| Tuesday, 13th September 2022, 10:57 pm

കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവെന്ന മാധ്യമവാര്‍ത്തകള്‍ വ്യാജം; രേഖകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആസാദ് കാശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവില്ല. പരാതിക്കാരന്റെ വാദം കേട്ട ശേഷം ഉത്തരവ് പുറപ്പെടുവിക്കാനായി കേസ് സെപ്റ്റംബര്‍ 14ലേക്ക് മാറ്റുക മാത്രമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് ഇതുസംബന്ധിച്ച കോടതി രേഖകള്‍ പറയുന്നത്.

ഏതൊക്കെ വകുപ്പുപ്രകാരം കേസ് എടുക്കണമെന്നുള്ളത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കേസ് എടുക്കണമെന്നോ ഹരജിക്കാരന്റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നതായോ കോടതി പറഞ്ഞിട്ടില്ല. കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ദല്‍ഹി റോസ് അവന്യൂ അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു എന്നായിരുന്നു മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്റെ ഹരജിയിലെ ആവശ്യം. സുപ്രീം കോടതി അഭിഭാഷകന്‍ ജി.എസ്. മണിയാണ് ജലീലിനെതിരെ പരാതി നല്‍കിയിരുന്നത്.

ആവശ്യം ഉന്നയിച്ച് ദല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്. മണി കോടതിയെ സമീപിച്ചത്.

പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ജമ്മു-കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ചായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണിത്. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തമായി സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നുവെന്നും കെ.ടി. ജലീല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതോടെ ആസാദ് കശ്മീരെന്ന പരാമര്‍ശത്തിലെ ആസാദ് ഡബിള്‍ ഇന്‍വെര്‍ട്ടഡ് കോമയിലാണ് എഴുതിയതെന്ന് പറഞ്ഞ് ജലീല്‍ രംഗത്തെത്തിയിരുന്നു. അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം തോന്നുന്നുവെന്നും ജലീല്‍ മറുപടി കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ കീഴ് വായ്പൂര് പൊലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 153ബി ഐ.പി.സി പ്രകാരമാണ് കേസെടുത്തിരുന്നത്.

CONTENT HIGHLIGHTS: Media reports that the court order to file a case against KT Jaleel are false; Documents are out

We use cookies to give you the best possible experience. Learn more