ന്യൂദല്‍ഹി: കോടതി നടപടികളെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട്
സുപ്രീം കോടതി. ഭരണഘടനാ സ്ഥാപനങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കുറ്റം പറയുന്നതിനേക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിന് എതിരായ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ആര്‍ട്ടിക്കിള്‍ 19 കേവല അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, മാധ്യമങ്ങള്‍ക്കും ഈ അവകാശം നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
കോടതികളുടെ പ്രവര്‍ത്തനം ജനങ്ങളുടെ അവകാശവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്, അതുകൊണ്ടുതന്നെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സാങ്കേതിക വളര്‍ച്ച കാരണം കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളും, മാധ്യമങ്ങളും വഴി യഥാസമയം ജനങ്ങളില്‍ എത്തുന്നുണ്ട്. ഇതില്‍ ആശങ്ക വേണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും തെരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നത് കൈയും കെട്ടി നോക്കി നിന്ന കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും കഴിഞ്ഞ മാസം 26-ന് മദ്രാസ് ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു. കോടതിയുടെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ പശ്ചാത്തലത്തിലാണ് തമിഴ്നാട് ചീഫ് ഇലക്ടര്‍ ഓഫീസര്‍ സത്യബ്രത മാധ്യമങ്ങളെ ഭാഗികമായി വിലക്കണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക