| Sunday, 23rd May 2021, 4:51 pm

ബ്ലാക്ക് ഫംഗസിനെ കുറിച്ച് മീഡിയ വണ്‍ പ്രോഗ്രാം; ഡോക്ടര്‍ മുഹമ്മദ് സ്വാദിഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ വംശീയവും വര്‍ഗീയവുമായ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രമുഖ നേത്രരോഗ ചികിത്സാ വിദഗ്ധനും അല്‍സലാമ ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ മെഡിക്കല്‍ ഡയറക്ടറുമായ ഡോക്ടര്‍ മുഹമ്മദ് സ്വാദിഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ വംശീയവും വര്‍ഗീയവുമായ ആക്രമണം.

ബ്ലാക്ക് ഫംഗസ് രോഗത്തെ കുറിച്ച് മീഡിയ വണ്‍ ചാനലിന് അനുവദിച്ച പ്രത്യേക പരിപാടിയെകുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വംശീയവും വര്‍ഗീയവുമായ ആക്രമണം ആരംഭിച്ചത്.

മുഹമ്മദ് സ്വാദിഖിന്റെ രൂപം വെച്ചാണ് ഒരുകൂട്ടം ആളുകള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴേയും ചില ഗ്രൂപ്പുകളിലും വംശീയമായി അധിക്ഷേപം ആരംഭിച്ചത്.

സ്വാദിഖിന്റെ താടിയും തലപ്പാവുമാണ് ഇവരെ ചൊടിപ്പിച്ചത്. മുഹമ്മദ് സ്വാദിഖ് മതഭ്രാന്തനാണെന്നും അതിനാലാണ് താടി വളര്‍ത്തി മീശ വടിച്ചതെന്നുമെല്ലാമാണ് കമന്റുകളില്‍ ചിലത്.

എസ്സന്‍സ് ഗ്ലോബല്‍ എന്ന ഗ്രൂപ്പിലും ഡോക്ടര്‍ക്കെതിരെ വംശീയ അക്രമണം രൂക്ഷമാണ്. ഡോക്ടര്‍ക്ക് പറ്റിയ വേഷമല്ല ഇതെന്നും ഡോക്ടര്‍ തീവ്രവാദ സ്വഭാവം ഉള്ളയാളായിരിക്കുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം ഡോക്ടര്‍ക്ക് പിന്തുണയുമായും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഡോക്ടറുടെ രൂപമല്ല നോക്കേണ്ടതെന്നും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമാണോ എന്നാണ് നോക്കേണ്ടതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

കേരളത്തിലെ തന്നെ മികച്ച നേത്രരോഗ വിദഗ്ധനായ ഡോക്ടര്‍ മുഹമ്മദ് സ്വാദിഖ് എം.ബി.ബി.എസ്, ഡി.ഒ, ഡി.എന്‍.ബി, എഫ്.ആര്‍.സി.എസ് എന്നീ ഡിഗ്രികള്‍ നേടിയിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

കൊവിഡ് ബാധയ്ക്ക് പിന്നാലെ ആശങ്കയിലാഴ്ത്തിയാണ് ബ്ലാക്ക് ഫംഗസ് രോഗവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി പേരാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരണപ്പെടുകയോ ശസ്ത്രക്രിയയ്ക്ക് വിധേയരാവുകയോ ചെയ്യേണ്ടി വന്നത്.

ബ്ലാക് ഫംഗസ് രോഗത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാം.

പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടര്‍ന്നാല്‍ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അപൂര്‍വ രോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികള്‍, പ്രമേഹ രോഗികള്‍, എച്ച്.ഐ.വി രോഗികള്‍, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികള്‍ അല്ലെങ്കില്‍ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികള്‍ തുടങ്ങിയവരെയാണ് ബാധിക്കുക.

കൊവിഡ് രോഗം വന്ന് ഭേദമായവര്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് മൂലമുണ്ടാകുന്ന രോഗമാണ് ബ്ലാക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക’

Media One program about black fungus; Racial and communal attacks on Dr. Muhammad Sadiq on social media

We use cookies to give you the best possible experience. Learn more