മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; എസ്.ഐ വിമോദിനെതിരായ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു
Daily News
മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; എസ്.ഐ വിമോദിനെതിരായ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2016, 2:09 pm

binuraj-vimod
കൊച്ചി: കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ കോഴിക്കോട് ടൗണ്‍ എസ്.ഐ ആയിരുന്ന പി.എം വിമോദിനെതിരായ നടപടികള്‍ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്‌റ്റേ.നാലു ദിവസത്തേക്കാണ് സ്‌റ്റേ ഉത്തരവ്.

പി.എം വിമോദ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് കെമാല്‍ പാഷയുടേതാണ് ഉത്തരവ്. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിനും തൊഴില്‍ തടസ്സം വരുത്തിയതിനും രണ്ട് കേസുകളാണ് വിമോദിനെതിരെയുള്ളത്. പരാതിയുടേയും എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് കേസ്.

അതേസമയം മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ നിര്‍ദ്ദേശിച്ചു.ആരേയും മുതലെടുപ്പിന് അനുവദിക്കരുത്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി.എസ് അച്യുതാനന്ദന്‍ ഹര്‍ജി സമര്‍പ്പിക്കാനെത്തിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതും തടഞ്ഞതുമാണ് സംഭവം. സംഭവത്തില്‍ ഏഷ്യനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, ഡ്രൈവര്‍ പ്രകാശ്, മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ജയേഷ് എന്നിവരയൊണ് എസ്.ഐ വിമോദ് കസ്റ്റഡിയിലെടുത്തത്.

ജൂലൈ 30നായിരുന്നു സംഭവം. വിവാദ നടപടികളെ തുടര്‍ന്ന് എസ്.ഐ വിമോദിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും സംഭവത്തില്‍ പൊലീസിന് തെറ്റുപറ്റിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സമ്മതിക്കുകയും ചെയ്തിരുന്നു.