| Sunday, 30th June 2019, 8:20 pm

യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനിടെ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ പൂട്ടിയിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗിആദിത്യ നാഥിന്റെ മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടതായി ആരോപണം. ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നൊഴിവാക്കി കൊടുക്കാനാണ് നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി പോകുന്നത് വരെ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടെന്നും പുറത്ത് പൊലീസ് കാവല്‍ നിന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. അവസാനം ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് വാതില്‍ തുറന്നു നല്‍കിയത്.

എന്നാല്‍ ആരോപണത്തെ തള്ളിക്കളയുകയാണ് മജിസ്‌ട്രേറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ഡിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയ്‌ക്കൊപ്പം വാര്‍ഡിനുള്ളിലേയ്ക്ക് പോകരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിക്കുകയാണ് ചെയ്തതെന്നും ജില്ലാ മജസിട്രേറ്റ് ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിയ്‌ക്കെതിരെ ട്വീറ്റ് ചെയ്തതിന് യു.പി പൊലീസ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ട സംഭവവും ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ കനോജിയയ്ക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more