'ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ വെളിച്ചമാകുന്നുണ്ട്, ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ സജീവതയ്ക്ക് സ്വതന്ത്ര മാധ്യമങ്ങള്‍ അനിവാര്യമാണ്'
national news
'ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ വെളിച്ചമാകുന്നുണ്ട്, ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ സജീവതയ്ക്ക് സ്വതന്ത്ര മാധ്യമങ്ങള്‍ അനിവാര്യമാണ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2023, 8:20 pm

ന്യൂദല്‍ഹി: മാധ്യമസ്വാതന്ത്ര്യത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ടാക്കാന്‍ കെല്‍പുള്ള വിധിയാണ് മീഡിയ വണ്‍ ചാനലുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചാനലിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ ശ്രദ്ധിക്കാം.

‘സ്വതന്ത്ര മാധ്യമങ്ങള്‍ ഒരു ജനാധിപത്യ റിപ്പബ്ലിക്കിന്റെ സജീവമായ പ്രവ്രര്‍ത്തനത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ജനാധിപത്യ സമൂഹത്തില്‍ അവയുടെ സ്ഥാനം വളരെ നിര്‍ണായകമാണ്, ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ അവ വെളിച്ചം വിതറുന്നുണ്ട്. സത്യം പറയുക എന്ന ധര്‍മമാണ് മാധ്യമങ്ങള്‍ക്കുള്ളത്. പൗരനു മുന്നില്‍ വസ്തുതകളെ, അതിന്റെ ഗൗരവത്തോടെ അവതരിപ്പിക്കുകയും ജനാധിപത്യത്തെ ശരിയായ ദിശയില്‍ നയിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുന്ന വിധത്തില്‍ അവനെ രൂപപ്പെടുത്തുകയും ചെയ്യുക എന്ന ചുമതല അവയ്ക്കുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നിയന്ത്രണങ്ങള്‍ പൗരന്റെ ചിന്തകളെ ഏകമാന സ്വഭാവത്തിലേക്ക് പരിമിതപ്പെടുത്താം. സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങള്‍ മുതല്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ വരെയുള്‍പ്പെടുന്ന വിവിധങ്ങളായ വിഷയങ്ങളില്‍ ഏകാത്മകമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നത് ജനാധിപത്യത്തിന്റെ അന്തസത്തയെ ഗുരുതരമായി ബാധിക്കും,’ കോടതി അഭിപ്രായപ്പെട്ടു.

‘മീഡിയ വണ്‍ ചാനല്‍ നടത്തിയ സര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശനത്തെ രാജ്യവിരുദ്ധമാണെന്ന് മുദ്രകുത്താന്‍ കഴിയില്ല. അത്തരത്തില്‍ രാജ്യവിരുദ്ധമെന്ന ഒരു പ്രയോഗം നടത്തുന്നതിലൂടെ ഏത് വിഷയങ്ങളിലും മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ പിന്തുണക്കണമെന്ന സന്ദേശമാണ് നല്‍കപ്പെടുന്നത്. മീഡിയ വണ്‍ ചാനലിന് സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയുടെ തീരുമാനം ഭരണഘടനാപരമായ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും പ്രത്യേകിച്ച് പത്രസ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണ്,’ കോടതി പറഞ്ഞു.

ചാനലിന് സുരക്ഷാ ക്ലിയറന്‍സ് നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനനുകൂലമായ കേരള ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

‘സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചതിന്റെ കാരണമെന്താണെന്ന് ഹൈക്കോടതി വെളിപ്പെടുത്തിയിട്ടില്ല. ഫയലുകളില്‍ നിന്ന് പ്രശ്‌നത്തിന്റെ സ്വഭാവവും ആഴവും മനസിലാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന നിരീക്ഷണം നടത്തിക്കഴിഞ്ഞും, സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കുന്നതിനെ നീതീകരിക്കുന്ന വിധത്തില്‍ എന്തു തരം ആലോചനയാണ് കോടതിക്കുണ്ടായിരുന്നത്. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സീല്‍ഡ് കവര്‍ സംവിധാനം പിന്തുടര്‍ന്നതിലൂടെ പരാതിക്കാരുടെ പരിഹാരമാര്‍ഗങ്ങള്‍ക്കുള്ള സാധ്യതകളെയാണ് അടച്ചു കളഞ്ഞത്, അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്, ഭരണഘടനയുടെ ആത്മാവും ഹൃദയവുമാണ്. സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരുന്നതിലൂടെയാണ് ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടത്. സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചതിന്റെ കാരണം വെളിപ്പെടുത്താതിരുന്നതിലൂടെ, അതിനുള്ള കാരണം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതിലൂടെ പരിഹാരമാര്‍ഗങ്ങളിലേക്കെത്താനുള്ള ഹരജിക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണുണ്ടായത്,’ കോടതി വ്യക്തമാക്കി.

Content Highlights: Media one verdict; major observations of supreme court