പ്രത്യാഘാതങ്ങള്‍ ഭയക്കാതെ രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്കുണ്ടാകണം; ബി.ബി.സി റെയ്ഡിനെ വിമര്‍ശിച്ച് യു.കെ സര്‍ക്കാര്‍
World News
പ്രത്യാഘാതങ്ങള്‍ ഭയക്കാതെ രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങളില്‍ മാധ്യമങ്ങള്‍ക്കുണ്ടാകണം; ബി.ബി.സി റെയ്ഡിനെ വിമര്‍ശിച്ച് യു.കെ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd February 2023, 12:18 pm

ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്ക് എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പ്രധാനമാണെന്ന് യു.കെ സര്‍ക്കാര്‍. അടുത്തിടെ ബി.ബി.സിയുടെ മുംബൈ-ദല്‍ഹി ഓഫീസുകളില്‍ നടന്ന റെയ്ഡിനെ കുറിച്ച് സംസാരിക്കുന്നതിനിടയായിരുന്നു പരാമര്‍ശം. ബി.ബി.സിയെ പിന്തുണക്കുന്നുവെന്നും റെയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും യു.കെ വ്യക്തമാക്കി. യു.കെ അതിന്റെ പത്രസ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

‘ഞങ്ങള്‍ ബി.ബി.സിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങള്‍ ബി.ബി.സിക്ക് ധനസഹായം നല്‍കുന്നുണ്ട്. എഡിറ്റോറിയല്‍ സ്വാതന്ത്രം ബി.ബി.സിക്ക് ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ടോറി എം.പി ഡേവിഡ് റൂട്ട്‌ലി പറഞ്ഞു. ബി.ബി.സി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേയും ലേബര്‍ പാര്‍ട്ടിയേയും വിമര്‍ശിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ആ സ്വാതന്ത്ര്യമാണ് എല്ലാത്തിന്റേയും അടിസ്ഥാനം. ലോകത്താകെ അത്തരമൊരു സാഹചര്യമുണ്ടാകണമെന്നാണ് ആഗ്രഹം അതാണ് ഇന്ത്യന്‍ സര്‍ക്കാരിനോട് പറയാന്‍ ആഗ്രഹിക്കുന്നതും,’ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്തെ പ്രധാനമന്ത്രിയെക്കുറിച്ച് അനാദരപരമായ ഡോക്യുമെന്ററി പുറത്തുവിട്ടതില്‍ മനപ്പൂര്‍വമുള്ള ഭീഷണിപ്പെടുത്തലാണ് ബി.ബി.സി ഓഫീസുകളില്‍ നടന്ന റെയ്‌ഡെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി നേതാവ് ജിം ഷാനന്‍ പറഞ്ഞു.

റെയ്ഡ് ആശങ്കാജനകമാണെന്നായിരുന്നു ലേബര്‍ പാര്‍ട്ടി എം.പി ഫാബിയന്‍ ഹാമില്‍ട്ടണിന്റെ പ്രതികരണം. ഏത് ജനാധിപത്യ രാജ്യത്തും പ്രത്യാഘാതങ്ങളെ ഭയക്കാതെ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാനും പരിശോധിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസത്തോളമായിരുന്നു ബി.ബി.സി ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ബി.ബി.സി ഓഫീസുകള്‍ നികുതി അടക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയെന്നായിരുന്നു റെയ്ഡിന് ശേഷം ആദായ നികുതി വകുപ്പിന്റെ പ്രതികരണം.

ബി.ബി.സിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്നും വരുമാനം വകമാറ്റിയതായി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കണ്ടെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി

Content Highlight:  Media should have the freedom to crticize political leaders without the fear of getting harassed, Uk slams bbc raid in India