ്ങള്‍ മാധ്യമ സിന്‍ഡികേറ്റിന്റെതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെ.എസ്.എഫ്.ഇയില്‍ നടന്ന പരിശോധനയില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ച് കാലമായി ഉപേക്ഷിച്ച പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വീണ്ടും വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ ശ്രീവാസ്തവക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പ് രൂപപ്പെട്ടുവരുന്നതിനിടയിലാണ് പരിശോധന നടത്തിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
എന്നാല്‍ പരിശോധനയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നായിരുന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും വിജിലന്‍സ് പരിശോധനയെക്കുറിച്ച് അറിയുന്നത്.
ഇരുവരും കൂടിയാലോചിച്ച ശേഷം പരിശോധന നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമണ്‍ ശ്രീവാസ്തവ. ഇപ്പോഴും അതേ പദവിയില്‍ തന്നെ ശ്രീവാസ്തവ തുടരുന്നുണ്ടെന്നാണ് സ്ഥാപനത്തിന്റെ വൈബ് സൈറ്റ് വ്യക്തമാക്കുന്നത്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. വിജിലന്‍സ് നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും അതിന് നിയമവകുപ്പുണ്ടെന്നുമായിരുന്നു കെ.എസ്.എഫ്.ഇയില്‍ നടന്ന റെയ്ഡിനു പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം.
റെയ്ഡിനു പിന്നാല്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയര്‍ത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെ ചൊല്ലി നേരത്തെയും പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗങ്ങള്‍കൂടിയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത് രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. ഏറെ വിവാദമായ പൊലീസ് ഭേദഗതി ആക്ടിന്റെ കരട് രേഖ തയ്യാറാക്കിയതും രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക