മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി; ടൗണ്‍ എസ്.ഐക്കെതിരെ കേസെടുത്തു
Daily News
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി; ടൗണ്‍ എസ്.ഐക്കെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2016, 4:55 pm

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ വീണ്ടും ബലമായി കസ്റ്റഡിയിലെടുത്ത കോഴിക്കോട് ടൗണ്‍ എസ്.ഐ പി.എം വിമോദിനെതിരെ കേസെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുത്തത്. എസ്.ഐയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ  വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതായി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ അറിയിച്ചിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത ഡി.എസ്.എന്‍.ജി തിരികെ വാങ്ങാന്‍ സ്‌റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രകോപനപരമായി പോലീസ് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍വെച്ചാണ് സംഭവം. ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയ എസ്.ഐയാണ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, ഡ്രൈവര്‍ പ്രകാശ് എന്നിവരെ കൂടാതെ മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ജയേഷ് രാഘവനേയും കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ഉള്ളിലേക്കു വലിച്ചിട്ടശേഷം പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് പൂട്ടുകയായിരുന്നു. “പോലീസിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് കാണിച്ചുതരാമെന്ന്” എസ്.ഐ വിമോദ് ഭീഷണിപ്പെടുത്തിയതായി മാധ്യമപ്രവര്‍ത്തകന്‍ ബിനുരാജ് പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ബിനുരാജ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ നേരത്തെ ടൗണ്‍ പോലീസ് കോടതിയില്‍ പരിസരത്തുനിന്നും കസ്റ്റഡിയിലെടുത്തിരുന്നു. ഡി.എസ്.എന്‍.ജിയും ക്യാമറയുമടക്കം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ വരുന്നതിനോ, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോ വിലക്കേര്‍പ്പെടുത്തില്ല. ചേംബറിലുള്ള പ്രവേശനം ജഡ്ജിക്ക് തീരുമാനിക്കാമെന്നും രജിസ്ട്രാര്‍ വ്യക്തിമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിലപാട് വ്യക്തമാക്കി രജിസ്ട്രാര്‍ രംഗത്തെത്തിയത്.

അതിനിടെ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കൈയ്യേറ്റ ശ്രമം നടന്നു. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റ ശ്രമം നടന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍വെച്ചാണ് സംഭവം. ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയ എസ്.ഐയാണ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ഡ്രൈവര്‍ പ്രകാശ് എന്നിവരെ കൈയ്യേറ്റം ചെയ്തത്. ഡിഎസ്എന്‍ജി വാഹനം തിരിച്ചെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്.