| Monday, 4th March 2024, 6:26 pm

കർഷക സമരത്തിന് പകരം മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് അംബാനിയുടെ വിവാഹം: രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശിവപുരി: രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന് പകരം ദേശീയ മാധ്യമങ്ങൾ ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിന് നൽകുന്ന പ്രാധാന്യത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ശിവപുരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കർഷക സമരവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉന്നയിക്കുന്നതിന് പകരം അംബാനിയുടെ വിവാഹമാണ് മുഖ്യധാര മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

‘ഇന്ത്യയിൽ പ്രധാനമായും മൂന്നു വിഷയങ്ങൾ ആണ് ഉള്ളത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഇവ വളരെ നിർണായകമായ പ്രശ്നങ്ങളാണ്.

എന്നാൽ മാധ്യമങ്ങൾ പലപ്പോഴും ഈ വിഷയങ്ങൾക്ക് യാതൊരു ശ്രദ്ധയും നൽകുന്നില്ല. പകരം അവർ ബോളിവുഡ് താരങ്ങളിലും ആഡംബര വിവാഹ ചടങ്ങുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇത് സാധാരണ ജനങ്ങളെ വളരെയധികം ബാധിക്കുന്നു, കാരണം അവരുടെ പ്രശ്നങ്ങളെ മാധ്യമങ്ങൾ ആവശ്യമായ രീതിയിൽ അഭിസംബോധന ചെയ്യുന്നില്ല. ഇതുമൂലം തങ്ങളുടെ ഭാവി മാധ്യമങ്ങളുടെ കൈയിലാണെന്ന ധാരണ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെടുന്നു.

എന്തുകൊണ്ടാണ് അംബാനി ജിയുടെ വിവാഹം ദിവസം മുഴുവൻ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്? ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ.

നിങ്ങൾ ടി.വി വാർത്തകൾ കാണുമ്പോൾ ബോളിവുഡ് താരങ്ങളെയാണ് കാണുക, ചിലപ്പോൾ അവർ ക്രിക്കറ്റിനെ കുറിച്ചും സംസാരിക്കും. എന്നാൽ അവർ നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം ജൂലൈയിലാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചടങ്ങുകളാണ് ദേശീയ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്.

നേരത്തെ പൊതുസ്ഥാപനങ്ങളായ എച്ച്.സി.എല്ലിലും ബി.എച്ച്.ഇ.എല്ലിലും എസ്.സി, എസ്.ടി, ഗോത്ര വിഭാഗങ്ങളിലെ ജനങ്ങൾക്കും ലഭ്യമായിരുന്നു എന്നും മോദി സർക്കാർ അതിനെല്ലാം വിരാമം കുറിച്ചു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഗ്വാളിയോറിലെ ബാബു കോർട്ടേഴ്സിൽ നിന്ന് ആരംഭിച്ച യാത്ര ശിവപുരിയിൽ എത്തിയിരിക്കുകയാണ്. രാഘോഗഡ്, ബ്യാവര എന്നിവിടങ്ങളിൽ അദ്ദേഹം സംസാരിക്കും. തുടർന്ന് ബതാഖേരിയിലും ബ്യാവരയിലും കർഷകരുമായി സംവദിക്കും.

Content Highlight: Media shows Ambani wedding; has no time for unemployment and farmers’ issues, says Rahul Gandhi

We use cookies to give you the best possible experience. Learn more