മാധ്യമാവകാശ പ്രവര്‍ത്തകരെ ശ്രീലങ്കയില്‍ തടഞ്ഞ് വച്ചു ചോദ്യം ചെയ്തു
World
മാധ്യമാവകാശ പ്രവര്‍ത്തകരെ ശ്രീലങ്കയില്‍ തടഞ്ഞ് വച്ചു ചോദ്യം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2013, 11:48 pm

[]കൊളംബോ: സെമിനാറില്‍ പങ്കെടുക്കാനെത്തിയ മാധ്യമാവകാശ പ്രവര്‍ത്തകരെ ശ്രീലങ്കയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്തു.

അഭിപ്രായ സ്വാതന്ത്രവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ ഒരു മാധ്യമാവകാശ ഗ്രൂപ്പ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ രണ്ട് പേരെയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ ചോദ്യം ചെയ്തത്.

ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റിന്റെ ഏഷ്യാ – പസഫിക് റീജിയണിലെ പ്രതിനിധി ജാക്വി പാര്‍ക്കിനെയും മറ്റൊരു പ്രതിനിധിക്കുമെതിരെയാണ് ശ്രീലങ്കന്‍ അധികൃതരുടെ നടപടി.

വിസാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇരുവരെയും ചേദ്യം ചെയ്തതെന്ന് വാര്‍ത്താകാര്യ മന്ത്രി റാംബുക്ക് വെല്ലാ പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ വന്ന ഇരുവരും സെമിനാറില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്നും മന്ത്രിപറഞ്ഞു.

ശ്രീലങ്കയിലെ തമിഴ് പുലികള്‍ക്കെതിരെയുള്ള യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടന്നതായി ആരോപണമുയര്‍ന്നിരുന്നു. യുദ്ധാനന്തരമുള്ള ലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

26 വര്‍ഷം നീണ്ട അഭ്യന്തര യുദ്ധം നാല് വര്‍ഷം മുമ്പാണ് അവസാനിച്ചത്.  ആഗസ്റ്റില്‍ യു.എന്‍ മനുഷ്യാവകാശ സംഘടനയുടെ മേധാവിയായ നവി പിള്ള ശ്രീലങ്ക കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് വിമര്‍ശിച്ചിരുന്നു.

കോണണ്‍വെല്‍ത്ത് രാഷ്ട്ര തലവന്‍മാരുടെ മീറ്റിംഗിന് അതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. 54 രാജ്യങ്ങളില്‍ ഇത് വരെ 37ഓളം രാജ്യങ്ങള്‍ മീറ്റിംഗില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പാശ്ചാത്തലത്തില്‍ ചില രാജ്യങ്ങള്‍ മീറ്റിംഗ് ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ മീറ്റിംഗ് ബഹിഷികരിക്കാന്‍ ഇതിനകം ആഹ്വാനം ചെയ്ത് കഴിഞ്ഞു.