ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത സംസ്ഥാന സമ്മേളനവേദിയില്‍ വെച്ചുതന്നെ രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളും പരസ്പരം നടത്തിയ വിലകെട്ട വിമര്‍ശനങ്ങള്‍, ഭാവിയില്‍ രൂപപ്പെടാനിരിക്കുന്ന ഇടതുപക്ഷമുന്നണിയുടെ സ്വഭാവം എന്തായിരിക്കുമെന്നതിന്റെ സൂചനയായിക്കൂടെന്നില്ല. മാദ്ധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതീതിയതാണ്.കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരേസമയം താന്‍പോരിമ സഥാപിക്കുവാന്‍ പരസ്പരം പരസ്യമായി പോരടിക്കുകയും ഇടതുപക്ഷ ഐക്യം പ്രസംഗിക്കുകയും ചെയ്യുന്നതിലെ പരിഹാസ്യത നേതാക്കള്‍ക്കു മനസ്സിലാവുന്നില്ലെങ്കിലും മലയാളികള്‍ തിരിച്ചറിയുന്നുണ്ട്.
ഇടതുപക്ഷ മുന്നണിയിലെ ഒരു കമ്യൂണിസ്റ്റുപാര്‍ട്ടി വിട്ടുപോയാലും മുന്നണിക്ക് ക്ഷീണമൊന്നും ഉണ്ടാവുകയില്ലെന്ന ആത്മവിശ്വാസം അത്രയൊന്നും നിഷ്‌കളങ്കമല്ല. വലതു മുന്നണിയില്‍നിന്ന് അധികാരത്തര്‍ക്കങ്ങളുടെ ഭാഗമായി പുറത്തുവരുന്ന ഏത് പിന്തിരിപ്പന്‍ രാഷ്ട്രീയപ്പാര്‍ട്ടിയെയും ഉള്‍പ്പെടുത്തി മുന്നണി ബലപ്പെടുത്താമെന്നതാണ് ഇതിനുപിന്നിലെ തന്ത്രം.
ചില പ്രാദേശിക മാടമ്പിമാരുടെ നേതൃത്വത്തിലുള്ള സങ്കുചിത ജാതി-മത- വര്‍ഗ്ഗീയപാര്‍ട്ടികളെ ഇടതുപക്ഷക്കുപ്പായമിടുവിച്ച് കൂടെനിര്‍ത്തി മുന്നണി വികസിപ്പിക്കാമെന്നും അധികാരത്തിലെത്താമെന്നുമുള്ള ഈ ആത്മവിശ്വാസം ആത്മവഞ്ചനയും ജനവഞ്ചനയുമല്ലാതെ മറ്റെന്താണ്? പക്ഷെ, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ രീതിയിതാണെന്ന് നിര്‍ഭാഗ്യവശാല്‍ എല്ലാവരും അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
കോയമ്പത്തൂര്‍ ജയിലില്‍നിന്നിറങ്ങിവന്ന മദനിയെ ധീരരക്തസാക്ഷിയാക്കി തിരഞ്ഞെടുപ്പില്‍ കൂടെനിര്‍ത്തിയതുപോലുള്ള നേരും നെറിയുമില്ലാത്ത അവസരവാദരാഷ്ട്രീയത്തിനും ഇടതുപക്ഷരാഷ്ട്രീയം എന്നുതന്നെ പേരുള്ള കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി മറുചേരിയിലേക്കുപോയാലും വിരോധമില്ലെന്ന മനോഭാവം അശ്ലീലമാണെങ്കിലും അസ്വഭാവികമല്ല. ഇടതുപക്ഷത്തിന്റെ വലതുപക്ഷവല്‍ക്കരണം പൂര്‍ത്തീകരിക്കുവാന്‍ അതുകൂടി വേണം.
വലതുമുന്നണിയെപ്പോലെതന്നെ സ്വന്തം മുന്നണിയെ ശക്തിപ്പെടുത്താനെന്നപേരില്‍ മത-വര്‍ഗ്ഗീയ സംഘടനകളെ കൂട്ടുപിടിക്കാന്‍ മടിയില്ലാതായ കേരളത്തിലെ ഇടതുപക്ഷത്തിന് വാസ്തവത്തില്‍ നഷ്ടമായത് പ്രത്യയശാസ്ത്ര പ്രതിബദ്ധതയാണ്. വിമര്‍ശനവും സ്വയംവിമര്‍ശനവുമൊക്കെ ഒരനുഷ്ഠാനംപോലെ നടക്കുന്നുണ്ടെങ്കിലും പ്രത്യയശാസ്ത്ര പാളിച്ചകള്‍ ആവര്‍ത്തിക്കുമെന്ന ശാഠ്യമാണ് ഇടതുപക്ഷത്തിന്റെ ഇന്നത്തെ മുഖ്യപരാധീനത. അതു തുറന്നുപറയുന്നവരെ ശത്രുക്കളായി മുദ്രകുത്താന്‍ എളുപ്പവുമാണ്. അതാണ് മുറയ്ക്കുനടക്കുന്നതും. അതേ നടക്കുന്നുള്ളൂ എന്നുപോലും തോന്നിപ്പിക്കാനാണ് വ്യഗ്രതയും. അത് മാദ്ധ്യമസൃഷ്ടിയല്ലതാനും.
യേശുക്രിസ്തുവെന്ന പ്രതീകത്തിന്റെ പകര്‍പ്പവകാശം തങ്ങള്‍ക്കുമാത്രമാണെന്നു കരുതുന്ന സര്‍വ്വശക്തരായ സഭാധികാരികളുടെ അജ്ഞതാജന്യമായ ധാര്‍ഷ്ട്യം തന്നെയാണ്, മാര്‍ക്‌സിസം ഏതെങ്കിലുമൊരു പാര്‍ട്ടിയടെ കുത്തകയാണെന്ന തെറ്റിദ്ധാരണയും. പാര്‍ട്ടികള്‍ക്കുപുറത്തും മാര്‍ക്‌സിസം ലോകത്തെ വ്യാഖ്യാനിക്കുന്ന ഒരു തത്വശാസ്ത്രമായി വിവിധമേഖലകളില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.
പാര്‍ട്ടിക്കു പുറത്തുള്ള മാര്‍ക്‌സിസ്റ്റുകളെല്ലാം മാര്‍ക്‌സിസ്റ്റു വിരുദ്ധരാണെന്നു കരുതുമ്പോള്‍ത്തന്നെ അധികാരത്തിനുവേണ്ടി കൂടെവരുന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റ് വിരുദ്ധരെയും വര്‍ഗ്ഗീയവാദികളെയും ഇടതുപക്ഷാനുഭാവികളായി ചാപ്പകുത്തി ദത്തെടുക്കുവാനും മടിയില്ലാതായി എന്നതിനേക്കാള്‍ വലിയ അസംബന്ധം വേറെയില്ല. മദനിയുടെ നേര്‍ക്കുണ്ടായ മനുഷ്യാവകാശലംഘനങ്ങളെയും അയാളുടെ വര്‍ഗ്ഗീയരാഷ്ട്രീയത്തെയും ഒരുമിച്ചെതിര്‍ക്കുന്ന ഒരു ഇടതുപക്ഷ രാഷ്ട്രീയമാണ് പുരോഗമനകേരളം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ സഫലമാക്കുവാന്‍ ചിലതെല്ലാം വേണ്ടെന്നുവെക്കേണ്ടിവരും.
ഇടതുപക്ഷത്തിന്റെ അപചയത്തില്‍ ഉല്‍ക്കണ്ഠയുള്ളവരെ അലട്ടുന്ന മറ്റൊരു പ്രധാനപ്പെട്ട സംഗതി, വിര്‍ശനങ്ങളോടുള്ള അതിന്റെ അസഹിഷ്ണുതയാണ്. മുഖ്യധാരാ മാദ്ധ്യമങ്ങളുടെ പ്രവര്‍ത്തനരീതിയോടുള്ള വിമര്‍ശനങ്ങള്‍ പലപ്പോഴും മാദ്ധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്ന തരത്തിലാവുന്നതായി ഇടതുപക്ഷാനുകൂലികളായ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരും മാദ്ധ്യമ സംഘടനകളും ചൂണ്ടിക്കാണിക്കുവാനിടയായ സന്ദര്‍ഭങ്ങള്‍ വിരളമല്ല.
ഏതോ ഒരു “മാദ്ധ്യമ സിന്‍ഡിക്കേറ്റാ”ണ് മുഖ്യശത്രുവെന്ന പ്രതീതി സൃഷ്ടിച്ച് സ്വന്തം വീഴ്ചകളെയും യഥാര്‍ത്ഥത്തിലുള്ള ആപത്തുകളെയും മറച്ചുവെയ്ക്കാമെന്ന തോന്നലില്‍ ഫാസിസത്തിന്റെ ചെറിയൊരു നിഴലുണ്ട്. മാദ്ധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍പോലെ മാദ്ധ്യമങ്ങളെയും വിമര്‍ശിക്കുവാന്‍ കഴിയുമെന്നിരിക്കേ മാദ്ധ്യമങ്ങളെയാകെ ശത്രുപക്ഷത്തു നിര്‍ത്തുവാനാഗ്രഹിക്കുന്നത് ഒരു പ്രതിരോധതന്ത്രമാണെങ്കിലും ആത്യന്തികമായി അത് ജനാധിപത്യവിരുദ്ധമായ ഒരു മനോഭാവത്തിന്റെ ലക്ഷണമായാണ് സമൂഹം തിരിച്ചറിയുന്നത്. അനാവശ്യമായൊരു സെല്‍ഫ് ഗോളാണതെന്ന് പറയാതെവയ്യ.
കോര്‍പറേറ്റ് പത്രങ്ങളുടെയും ചാനലുകളുടെയും മൂലധനതാല്‍പര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇടതുപക്ഷത്തിന്റെ പ്രസക്തിയില്‍ വിശ്വസിക്കുന്ന എത്രയോ പുരോഗമനചിന്താഗതിക്കാരായ മാദ്ധ്യമപ്രവര്‍ത്തകരുണ്ട്.
മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്കും തങ്ങളെപ്പോലെ രാഷ്ട്രീയ അജണ്ടകളുണ്ട് എന്നറിയാവുന്നവര്‍ മാദ്ധ്യമങ്ങളുടെ ഏതുതരം വിമര്‍ശനങ്ങളിലും പരിഭ്രമിക്കേണ്ട കാര്യമില്ല. സ്വന്തമായി ഒരു ബഹുജനമാദ്ധ്യമശ്രംഖലയുള്ള രാഷ്ട്രീയപ്പാര്‍ട്ടിക്ക് എന്തുകൊണ്ട് മാതൃകാപരമായ ഒരു മാദ്ധ്യമസംസ്‌കാരം സൃഷ്ടിക്കുവാന്‍ കഴിയുന്നില്ലെന്നതിനെക്കുറിച്ച് സ്വയംവിമര്‍ശനം നടത്തുവാന്‍ ഇനിയും വൈകിയിട്ടില്ല. പാര്‍ട്ടിയുടേതെന്ന് ജനങ്ങള്‍ കരുതുന്ന ടെലിവിഷന്‍ ചാനലും ആഗോളമാദ്ധ്യമ പ്രഭുവായ മര്‍ഡോക്കിന്റെ ചാനലും തമ്മില്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വ്യത്യാസമില്ലാതിരിക്കെ പുരോഗമനസാഹിത്യം പ്രസംഗിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് സമമാണെന്ന സ്വയംവിമര്‍ശനം പുരോഗമനാത്മകമായ ഒരു മാദ്ധ്യമസംസ്‌കാരത്തിലേക്ക് നയിച്ചുകൂടായ്കയില്ല.
ഇത്തരം ആലോചനകളെ നിരോധിച്ചുകൊണ്ട് അന്യനിലപാടുകളുള്ള മാദ്ധ്യമങ്ങളെയെല്ലാം ആക്രമിക്കുന്നതും എല്ലാം മാദ്ധ്യമസൃഷ്ടിയാണെന്ന് പറയുന്നതും ഇടതുപക്ഷത്തിനു ദോഷംചെയ്തിട്ടേയുള്ളൂ. അതുതന്നെ ഇനിയും ആവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വന്തം ചാനലിലൂടെ കോര്‍പറേറ്റ് മാദ്ധ്യമങ്ങളുടെ പൈങ്കിളി സംസ്‌കാരം അതേപടി പ്രേക്ഷകരില്‍ കുത്തിവെച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ തങ്ങള്‍ക്കാവതില്ലാത്ത പുരോഗമനാത്മക മാദ്ധ്യപ്രവര്‍ത്തനം നടത്താത്തതിന് കോര്‍പറേറ്റ് മാദ്ധ്യമങ്ങളെ ആക്ഷേപിക്കുന്നതില്‍ സാരമായ പന്തികേടുണ്ട്്. ബൗദ്ധികസത്യസന്ധതയുടെ അഭാവമാണത്.
കോര്‍പറേറ്റ് പത്രങ്ങളുടെയും ചാനലുകളുടെയും മൂലധനതാല്‍പര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇടതുപക്ഷത്തിന്റെ പ്രസക്തിയില്‍ വിശ്വസിക്കുന്ന എത്രയോ പുരോഗമനചിന്താഗതിക്കാരായ മാദ്ധ്യമപ്രവര്‍ത്തകരുണ്ട്. അവരെല്ലാം ഒരുപോലെ വെറും അടിമപ്പണിക്കാരാണെന്നു കരുതുന്നത് വിഡ്ഡിത്തമാണ്. എല്ലാ വൃത്തികെട്ട രാഷ്ട്രീയ-വാണിജ്യതാല്‍പര്യങ്ങള്‍ക്കുമിടയിലും ജനകീയകാഴ്ചപ്പാടുകളുടെ പ്രകാശനം ഒരുപരിധിവരെയെങ്കിലും ഈ മാദ്ധ്യമങ്ങളിലൂടെ സാധിക്കുന്നതും അതുകൊണ്ടാണ്. അതുകാണാന്‍ വിസമ്മതിക്കുമ്പോള്‍ പോപ്പുലര്‍ മാദ്ധ്യമങ്ങളുടെ ഒരു സാദ്ധ്യതയെ നിരാകരിക്കുകയാണ്.
പത്രപ്രവര്‍ത്തകയൂനിയന്‍ നേതാവാണ് ഇടതുപക്ഷത്തിനെതിരായ കേരളത്തിലെ മാദ്ധ്യമയുദ്ധം നയിക്കുന്നതെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന അടിസ്ഥാനവിരുദ്ധമാണെന്നറിയാന്‍ ആ പത്രപ്രവര്‍ത്തകന്റെ തൊഴില്‍ധാര്‍മ്മികതയെക്കുറിച്ച് നേരിട്ടറിയണമെന്നില്ല. സാമാന്യബുദ്ധി ധാരാളം മതിയാവും.
“ദ ഹിന്ദു”വിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്ററായ ഗൗരീദാസന്‍ നായര്‍ എന്ന പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവിന് കേരളത്തിലെ മുഴുവന്‍ മാദ്ധ്യമങ്ങളുടെയും എഡിറ്റോറിയല്‍ നയവും ഉള്ളടക്കവും തന്റെ താല്‍പര്യമനുസരിച്ച് നിര്‍ണ്ണയിക്കുവാന്‍ കഴിയുമെന്നാണല്ലോ ഈ ആരോപണം സാക്ഷ്യപ്പെടുത്തുന്നത്. അത് വാസ്തവമാണെങ്കില്‍ പത്രാധിപരും കമ്യൂണിസ്റ്റും നോവലിസ്റ്റുമായ വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ഈ മകനെപ്പോലെ ഭാഗ്യവാനും ശക്തനുമായ മറ്റൊരു പത്രപ്രവര്‍ത്തകന്‍ ലോകത്ത് വേറെയുണ്ടാവില്ല. എന്നാല്‍, താന്‍ റസിഡന്റ് എഡിറ്ററായ “ഹിന്ദു”വില്‍ത്തന്നെ ഗൗരിയ്ക്ക് വേണ്ടത്ര സ്വാധീനമുണ്ടോ എന്ന, ഞങ്ങള്‍ സുഹൃത്തുക്കളുടെ സംശയം തീര്‍ക്കാന്‍ ഈ ബഹുമതിക്കും കഴിയുമെന്നു തോന്നുന്നില്ല.
പാര്‍ട്ടി സെക്രട്ടറിയുടെ അതിപ്രധാനമായ രഹസ്യറിപ്പോര്‍ട്ടുപോലും ചോര്‍ത്തുവാന്‍ പ്രാപ്തിയുള്ള ടെലിവിഷന്‍ ജേണലിസ്റ്റുകളുള്ള നാട്ടില്‍ കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിക്ക് അപവാദംപറച്ചിലിന്റെ നിലവാരത്തിലുള്ള ഇമ്മാതിരി തെറ്റായ വിവരങ്ങള്‍ “ചോര്‍ത്തി”ക്കൊടുക്കുന്നത് ആരാണ് ? ആരായാലും അയാളെപ്പോലൊരു പാര്‍ട്ടിവിരുദ്ധന്‍ കേരളത്തില്‍ വേറെയുണ്ടാവില്ല. ശത്രുക്കള്‍ സുരക്ഷിതരായി കപ്പലില്‍ത്തന്നെയാണെന്ന സംശയത്തിലേക്കാണ് ഇത് ചൂണ്ടുന്നത്.
മാദ്ധ്യമ സിന്‍ഡിക്കേറ്റിനെ മുന്‍നിര്‍ത്തി വീണ്ടും ആരംഭിച്ച ഏകപക്ഷീയമായ നിഴല്‍യുദ്ധങ്ങള്‍ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയുന്നതിന് തടസമാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുവാനേ കഴിയൂ. രക്ഷകനായ യേശുവിന് ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായം ചെയ്യാനാവുമോ എന്തോ!
Key Words: Media syndicate leads The Hindu, media syndicate and CPIM
കടപ്പാട്: മലയാളം വാരിക