ആലപ്പുഴ: മീഡിയവണിന്റേത് തുറന്ന പുസ്തകമാണെന്നും ആര്‍ക്കും വേണമെങ്കിലും പരിശോധിക്കാമെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍. പാവപ്പെട്ടവര്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താനും തന്റെ സഹപ്രവര്‍ത്തകരും വ്യക്തിപരമായി പോലും സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണം നേരിടുകയാണെന്ന് അദ്ദഹം പറഞ്ഞു. എങ്കിലും ഇനിയും ആ കുറ്റം ആവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുജന അവകാശ സംരക്ഷണ സമിതി ആലപ്പുഴയില്‍ സംഘടിപ്പിച്ച മീഡിയ വണ്‍ ഐക്യദാര്‍ഢ്യ സദസില്‍ സംസാരിക്കുകയായിരുന്നു പ്രമോദ് രാമന്‍.
ഈ ദിവസങ്ങളില്‍ ഒരുവിഭാഗം ആളുകള്‍ മീഡിയ വണിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിനപ്പുറത്തേക്ക് ദുഷ്പ്രചരണങ്ങളേയുമാണ് മീഡിയ വണ്‍ ഇപ്പോള്‍ നേരിടുന്നെന്നും പ്രമോദ് രാമന്‍ പറഞ്ഞു.
മീഡിയ വണിന്റേത് ഒരു തുറന്ന പുസ്തകമാണ്. ടെലിവിഷന്‍ ചാനലിനെ സംബന്ധിച്ചെടുത്തോളം രഹസ്യമായി അല്ല ഒരു പ്രവര്‍ത്തനവും. എല്ലാ കാര്യങ്ങളും പ്രക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. കോടതിയില്‍ കൊടുത്ത സീല്‍വെച്ച കവറില്‍ ഒന്നും തന്നെ ഇല്ല. മീഡിയ വണിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ കേന്ദ്രം ആ സമയത്ത് തന്നെ നടപടിയെടുക്കണമായിരുവെന്നും പ്രമോദ് രാമന്‍ പറഞ്ഞു.
മുന്‍ മന്ത്രി ജി. സുധാകരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഒമ്പത് വര്‍ഷത്തിനിടയില്‍ മീഡിയവണിനെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും കേന്ദ്രം രാജ്യസുരക്ഷയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ജി. സുധാകരന്‍ പറഞ്ഞു.
അതേസമയം, മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.
ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയത്.