| Saturday, 12th February 2022, 4:39 pm

ജീവനക്കാര്‍ക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കര്‍മാര്‍ക്കെതിരെ അധിക്ഷേപവും; നിയമനടപടി സ്വീകരിക്കുമെന്ന് മീഡിയ വണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംപ്രേഷണ ലൈസന്‍സ് പുതുക്കി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ പേരില്‍ മീഡിയ വണിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി മാനേജ്മെന്റ് അറിയിച്ചു.

‘കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്. ഈ പഴുതുപയോഗിച്ചാണ് ചാനലിനെതിരെ സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും ചിലര്‍ സംഘടിത പ്രചാരണം നടത്തുന്നത്.

ചില ജീവനക്കാര്‍ക്കെതിരെ വ്യക്തിഹത്യയും വനിതാ ആങ്കര്‍മാര്‍ക്കെതിരെ സ്ത്രീ അധിക്ഷേപവും നടക്കുന്നുണ്ട്. ഇതിനെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും,’ മീഡിയ വണ്‍ മാനേജ്മെന്റ് അറിയിച്ചു.

പാവപ്പെട്ടവര്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താനും തന്റെ സഹപ്രവര്‍ത്തകരും വ്യക്തിപരമായി പോലും സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണം നേരിടുകയാണെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പറഞ്ഞിരുന്നു. എങ്കിലും ഇനിയും ആ കുറ്റം ആവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബഹുജന അവകാശ സംരക്ഷണ സമിതി ആലപ്പുഴയില്‍ സംഘടിപ്പിച്ച മീഡിയ വണ്‍ ഐക്യദാര്‍ഢ്യ സദസില്‍ സംസാരിക്കുകയായിരുന്നു പ്രമോദ് രാമന്‍.

ഈ ദിവസങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ മീഡിയ വണിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിനപ്പുറത്തേക്ക് ദുഷ്പ്രചരണങ്ങളേയുമാണ് മീഡിയ വണ്‍ ഇപ്പോള്‍ നേരിടുന്നെന്നും പ്രമോദ് രാമന്‍ പറഞ്ഞിരുന്നു.

അതേസമയം, മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയത്.

Content Highlights: Media One Management has announced that it has decided to take legal action against the fake propaganda against Chanel and workers 

Latest Stories

We use cookies to give you the best possible experience. Learn more