ന്യൂദല്‍ഹി: ആയുധലോബികളുടെ ആജ്ഞാനുവര്‍ത്തികളായി ഒരു വിഭാഗം മാധ്യമങ്ങള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്. തന്നെ ഒതുക്കുന്നതിന് വേണ്ടി മാധ്യമങ്ങള്‍ അധിക നേരം ജോലി ചെയ്യുന്നുണ്ടെന്നും ഇതിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് വി.കെ സിങ് പറഞ്ഞു.
നേരത്തെ ആര്‍മി ചീഫ് അയിരിക്കെയും തനിക്കെതിരെ നീക്കങ്ങള്‍ നടന്നിരുന്നുവെന്നും കരസേനയില്‍ നിന്നും വിരമിച്ച ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും ഇയാളുടെ പണം പറ്റി എഴുതുന്ന മാധ്യമ പ്രവര്‍ത്തകരുണ്ടെന്നും സിങ് ആരോപിച്ചു.
കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരെ “പ്രസ്റ്റിറ്റിയൂട്ട്‌സ് എന്ന് വിളിച്ചധിക്ഷേപിച്ചതിന് വി.കെ സിങ് മാപ്പ് പറഞ്ഞിരുന്നു. യമനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചുള്ള വി.കെ സിങിന്റെ പരാമര്‍ശമായിരുന്നു വിവാദത്തിന് തിരി കൊളുത്തിയിരുന്നത്. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ 10 ശതമാനത്തെയാണ് വിമര്‍ശിച്ചതെന്നും മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കുന്ന രീതി മാധ്യമങ്ങള്‍ തന്നെ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.