ന്യൂദല്‍ഹി: ചാനല്‍ വിലക്കിനെതിരെ മീഡിയ വണ്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വിലക്കിനെതിരായ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് ചാനല്‍ സമര്‍പ്പിച്ച ഹരജി ഡിവിഷന്‍ ബെഞ്ചും ഇന്ന് തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ചാനല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സുപ്രീം കോടതിയില്‍ മീഡിയ വണിന്റെ പ്രതീക്ഷ
രാജ്യസുരക്ഷയുടെ കാരണം പറഞ്ഞാണ് മീഡിയ വണിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അതിന്റെ വിശദാംശങ്ങള്‍ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. സീല്‍വെച്ച കവറിലാണ് ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
പെഗാസസ് വിധിയിലെ കേന്ദ്ര സര്‍ക്കാരിനെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശം മുന്‍ നിര്‍ത്തിയായിരിക്കും സുപ്രീം കോടതില്‍ മീഡിയ വണിന്റെ വാദം.
ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സര്‍ക്കാരിന് സൗജന്യം ലഭിക്കില്ലെന്നായിരുന്നു പെഗാസസ് വിഷയത്തില്‍ സുപ്രീം കോടതിയുടെ വിമര്‍ശനം. ദേശസുരക്ഷ എപ്പോഴും ഒരു ഫ്രീപാസാണെന്ന് കരുതരുതെന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞത്.
സുപ്രീം കോടതി വരെയുള്ള നിയമ പോരാട്ടം ഒരു ഭരണഘടനാ ബഞ്ചില്‍ അവസാനിക്കും എന്നും വിലയിരുത്തുന്നുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലുള്ള ഒരു സംവിധാനം നിലവിലില്ല. ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ ഭരണകൂടം ഒരു നടപടിയെടുത്താല്‍ അത് കോടതി വഴി മാത്രമേ ചോദിക്കാനാകൂ. ഇതുസംബന്ധിച്ച ചോദ്യങ്ങളും സുപ്രീം കോടതിയില്‍ ഉണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നത്.
കേസിന്റെ നാള്‍വഴികള്‍
ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ ബെഞ്ച് തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്.
ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നുമാണ് ചാനലിന്റെ വാദം.
ചാനലിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നീക്കമെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചത്.
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായായിട്ടായിരുന്നു ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ ദുഷ്യന്ത് ദാവെയായിരുന്നു മീഡിയവണ്‍ ചാനലിനായി ഹാജരായത്.
കേസില്‍ വാദം പൂര്‍ത്തിയാവും വരെ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായിരുന്നില്ല.
CONTENT HIGHLIGHTS: Media One has filed a case in the Supreme Court against the channel ban