മീഡിയ വണ്‍ വിലക്ക് തുടരും; അപ്പീല്‍ തള്ളി ഹൈക്കോടതി
Kerala
മീഡിയ വണ്‍ വിലക്ക് തുടരും; അപ്പീല്‍ തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd March 2022, 10:51 am

കൊച്ചി: മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് തുടരും. ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ ഉത്തരവ് പറഞ്ഞത്.

മീഡിയ വണ്‍ ചാനല്‍ നല്‍കിയ ഹരജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്.

ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ എന്തൊക്കെ കാരണങ്ങളാലാണ് വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നുമാണ് ചാനലിന്റെ വാദം.

ചാനലിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നീക്കമെന്നും ഹരജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചത്.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവര്‍ കക്ഷികളായായിട്ടായിരുന്നു ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ ദുഷ്യന്ത് ദാവെയായിരുന്നു മീഡിയവണ്‍ ചാനലിനായി ഹാജരായത്.

കേസില്‍ വാദം പൂര്‍ത്തിയാവും വരെ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിക്കാന്‍ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായിരുന്നില്ല.