കന്നഡ ലോകത്തെ ജാതിഭീകരതകള്‍
DISCOURSE
കന്നഡ ലോകത്തെ ജാതിഭീകരതകള്‍
ടി കെ പ്രഭാകരകുമാര്‍
Monday, 11th October 2021, 1:54 pm
കര്‍ണാടകയിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി നിര്‍മിച്ച ക്ഷേത്രങ്ങള്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കിയ ബി.ജെ.പി സര്‍ക്കാറിനെതിരെ സമരം നടത്തിയ അവിടുത്തെ സംഘ്പരിവാര്‍ സംഘടനകള്‍ ചില ക്ഷേത്രങ്ങളില്‍ ദളിതരോട് കാണിക്കുന്ന നിന്ദ്യമായ വിവേചനത്തിനെതിരെ ഒന്നും പ്രതികരിച്ചിട്ടില്ല. സവര്‍ണ വിഭാഗങ്ങളോടുള്ള പ്രീണനനയത്തിന്റെ ഭാഗമായുള്ള കുറ്റകരമായ ഈ മൗനത്തിന്റെ പൊരുള്‍ അവിടുത്തെ ദളിത് സമൂഹത്തില്‍ പലരും തിരിച്ചറിയാത്തതും മറ്റൊരു സാമൂഹിക ദുരന്തമാണ്.

കര്‍ണാടകയിലെ ബി.ജെ.പി ഭരണം ആ സംസ്ഥാനത്തെ നയിക്കുന്നത് നൂറ്റാണ്ടുകള്‍ പിറകിലേക്കാണെന്നാണ് അവിടെ നിന്ന് പുറത്തുവരുന്ന ഉച്ചനീചത്വങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. മനുഷ്യനോട് ജാതിയുടെ പേരില്‍ വിവേചനം കാണിക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥ അവിടെ നാള്‍ക്കുനാള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. കര്‍ണാടകയില്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ ദളിത് സമൂഹം നിരന്തരം അപമാനിക്കപ്പെടുകയും ജാതീയ പീഡനങ്ങള്‍ക്ക് ഇരകളായിത്തീരുകയും ചെയ്യുന്നു.

ആദിവാസികളെയും ദളിതരെയും മൃഗങ്ങള്‍ക്കും താഴെ കാണുന്ന സവര്‍ണ സംസ്‌കാരത്തിന്റെ ഭ്രാന്തന്‍ കെട്ടുകാഴ്ചകള്‍ക്ക് നേരെ കര്‍ണാടകയിലെ ബസവരാജ ബൊമ്മെ സര്‍ക്കാര്‍ കുറ്റകരമായ മൗനം അവലംബിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 22ന് ബെംഗളൂരുവിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദളിത് കുടുംബത്തിലെ രണ്ട് വയസ്സുകാരന്‍ പ്രാര്‍ഥിക്കാന്‍ കയറിയതിന് ക്ഷേത്ര അധികാരികള്‍ ആ കുടുംബത്തിന് 23,000 രൂപ പിഴ വിധിച്ച നടപടി മനുഷ്യ കുലത്തിനാകെ അപമാനകരമാണ്.

ദളിത് കുടുംബം ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ വന്നത് തന്നെ വലിയ കുറ്റമായാണ് ക്ഷേത്ര അധികാരികള്‍ കണ്ടത്. രണ്ട് വയസ്സുകാരന്‍ അകത്ത് പ്രവേശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്നും ശുദ്ധികലശം നടത്താന്‍ 23,000 രൂപ ദളിത് കുടുംബം നല്‍കണമെന്നും സവര്‍ണ മാടമ്പിമാര്‍ വിധിക്കുകയായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകമറിയുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തതോടെ ദളിത് കുടുംബം പിഴയടക്കേണ്ടെന്ന നിലപാടില്‍ എത്തി. എന്നാല്‍ ദളിതരുടെ ആത്മാഭിമാനത്തിന് ആഴത്തിലുള്ള മുറിവേല്‍പ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.

ക്ഷേത്രം വ്യത്തിയാക്കുന്ന സെക്യൂരിറ്റി

സവര്‍ണ താത്പര്യങ്ങളുടെ സംരക്ഷകരായ ബി.ജെ.പിയുടെ കൈയിലാണ് ആഭ്യന്തര വകുപ്പെന്നതിനാല്‍ പൊലീസ് കേസെടുക്കാതിരുന്നതില്‍ അത്ഭുതമില്ല. ഒടുവില്‍ സാമൂഹിക ക്ഷേമവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്. ജനരോഷം ശക്തമായതോടെ പൂജാരി അടക്കം അഞ്ച് പേരെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടിയും വന്നു.

നിഷ്‌കളങ്കനായ പിഞ്ചുകുഞ്ഞിനെ പോലും നികൃഷ്ട ജീവിയായി കാണുന്ന പൗരോഹിത്യം ഏത് വിശ്വാസത്തിന്റെ പേരിലായാലും പ്രാകൃതവും മനുഷ്യത്വവിരുദ്ധവുമാണ്. ആദിവാസി-പിന്നാക്ക സമുദായങ്ങളില്‍ ജനിക്കുന്ന കുട്ടികളില്‍ ആത്മനിന്ദയും അപകര്‍ഷതാബോധവും സൃഷ്ടിക്കുന്ന ജീര്‍ണിച്ച ജാതിവ്യവസ്ഥയെ സംരക്ഷിക്കുന്ന ഭരണകൂടവും ഈ നൂറ്റാണ്ടിന് അപമാനകരം തന്നെയാണ്.

കര്‍ണാടകയിലെ പല ക്ഷേത്രങ്ങളുടെയും വിശ്വാസ പ്രമാണങ്ങള്‍ ദളിത് സമൂഹത്തെ അപരവത്കരിക്കാന്‍ ചാതുര്‍വര്‍ണ്യ സിദ്ധാന്തം മെനഞ്ഞെടുത്തതാണ്. ഈ വിശ്വാസങ്ങളുടെ മറവിലാണ് ക്രൂരമായ ജാതിവിവേചനങ്ങള്‍ നടമാടുന്നത്. കര്‍ണാടകയിലെ ചില ക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന അനാചാരം മഡെ സ്നാന എന്നാണ് അറിയപ്പെടുന്നത്. ത്വക് രോഗങ്ങള്‍ ഭേദമാകുമെന്ന വിശ്വാസത്തിന്റെ പേരിലാണ് ബ്രാഹ്മണരുടെ എച്ചിലിലയില്‍ ദളിതരടക്കമുള്ള പിന്നാക്ക ജാതിക്കാര്‍ ഉരുളുന്നത്.

കുക്കേ സുബ്രഹ്മണ്യ, ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രമുള്‍പ്പെടെ കര്‍ണാടകയിലെ വിവിധ ക്ഷേത്രങ്ങളില്‍ മഡെ സ്നാനവും പന്തി ഭോജനവും ആചരിച്ചു വരുന്നു. കര്‍ണാടകയിലെ ഇരുനൂറ്റി അമ്പതോളം ക്ഷേത്രങ്ങളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കും കീഴ്ജാതിക്കാര്‍ക്കും വ്യത്യസ്ത പന്തിയില്‍ ഭക്ഷണം വിളമ്പുന്ന പന്തി ഭോജനം എന്ന ആചാരം ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നു.  ദക്ഷിണ കര്‍ണാടകയിലെ സുള്ള്യ താലൂക്കിലെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ 500 വര്‍ഷമായി തുടരുന്ന ആചാരമാണിത്.

ബ്രാഹ്മണന്റെ എച്ചിലിലയില്‍ നീന്തിയാല്‍ സര്‍വ രോഗങ്ങളും ശമിക്കും എന്നതാണ് ഈ ആചാരത്തിനടിസ്ഥാനം. ആദ്യ കാലങ്ങളില്‍ ഇതുമൂലം ചര്‍മരോഗങ്ങള്‍ മാറുമെന്നും മോക്ഷം ലഭിക്കുമെന്നുമായിരുന്നു വിശ്വാസം. എന്നാല്‍ പിന്നീട് ഇത് കുഷ്ഠം മാത്രമല്ല, ശ്വാസം മുട്ടല്‍, ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങി എല്ലാ രോഗങ്ങളും ശമിപ്പിക്കും എന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടന്നു.

ഹിന്ദു സമൂഹത്തില്‍ ബ്രാഹ്മണ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഈ ആചാരമെന്നതാണ് യാഥാര്‍ഥ്യം. ചതുര്‍ഥി, പഞ്ചമി, ഷഷ്ഠി ദിവസങ്ങളിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഉച്ചക്ക് രണ്ട് മണിയോടെ ബ്രാഹ്മണ കുടുംബങ്ങള്‍ കൂട്ടമായി ക്ഷേത്രത്തിനകത്തു കയറി വാതിലടച്ച് ഇലയിട്ടു സദ്യയുണ്ണുന്നു. ഈ സദ്യ കഴിഞ്ഞ് ബ്രാഹ്മണര്‍ കൈ കഴുകിക്കഴിയുമ്പോള്‍ പുറത്ത് കാത്തുനില്‍ക്കുന്ന ഭക്തര്‍ കൂട്ടമായി ക്ഷേത്രത്തിനകത്തേക്ക് ഓടിക്കയറുന്നു. ഇവര്‍ ഭക്തിയോടെ ബ്രാഹ്മണരുടെ എച്ചിലിലകള്‍ക്കു മുകളില്‍ കിടന്ന് ശയനപ്രദക്ഷിണം നടത്തുന്നു.

മഡെ സ്നാനം

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇത്തരമൊരു ആചാരം സര്‍ക്കാര്‍ പിന്നീട് നിരോധിച്ചെങ്കിലും വിശ്വാസത്തിന്റെ പേരില്‍ എച്ചിലിലയില്‍ ഉരുളുന്ന രീതി ഇതുവരെയും നിലനില്‍ക്കുന്നുണ്ട്. ജാതിയുടെ പേരില്‍ മനുഷ്യരെ തരംതിരിക്കുന്ന ഹീനമായ ഈ സമ്പ്രദായത്തിന് പൂര്‍ണമായി അറുതിവരുത്താന്‍ ഒരു അധികാര കേന്ദ്രത്തിനും നിയമ വ്യവസ്ഥക്കും സാധിക്കുന്നില്ലെന്നത് വേദനാജനകമായ പരമാര്‍ഥമാണ്.

കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദളിതരെ ഹോട്ടലിനകത്ത് കയറ്റാതെ അപമാനിച്ച സംഭവം നടന്നത് കുറച്ച് മുമ്പാണ്. മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഹോട്ടലിനകത്ത് ഭക്ഷണം നല്‍കിയപ്പോള്‍ ദളിതരെ പുറത്തിരുത്തി ഭക്ഷണം നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

ഹിന്ദു സമൂഹത്തില്‍ നമ്പൂതിരി മുതല്‍ നായാടികള്‍ വരെയുള്ളവര്‍ സംഘടിക്കണമെന്നും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ഉദ്‌ബോധിപ്പിക്കുന്ന ബി.ജെ.പിയുടെയും സംഘ്പരിവാര്‍ സംഘടനകളുടെയും പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കളോടുള്ള സ്‌നേഹം കാപട്യമാണെന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഈ രണ്ട് സംഭവങ്ങളും.

ദക്ഷിണ കന്നഡ ജില്ലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ജാതി പീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ ഗോവധ നിരോധന നിയമം കൊണ്ടുവന്നതോടെ മത ന്യൂനപക്ഷങ്ങളെയും ദളിതരെയും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്ക് കന്നുകാലികളെ കൊണ്ടുപോകുന്നവരെ പോലും ജാതിയും മതവും നോക്കി ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുന്നു. കന്നുകാലികളെ കൊണ്ടുപോകുന്നത് ദളിതരും മുസ്‌ലിങ്ങളും ആണെങ്കില്‍ ക്രൂരമായി മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്നു.

ഈയിടെ ദക്ഷിണ കന്നഡ ജില്ലയില്‍ പാലിനായി പശുവിനെ വാങ്ങിക്കൊണ്ടുപോകുകയായിരുന്ന ആളുടെ കൈകാലുകള്‍ ഗോരക്ഷാ സംഘമെന്ന് പറഞ്ഞെത്തിയവര്‍ തല്ലിയൊടിച്ച സംഭവമുണ്ടായി. സമാനമായ നിരവധി സംഭവങ്ങള്‍ ഈ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ക്ക് പൊലീസും കൂട്ടുനില്‍ക്കുകയാണ്. ഗോവധ നിരോധനത്തോടെ വിവിധ ദളിത് വിഭാഗങ്ങളുടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശത്തെയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നത്. കന്നുകാലി വിപണനം മുഖ്യ ജീവിത മാര്‍ഗമാക്കിയിരുന്ന ലക്ഷക്കണക്കിന് ദളിത് കുടുംബങ്ങള്‍ ഇപ്പോള്‍ കടുത്ത ജീവിതപ്രതിസന്ധി നേരിടുകയാണ്.

സവര്‍ണ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലൂടെ സ്വന്തം കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് പോലും ദളിതര്‍ക്ക് വിലക്കാണ്. തങ്ങള്‍ വളര്‍ത്തുന്ന കാലികളെ പോലും മോഷ്ടിച്ച് അറവുശാലയിലേക്ക് കൊണ്ടുപോകുകയാണെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കാറുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ദളിത് കുടുംബങ്ങള്‍ പറയുന്നു. ദളിതരെ പൊതുസ്ഥലങ്ങളിലെ കിണറുകളില്‍ നിന്ന് പോലും വെള്ളമെടുക്കാന്‍ അനുവദിക്കാത്ത നിരവധി ഗ്രാമങ്ങളാണ് കര്‍ണാടകയിലുള്ളത്.

മേല്‍ജാതിക്കാരുടെ വീടിന്റെ പരിസരത്തുപോലും ദളിതരെ കാണാന്‍ പാടില്ലെന്ന ഉഗ്രശാസനയും പലയിടങ്ങളിലുമുണ്ട്. സവര്‍ണ കുടുംബങ്ങളിലെ കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ദളിത് കുട്ടികളെ ഒപ്പമിരുത്താറില്ല. സഹപാഠിയെന്നതു പോയിട്ട് മനുഷ്യനാണെന്ന പരിഗണന പോലും ഇത്തരം കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ഉച്ചഭക്ഷണ സമയത്തും സ്‌കൂളിലെ ഒറ്റപ്പെട്ട കോണിലിരുന്ന് ഭക്ഷണം കഴിക്കാനാണ് ഇവര്‍ക്ക് വിധി.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ ദളിത് യുവാവ് പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും ഗുരുതരമായ അപരാധമായി കാണുന്ന ജാതീയ മനോഭാവം എണ്ണിയാലൊടുങ്ങാത്ത ക്രൂരകൃത്യങ്ങള്‍ക്ക് കാരണമാകുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരഭിമാന കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്.

പ്രണയത്തിന്റെയും വിവാഹത്തിന്റെയും പേരില്‍ ദളിത് യുവാക്കളെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ അവിടെ ഏറെയാണ്. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്ന സംഭവങ്ങളും കുറവല്ല. ദുരാചാരങ്ങളുടെ പേരിലുള്ള ശിശുഹത്യകളും ലൈംഗിക ചൂഷണങ്ങളും സ്ത്രീപീഡനങ്ങളും കര്‍ണാടകയില്‍ വ്യാപകമായിട്ടുണ്ട്.

പല കുഗ്രാമങ്ങളിലും രോഗം വരുന്നവര്‍ ആശുപത്രികളില്‍ ചികിത്സ തേടാതെ ദുര്‍മന്ത്രവാദികളുടെ ഇരകളായി മാറുന്ന സ്ഥിതിയും നിലനില്‍ക്കുന്നു. കെട്ടുറപ്പുള്ള വീടോ മികച്ച ജീവിത സൗകര്യങ്ങളോ ഇല്ലാതെ എല്ലാ മേഖലകളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട് കൊടിയ പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന കര്‍ണാടകയിലെ പരമ ദരിദ്രരായ ദളിത് സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ഒന്നും ചെയ്യാതെ അവര്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്.

കര്‍ണാടകയിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി നിര്‍മിച്ച ക്ഷേത്രങ്ങള്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ചുനീക്കിയ ബി.ജെ.പി സര്‍ക്കാറിനെതിരെ സമരം നടത്തിയ അവിടുത്തെ സംഘ്പരിവാര്‍ സംഘടനകള്‍ ചില ക്ഷേത്രങ്ങളില്‍ ദളിതരോട് കാണിക്കുന്ന നിന്ദ്യമായ വിവേചനത്തിനെതിരെ ഒന്നും പ്രതികരിച്ചിട്ടില്ല. സവര്‍ണ വിഭാഗങ്ങളോടുള്ള പ്രീണനനയത്തിന്റെ ഭാഗമായുള്ള കുറ്റകരമായ ഈ മൗനത്തിന്റെ പൊരുള്‍ അവിടുത്തെ ദളിത് സമൂഹത്തില്‍ പലരും തിരിച്ചറിയാത്തതും മറ്റൊരു സാമൂഹിക ദുരന്തമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Media person T.K Prabhakarakumar writes about recent caste discriminations

ടി കെ പ്രഭാകരകുമാര്‍
മാധ്യമപ്രവര്‍ത്തകന്‍