വിഷയത്തില്‍ മായിന്‍ ഹാജിയോട് വിശദീകരണം ചോദിക്കാനോ അദ്ദേഹത്തിനെതിരെ നടപടി എടുക്കാനോ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.
കോഴിക്കോട്: മുസ്‌ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേള വേദിയില്‍ പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി വിലക്കിയ നടപടി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിട്ടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ ലീഗ് നേതൃത്വം.
ഖമറുന്നിസ അന്‍വറിനെ പ്രസംഗിക്കുന്നതില്‍ നിന്നും വിലക്കിയ നടപടി വളരെ പ്രാധാന്യത്തോടെയാണ് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇതുവരെ മുസ്‌ലീം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. വിഷയത്തില്‍ മായിന്‍ ഹാജിയോട് വിശദീകരണം ചോദിക്കാനോ അദ്ദേഹത്തിനെതിരെ നടപടി എടുക്കാനോ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.
വിഷയത്തില്‍ മൗനം പാലിക്കുന്ന നേതൃത്വത്തിനെതിരെ യൂത്ത് ലീഗിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വലിയ അമര്‍ഷമുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴി അവര്‍ അത് പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്‍.ഡി ടിവി, ഇന്ത്യന്‍ എക്‌സ് പ്രസ്, ന്യൂസ് മിനുട്ട്, അമേരിക്കന്‍ ബസാര്‍ ഓണ്‍ലൈന്‍, റൈറ്റ് ആക്ഷന്‍സ് ഡോട്ട് ഇന്‍, ഇന്ത്യ സംവാദ്, തെലുങ്ക് വണ്‍ ഡോട്ട് കോം തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഖമറുന്നിസയ്‌ക്കെതിരായ ലീഗിന്റെ നടപടി വലിയ പ്രധാന്യത്തോടെ വാര്‍ത്തയാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുരുഷമേധാവിത്വം എന്ന തരത്തിലാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുസ്‌ലീം സ്ത്രീയായതിന്റെ പേരിലാണ് മുതിര്‍ന്ന നേതാവായ ഖമറുന്നിസ അന്‍വറിന് സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതെന്നും രാഷ്ട്രീയത്തില്‍ പോലും സ്ത്രീകള്‍ക്ക് വിലക്ക് നേരിടുന്ന ഇന്നത്തെ കാലത്ത് ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം അര്‍ഹിക്കുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.
കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവേദിയില്‍ പ്രസംഗിക്കുന്നതില്‍ നിന്നും ഖമറുന്നിസ അന്‍വറിനെ വിലക്കിയ മായിന്‍ഹാജിയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ത്രീകള്‍ ആണുങ്ങളോട് പ്രസംഗിക്കുന്നത് ചരിത്രത്തിലില്ലാത്തതാണ്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല” എന്നു മായിന്‍ഹാജി ഖമറുന്നിസയോടു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തനിക്കു പ്രസംഗിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന വസ്തുത ഖമറുന്നിസ അന്‍വറും ഡൂള്‍ന്യൂസിനോടു സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ക്കില്ലെന്നും പരാതിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയകളിലും മറ്റും ലീഗിനെതിരെയും മായിന്‍ഹാജിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം സംസ്ഥാന സമ്മേളന വേദിയില്‍ ഖമറുന്നിസ അന്‍വറിനെ പ്രസംഗിക്കുന്നതില്‍ നിന്നും വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച് മായിന്‍ ഹാജിയും രംഗത്തെത്തിയിരുന്നു. പൊതുസമ്മേളനത്തില്‍ സ്ത്രീകള്‍ പ്രസംഗിക്കാറില്ല എന്ന് താന്‍ ഖമറുന്നിസയോടു പറഞ്ഞെന്ന് മായിന്‍ ഹാജി ഡൂള്‍ന്യൂസിനോടു പറഞ്ഞിരുന്നു.
വ്യക്തിപരമായി സംസാരിച്ചതാണെന്നു പറഞ്ഞ് അദ്ദേഹം ഇതിനെ ന്യായീകരിക്കുകയും ചെയ്തു. “യൂത്ത് ലീഗ് സമ്മേളനമാണ് അവിടെ നടന്നത്. ഖമറുന്നിസയൊക്കെ പ്രസംഗിക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കേണ്ടത് ഞാനല്ല. ആ പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി അംഗംപോലുമല്ല ഞാന്‍. ” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
“ഖമറുന്നിസയും ഞാനും സഹപ്രവര്‍ത്തകരാണ്. ഞങ്ങള്‍ പലതും സംസാരിക്കും, അങ്ങനെ സംസാരിക്കുന്നതൊക്കെ എടുത്ത് കൊടുത്താല്‍ പിന്നെ നിവൃത്തിയില്ലല്ലോ” എന്നായിരുന്നു ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
“അവരുമായിട്ടുള്ള സംഭാഷണത്തില്‍ ഞാന്‍ പറഞ്ഞത് മുസ്‌ലിം ലീഗിന്റെ പൊതുസമ്മേളനത്തില്‍ സ്ത്രീകള്‍ പ്രസംഗിക്കാറില്ല എന്നാണ്. സ്ത്രീകള്‍ ആണുങ്ങളുടെ വേദിയില്‍ സംസാരിച്ചിട്ടില്ല എന്നൊന്നും പറയാന്‍ കഴിയില്ല. നൂര്‍ബിന റഷീദ് സംസാരിക്കുമ്പോള്‍ ആ വേദിയിലെ ഫോട്ടോ എടുത്തുനോക്കിയാല്‍ അതില്‍ ഒന്നാമത് കാണാനാകുക എന്നെയാണ്. വനിതാ ലീഗ് സമ്മേളനത്തിനും സ്ത്രീകള്‍ പ്രസംഗിക്കാറുണ്ട്. ” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൊതുസമ്മേളന വേദിയില്‍ പ്രസംഗിക്കുന്നതില്‍ സ്ത്രീകളെ വിലക്കാനുള്ള കാരണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ “മുസ്‌ലിം ലീഗില്‍ അങ്ങനെയാണെന്നും അതിന്റെ കാരണമൊന്നും തനിക്കറിയില്ലെന്നുമായിരുന്നു മായിന്‍ ഹാജിയുടെ പ്രതികരണം.