| Thursday, 28th June 2018, 2:16 pm

സിനിമയുടെ ആണധികാരത്തോടു കലഹിച്ച് ഇറങ്ങിവന്നവര്‍ക്ക് സ്‌നേഹാഭിവാദ്യം: നടിമാര്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: A.M.M.A.യില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധ നടപടികളില്‍ പരസ്യ പ്രതിഷേധമറിയിച്ച് അംഗത്വം രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഹാഷ്ടാഗ് ക്യാമ്പയിന്‍. സംഘടനാ നേതൃത്വത്തില്‍ അവിശ്വാസവും വിയോജിപ്പും രേഖപ്പെടുത്തിക്കൊണ്ട് ധീരമായി രാജിവച്ച ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളാണ് മാധ്യമലോകത്തു നിന്നുള്ളവര്‍ ഒന്നടങ്കം പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

നടിമാരുടെ തീരുമാനത്തിനുള്ള പിന്തുണയും A.M.M.A. നിലപാടിലുള്ള അതൃപ്തിയും അറിയിച്ചുകൊണ്ടാണ് മലയാള മാധ്യമരംഗം സമൂഹമാധ്യമങ്ങളില്‍ സംഘടിച്ചിരിക്കുന്നത്. #MediaWithTheSurvivor എന്ന ഹാഷ് ടാഗോടുകൂടിയുള്ള ഫേസ്ബുക്ക് കുറിപ്പു പങ്കുവയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍.

സംഘടനയില്‍ നിന്നും പുറത്തുവരാനുള്ള തീരുമാനം ചരിത്രപരമായ ഒന്നാണെന്നും, സിനിമയുടെ ആണധികാരത്തോടു കലഹിച്ച് ഇറങ്ങിവരാനുള്ള തീരുമാനത്തെ മാധ്യമപ്രവര്‍ത്തകരായ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നുമാണ് കുറിപ്പിന്റെ ഉള്ളടക്കം. ഒട്ടും എളുപ്പമല്ലാത്ത ആ രാജി തീരുമാനം അവരെടുത്തിട്ടുണ്ടെങ്കില്‍, അത് നിയമവ്യവസ്ഥയോടും രാഷ്ട്രീയനേതൃത്വങ്ങളോടുമൊപ്പം മാധ്യമങ്ങളോടു കൂടിയുള്ള വിശ്വാസം കൊണ്ടാണെന്നും മാധ്യമപ്രവര്‍ത്തകരുടെ കുറിപ്പില്‍ പറയുന്നുണ്ട്.


Also Read: ആക്രമിക്കപ്പെട്ട നടിയുടെ അവസരം നഷ്ടപ്പെടുത്തിയിട്ടില്ല; പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടല്ലെന്നും ദിലീപ്


ഒരേ കുറിപ്പ് പങ്കുവച്ച് ഷാഹിന നഫീസ, മനീഷ് നാരായണന്‍, ഷാനി പ്രഭാകരന്‍, മനില. സി. മോഹന്‍ തുടങ്ങി മാധ്യമരംഗത്തുനിന്നുള്ള ഒരുപാടു പേരാണ് നടിമാര്‍ക്കൊപ്പം നില്‍ക്കുന്നതായി ഉറപ്പിച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത്. #FreeCinemaFromMafia എന്ന ഹാഷ് ടാഗില്‍ മറ്റൊരു കുറിപ്പും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമയുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള നിയമപരമായ കാര്യങ്ങളെല്ലാം സ്വയമേറ്റെടുത്ത് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പാണിത്.

മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യില്‍ നിന്ന്, നേതൃത്വത്തില്‍ അവിശ്വാസവും വിയോജിപ്പും പരസ്യമായി രേഖപ്പെടുത്തിക്കൊണ്ട് ധീരമായി രാജിവെച്ച ഭാവന, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍.

ലൈംഗികാക്രമണത്തെ അതിജീവിച്ച ആ അഭിനേതാവ് പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നത് സമാനതകളില്ലാത്ത ഉദാഹരണമായാണ്. സ്വന്തം ശരീരത്തിനും ലൈംഗികതയ്ക്കും മനസ്സിനും മേല്‍ ആക്രമണം നടത്തിയവരേയും അതിന് ക്വട്ടേഷന്‍ കൊടുത്തവരേയും അതുകണ്ടുനിന്നവരേയും ആക്രമിച്ചവരെ സംരക്ഷിക്കാന്‍ ശ്രമിച്ചവരേയും ചോദ്യം ചെയ്ത് എ.എം.എം.എ എന്ന സംഘടനയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനം ചരിത്രപരമായ ഒന്നാണ്. സിനിമയുടെ ആണധികാരത്തോട് കലഹിച്ച് പൊതുസമൂഹത്തിലേക്കിറങ്ങി വരാനുള്ള ആ നാല് സ്ത്രീകളുടെ തീരുമാനത്തെ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ബഹുമാനിക്കുന്നു. ഒട്ടും എളുപ്പമല്ലാത്ത, അധികമാര്‍ക്കും എടുക്കാന്‍ കഴിയാത്ത ആ രാജി തീരുമാനം ഭാവനയും റിമയും ഗീതുവും രമ്യയും എടുത്തിട്ടുണ്ടെങ്കില്‍ അത് നിയമവ്യവസ്ഥയോടും രാഷ്ട്രീയ നേതൃത്വങ്ങളോടും മനുഷ്യരോടും മാധ്യമങ്ങളോടുമുള്ള വിശ്വാസം കൊണ്ടാണ്. അവര്‍ മനുഷ്യരോടും നിയമത്തോടും മാധ്യമങ്ങളോടും ജനാധിപത്യത്തോടും പുലര്‍ത്തുന്ന വിശ്വാസം ഞങ്ങളുടെ കൂടി വിശ്വാസമായി ഏറ്റെടുക്കുന്നു. നിരുപാധികം അവര്‍ക്കൊപ്പം നില്‍ക്കുന്നു.

#MediaWithTheSurvivor


Also Read: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കേണ്ട ജസ്റ്റിസ് ഹേമ കമ്മിറ്റി ഇതുവരെ എന്തു ചെയ്തു? 

We use cookies to give you the best possible experience. Learn more