| Monday, 15th May 2023, 3:14 pm

എം.വി. ഗോവിന്ദന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തതില്‍ സൂക്ഷമതക്കുറവുണ്ടായി; ഖേദം പ്രകടിപ്പിച്ച് മീഡിയ വണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ രാഷ്ട്രീയ നിരീക്ഷണം വളച്ചൊടിച്ചെന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മീഡിയ വണ്‍. എം.വി. ഗോവിന്ദന്‍ യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിച്ചത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സൂക്ഷ്മതക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

‘സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്നലെ യുവധാര ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിച്ചത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സൂക്ഷ്മതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

എം.വി.ഗോവിന്ദന്റെ വാക്കുകള്‍ പൂര്‍ണമായി മീഡിയ വണ്‍ ഫേസ്ബുക്ക് പേജില്‍ കൊടുത്തിട്ടുണ്ട്,’ പ്രമോദ് രാമന്‍ പറഞ്ഞു.

ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി എം.വി. ഗോവിന്ദന്‍ സംസാരിച്ചതില്‍ നിന്ന് ‘ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസ്, അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുന്നംപാടും’ എന്ന ന്യൂസ് കാര്‍ഡിനെതിരെയും ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോക്ക് നല്‍കിയ ഡിസ്‌ക്രിപ്ഷനെതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ ഖേദപ്രകടനം നടത്തിയത്.

കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദന്‍ പറഞ്ഞത്

ഞാന്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നില്ല. പക്ഷേ ഞങ്ങളാണ് ഇന്ത്യയിലെ ബി.ജെ.പിയെ തോല്‍പിക്കാന്‍ പോകുന്ന പാര്‍ട്ടി എന്ന അഹന്ത വെച്ചാല്‍ കോണ്‍ഗ്രസ് തോറ്റ് തുന്നം പാടും. നേരെ മറിച്ച് ഓരോ സംസ്ഥാനത്തിലും നോക്കണം.

കേരളത്തില്‍ ഈ മുന്നണി തന്നെ അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചോട്ടെ, പ്രശ്‌നമില്ല. കഴിഞ്ഞ പ്രാവശ്യം നടന്ന അബദ്ധമൊന്നും ഇനി നടക്കില്ല.

ആര്‍ക്കാണോ ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ തോല്‍പിക്കാന്‍ സ്വാധീനമുള്ളത് അവരെ കൂടി ഉപയോഗപ്പെടുത്തി കൊണ്ട് എല്ലാവരെയും ചേര്‍ത്ത് സംയുക്ത രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ ഈ 2024ലെ തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് മാത്രമുള്ള ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും അനിവാര്യമായ ചുമതല എന്ന രീതിയില്‍ തോല്‍പിക്കാനാകും എന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മാറിമാറി അധികാരത്തില്‍ വരികയും പലപ്പോഴും കാല് വാരി അധികാരത്തെ താഴെയിടുകയും പിന്നീട് ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്യുന്ന ചിത്രമാണ് നമ്മള്‍ കണ്ടിട്ടുള്ളത്.

ഇപ്രാവശ്യം അവര്‍ക്ക് സ്വന്തമായി ഭൂരിപക്ഷമുണ്ട്. പക്ഷേ താക്കീതുണ്ട്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സത്യപ്രതിജ്ഞ ചെയ്യപ്പെടുന്ന എം.എല്‍.എമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതിനെ സംബന്ധിച്ചുള്ള നല്ല ഉത്കണ്ഠ നമ്മളേക്കാള്‍ കൂടുതലുള്ളത് കോണ്‍ഗ്രസ് നേതൃത്വത്തിനാണ്.

ഇപ്പോള്‍ ഞാന്‍ മനസിലാക്കിയത്, 17 ഓളം ഹെലികോപ്റ്റര്‍ ഈ എം.എല്‍.എമാരെയെല്ലാം ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് താമസിപ്പിക്കാന്‍ വേണ്ടി ഒരുക്കിവെച്ചിരിക്കുന്നുവെന്നാണ് വാര്‍ത്തകളുള്ളത്. ഗോവ നമ്മള്‍ കണ്ടതാണല്ലോ, പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള എട്ട് പേര്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നു. ഗോവയില്‍ പ്രധാനപ്പെട്ട പ്രബല കക്ഷിയായി കോണ്‍ഗ്രസില്ല.

ഇന്ത്യയില്‍ ബി.ജെ.പിക്ക് ആകെ 38 ശതമാനം വോട്ടാണുള്ളത്. 38 ശതമാനം വോട്ടുള്ള ബി.ജെ.പിക്ക് ഇന്ത്യയില്‍ ഭരണം നേടാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത് ഒറ്റ കാരണം കൊണ്ടാണ്. അത് ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ വിവിധ പാര്‍ട്ടികളിലെ കൂട്ടുകെട്ട് ബി.ജെ.പി വിരുദ്ധമായ തലത്തില്‍ വരുന്നില്ലെന്നതാണ്. ഇതാണ് പ്രധാന പ്രശ്നം.

ഇന്നത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന അപകടം മനസിലാക്കി, ജനാധിപത്യം നേരിടുന്ന വെല്ലുവിളി മനസിലാക്കി ഇന്ത്യയിലെ ഒരു പാര്‍ട്ടിക്ക് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അത് കോണ്‍ഗ്രസിനൊന്നും ഒട്ടും സാധിക്കുന്നതല്ല.

കഴിയുന്ന ഒരേ ഒരു കാര്യം ഓരോ യൂണിറ്റായി ഓരോ സംസ്ഥാനത്തിടുക. ബി.ജെ.പിയെ മാറ്റി നിര്‍ത്തി മതനിരപേക്ഷത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളെയും പൊതു സ്ഥാനാര്‍ത്ഥിയായിട്ടോ പാര്‍ട്ടിയുടെ തന്നെ സ്ഥാനാര്‍ത്ഥിയായിട്ടോ നിര്‍ത്തുക. അവിടെ ഐക്യം പൂര്‍ണമാകുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇന്നത്തെ പരിതസ്ഥിതിയില്‍ എല്ലാം ഐക്യപ്പെടുകയെന്നൊന്നും ഞാന്‍ പറയില്ല.

Content Highlight: Media One expressed regret over the controversy over the distortion of CPIM State Secretary M.V. Govindan’s political observation

We use cookies to give you the best possible experience. Learn more