സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ആവിഷ്‌കരിച്ച നിയമമാണ് പോക്‌സോ. ഇതുപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അവസ്ഥയാണിപ്പോഴുളളത്. ഇത്തരം കേസുകളില്‍ പെട്ട കുട്ടികളുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പ്രവണത ഈയിടെയായി വര്‍ധിക്കുന്നെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.
പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങളടക്കമുളള എജന്‍സികള്‍ കുട്ടികളുടെ വിവരങ്ങള്‍ പുറത്തെത്തിക്കുന്ന രീതി ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീല മേനോന്‍ കഴിഞ്ഞ ദിവസം പ്രസ്താവിക്കുകയുണ്ടായി.
“പോക്‌സോ നിയമം പോലെ വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ വളരെയധികം ശ്രദ്ധചെലുത്തേണ്ടതാണ്. പോക്‌സോ നിയമത്തില്‍ പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് പുറത്താക്കുന്ന പ്രവണത ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രീതി പലമാധ്യമങ്ങളും പിന്തുടരുന്നുണ്ട്. കേസിന്റെ വിവരങ്ങളെല്ലാം പുറത്താക്കിയതിനുശേഷം കുട്ടിയുടെ പേര് മാത്രം പറയാതെ തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള വിവരങ്ങള്‍ നല്‍കുന്നവരാണ് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ”യെന്നാണ് ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീല മേനോന്‍ അഭിപ്രായപ്പെട്ടത്.
2016 ല്‍ ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പോക്‌സോ കേസുകളില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പുറത്താക്കുന്ന മാധ്യമങ്ങള്‍, മറ്റ് ഏജന്‍സികള്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീല മേനോന്‍ പറഞ്ഞു.
അതേസമയം നിലവില്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിലുപരി കാര്യമായ അവബോധമാണ് മാധ്യമങ്ങള്‍ക്കിടയില്‍ ഉണ്ടാകേണ്ടതെന്നും ശ്രീല മേനോന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഇത്തരം കേസുകളില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് മാത്രമല്ല പങ്കുള്ളതെന്നാണ് അഡ്വക്കേറ്റ് സ്വപ്ന അഭിപ്രായപ്പെട്ടത്.
“സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് കുടുംബത്തില്‍നിന്നു വര്‍ഷങ്ങളായി അകന്ന് കഴിയേണ്ടി വരുന്ന കുട്ടികളുടെ എണ്ണം ഇന്ന് വളരെയധികം കൂടുതലാണ്. തങ്ങള്‍ക്കുനേരേയുണ്ടായ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വിവരങ്ങളെത്തുന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാസ്ഥയെയാണ് ബാധിക്കുന്നത്.” അഡ്വക്കേറ്റ് സ്വപ്ന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നിലവിലെ പോക്‌സോ നിയമപ്രകാരം മാധ്യമങ്ങള്‍ എന്നല്ല ഒരു ഏജന്‍സിയും കേസില്‍പ്പെട്ട കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടുള്ളതല്ലെന്നും ഇത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതാണെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. പോക്‌സോ നിയമപ്രകാരം ആക്രമണത്തിനിരയായ കുട്ടിയെ തിരിച്ചറിയുന്ന രീതിയിലുള്ള യാതൊരു വിവരങ്ങളും പുറത്തുവിടാന്‍ പാടില്ലെന്നാണ് നിയമം പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
“ഇതില്‍ തെറ്റുകാര്‍ മാധ്യമങ്ങള്‍ മാത്രമല്ല. കേസ് കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍, വക്കീലന്‍മാര്‍ തുടങ്ങിയവര്‍ വഴി വിവരങ്ങള്‍ പുറത്താവാനുളള സാധ്യത വളരെയധികമാണ്. ഈ പ്രവണതകള്‍ എറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെത്തന്നെയാണ്. കുട്ടിയുടെ സ്വകാര്യത വെളിപ്പെടുന്ന രീതിയിലുള്ള വിവരങ്ങള്‍ പുറത്താകുന്നത് കുഞ്ഞുങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാകാനും അവരുടെ സുരക്ഷയെ തന്നെ ബാധിക്കാനും കാരണമാകാറുണ്ട്. പോക്‌സോ നിയമത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.” അഡ്വക്കേറ്റ് സ്വപ്ന പറഞ്ഞു.
പോക്‌സോ നിയമപരിധിയിലെത്തുന്ന കേസുകള്‍ വരെ അതീവ സുരക്ഷാക്രമീകരണങ്ങളോടെയാണ് കോടതി കൈകാര്യം ചെയ്യുന്നതെന്നും രഹസ്യസ്വഭാവമുള്ള വിചാരണസമയത്ത് കുട്ടിയെ പ്രത്യേകം മാറ്റിയിരുത്തിയാണ് വിചാരണ നടത്തുകയെന്നും സ്വപ്ന പറഞ്ഞു. പ്രതിയുമായി കാണാനുള്ള അവസരങ്ങള്‍ പോലും ഉണ്ടാകരുതെന്നാണ് നിയമം പറയുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിയമം അനുശാസിക്കുന്ന സാഹചര്യത്തിലാണ് അവരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ചോര്‍ന്നുപോകുന്ന അവസ്ഥകൂടിയുണ്ടാകുന്നതെന്നു പറഞ്ഞ അഡ്വക്കേറ്റ് അവരുടെ മാനസികസ്ഥിതിയും സമ്മര്‍ദ്ദങ്ങളും നിരീക്ഷിച്ച് ഇത്തരത്തില്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്നാണെന്നും കൂട്ടിച്ചേര്‍ത്തു.
സമ്മര്‍ദ്ദങ്ങളും സ്വാധീനങ്ങളും ഭീഷണികളും കുടുംബത്തിനു കുട്ടിയ്ക്കും നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കാന്‍ സപ്പോര്‍ട്ടീവ് പേഴ്സണെ നിയമിക്കാനാണ് നിയമം പറയുന്നതെന്നും പക്ഷേ അതൊന്നും എവിടെയും നടപ്പായിട്ടില്ലെന്നും പറഞ്ഞ അഡ്വക്കേറ്റ് സ്വപ്ന വെല്‍ഫയര്‍ കമ്മിറ്റിപോലുള്ള അതോറിറ്റികള്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ചൂണ്ടിക്കാട്ടി.
മുഖ്യധാരാ മാധ്യമങ്ങളില്‍ കുട്ടികളുടെ വിവരങ്ങളെത്തുന്നത് തടയാന്‍ സമൂഹത്തില്‍ ഇത്തരം കേസുകളില്‍പ്പെടുന്ന കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്ന രീതിയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും അവബോധ ക്ലാസ്സുകള്‍ സംഘടിപ്പിക്കണമെന്ന പ്രസ്താവനയോട് എങ്ങനെ യോജിക്കാന്‍ കഴിയുമെന്നും സ്വപ്ന ചോദിച്ചു. നിയമം നടപ്പിലാക്കി അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബോധവല്‍ക്കരണം കൊണ്ട് യാതൊരു ഗുണവുമുണ്ടായതായി തോന്നുന്നില്ലെന്നും അവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കുട്ടികളുടെ സ്വകാര്യത ഹനിക്കുന്ന രീതിയില്‍ വിവരങ്ങള്‍ ചോരുന്നതിനെതിരെ നിയമങ്ങള്‍ പോക്‌സോ നിയമത്തില്‍ തന്നെ പ്രതിബാധിക്കുന്നുണ്ടെങ്കിലും അവ കാര്യക്ഷമമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സമൂഹത്തില്‍ മാധ്യമങ്ങള്‍ മാത്രമല്ല മറ്റു പല എജന്‍സികള്‍ വഴിയും കുട്ടികളുടെ വിവരങ്ങള്‍ ചോരാറുണ്ട്. ഇത്തരം ഏജന്‍കള്‍ക്കെതിരെ നിലവിലെ നടപടികള്‍ ശക്തമാക്കണമെന്നും അതോടൊപ്പം സമൂഹത്തിന് അവബോധം നല്‍കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തണമെന്നുമാണ് നിയമജ്ഞരുടെ വാദം.