| Tuesday, 7th November 2023, 8:15 am

പരമ്പരാഗത മാധ്യമങ്ങളെക്കാള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നത് സമൂഹമാധ്യമങ്ങള്‍: ശശികുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളീയം വേദിയില്‍ സ്വതന്ത്ര മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ‘ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്, രാജ്യത്തെ മാറുന്ന മാധ്യമ രംഗം’ എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍. ഒറ്റ ശ്വാസത്തില്‍ ജനാധിപത്യം എന്ന് പറയുമ്പോള്‍ മറു ശ്വാസത്തില്‍ മാധ്യമസ്വാതന്ത്ര്യം എന്ന് പറയാന്‍ സാധിക്കണമെന്ന് സെമിനാര്‍ വിലയിരുത്തി.

സ്വതന്ത്ര മാധ്യമങ്ങളില്ലാത്ത രാജ്യത്തെ ജനാധിപത്യ രാജ്യമെന്ന് വിളിക്കാന്‍ കഴിയുമോയെന്ന ആശങ്കയാണ് സെമിനാറില്‍ പ്രധാനമായും ഉയര്‍ന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും നടക്കുന്ന അടിച്ചമര്‍ത്തലും ചൂഷണവും അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പരമ്പരാഗത മാധ്യമങ്ങളേക്കാള്‍ സമൂഹമാധ്യമങ്ങളാണ് പലപ്പോഴും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതെന്ന് ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍ പറഞ്ഞു. ഇസ്രഈല്‍ ഹമാസ് യുദ്ധത്തിന്റെ കാര്യത്തിലും യഥാര്‍ത്ഥ സത്യങ്ങള്‍ മറച്ചുവെച്ചാണ് ലോക മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട മൂന്ന് അന്താരാഷ്ട്ര ഏജന്‍സികളാണ് മറ്റുള്ള രാജ്യങ്ങള്‍ക്കെല്ലാം വാര്‍ത്തകള്‍ നല്‍കുന്നതെന്നും വാര്‍ത്തയുടെ ഉല്‍പാദനത്തിന്റെ 85 ശതമാനവും ഇവര്‍ കൈകാര്യം ചെയ്യുന്നതിനാല്‍ തന്നെ പാതി സത്യങ്ങളാണ് പലപ്പോഴും പുറത്തുവരുന്നതെന്നും ശശികുമാര്‍ സെമിനാറില്‍ വ്യക്തമാക്കി. അതേസമയം സമൂഹമാധ്യമങ്ങളുടെ അമിത സ്വാതന്ത്ര്യം നല്ല പ്രവണത അല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും ഇല്ലാതാകുന്ന വിധത്തില്‍ മാധ്യമ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് കണ്‍ഫ്‌ലുവെന്‍സ് മീഡിയ സ്ഥാപകനും സി.ഇ.ഒയുമായ ജോസി ജോസഫ് സെമിനാറില്‍ അഭിപ്രായപ്പെട്ടു.

ബിസിനസ് രംഗത്തെ സ്ഥാപനങ്ങളാണ് മാധ്യമ സംരംഭങ്ങള്‍ ആരംഭിക്കുന്നതെന്ന് പ്രസ് കമ്മീഷനുകള്‍ നിരീക്ഷിച്ചതായി സെമിനാറിന്റെ മോഡറേറ്ററായ ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി. ഭൂരിഭാഗം മാധ്യമങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വായടപ്പിക്കുന്ന സമീപനമാണ് ന്യൂസ് ക്ലിക്ക് പോലുള്ള സംഭവങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ മേഖലയിലെ മാറ്റങ്ങള്‍ ജനാധിപത്യ സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നത് വിലയിരുത്തേണ്ട വിഷയമാണെന്നും ജോണ്‍ ബ്രിട്ടാസ് സൂചിപ്പിച്ചു.

വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രേക്ഷക പിന്തുണ ലഭിക്കുന്ന സാഹചര്യമുണ്ടെന്നും പണം നല്‍കി നല്ല കണ്ടെന്റുകള്‍ സബ്സ്‌ക്രൈബ് ചെയ്യുന്ന ശീലമാണ് വളര്‍ത്തിയെടുക്കേണ്ടതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഗാഡ്ജറ്റ്സുകള്‍ എടുത്തുകൊണ്ടു പോകുന്നതിനെയും മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെയും സെമിനാര്‍ അപലപിച്ചു. മാധ്യമ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്നും മാധ്യമസ്വാതന്ത്ര്യത്തില്‍ കേരളം ഏറെ മുന്നിലുമാണെന്നും സെമിനാര്‍ വിലയിരുത്തി.

നിരാകരിക്കേണ്ട വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്നതെന്നും എല്ലാവരും മാധ്യമപ്രവര്‍ത്തകരായി മാറുന്ന കാലത്ത് നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തും ചെയ്യാനാകുമെന്നും സെമിനാറിന്റെ അധ്യക്ഷന്‍ മന്ത്രി ആന്റണി രാജു വ്യക്തമാക്കി. എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഏറെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചെന്ന് ദി ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിലായിരുന്നു എങ്കില്‍ വ്യാപകമായ കലാപം ഉണ്ടാകുന്നതിനുള്ള എല്ലാ സാധ്യതകളും ആ സംഭവത്തിനുണ്ടായിരുന്നെന്നും കേരളത്തിലെ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റര്‍ വിജൈതാ സിങ്, ഓപ്പണ്‍ മാഗസിന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.പി. ഉല്ലേഖ്, ദി വയര്‍ സ്ഥാപക എഡിറ്റര്‍ എം.കെ. വേണു, ദി വയര്‍ എഡിറ്റര്‍ സീമ ചിസ്തി, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവര്‍ സെമിനാറില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു.

Content Highlight: Media seminar in Keraleeyam on the topic of role of media in democracy, changing media scene in the country

We use cookies to give you the best possible experience. Learn more