| Friday, 3rd February 2017, 2:53 pm

ഇ. അഹമ്മദിന്റെ മരണവും ആശുപത്രിയിലെ ഗുണ്ടാരാജും മറച്ചുവെച്ച് മാധ്യമങ്ങള്‍ കാണിച്ചത് ചോദ്യംചെയ്യപ്പെടേണ്ട അനാസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്


കുഴഞ്ഞുവീണയുടന്‍ അഹമ്മദിന് മരണം സംഭവിച്ചു എന്നതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് പിന്നീട് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമുള്ള അവരുടെ ഇടപെടലുകളില്‍ നിന്ന് വ്യക്തമാണ്.


ന്യൂദല്‍ഹി: ഇ.അഹമ്മദിന്റെ മരണവും അതിനെ തുടര്‍ന്ന് ദല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങളും പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാറിന് കൂട്ടുനിന്ന് മാധ്യമങ്ങളും. ജനുവരി 31ന് പകല്‍ 11മണിയോടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പു തന്നെ മരണം ഏതാണ്ട് ഉറപ്പിച്ചിരുന്നുവെങ്കിലും മരണം വിവരം പുറത്തുവിടുന്നത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞുവെച്ചതാണെന്ന് വ്യക്തമായിട്ടും ഇന്ത്യയിലെ മാധ്യമങ്ങളൊന്നും തന്നെ അക്കാര്യം റിപ്പോര്‍ട്ടു ചെയ്യാന്‍ തയ്യാറായില്ല.

അഹമ്മദിന്റെ മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടശേഷം മാത്രമാണ് ആശുപത്രിയില്‍ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ തുറന്നുപറയാന്‍ തുടങ്ങിയത്.


Don”t Miss: ചാനല്‍ ചര്‍ച്ചയ്ക്ക് ചൂടേറിയപ്പോള്‍ ബി.ജെ.പി നേതാവിന്റെ നിയന്ത്രണം വിട്ടു ; അവതാരികയും കാണികളും പ്രതിപക്ഷത്തിന്റെ ആളെന്ന് വിളിച്ച് കൂവി നേതാവ് വീഡിയോ കാണാം


കുഴഞ്ഞുവീണയുടന്‍ അഹമ്മദിന് മരണം സംഭവിച്ചു എന്നതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് പിന്നീട് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമുള്ള അവരുടെ ഇടപെടലുകളില്‍ നിന്ന് വ്യക്തമാണ്.

“ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇ. അഹമ്മദ് സാഹിബ് ഇന്നലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ആണ് അന്തരിച്ചത്. അദ്ദേഹം കുഴഞ്ഞു വീണ ഉടനെ അടുത്തെത്തിയ കോണ്ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞത് അപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ്” അഹമ്മദിന്റെ മരണം നേരത്തെ അറിഞ്ഞിരുന്നു എന്ന് വ്യക്തമാക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ റഷീദുദ്ദീന്‍ അല്‍പ്പറ്റയുടെ കുറിപ്പാണിത്.

മാധ്യമത്തിന്റെ ദല്‍ഹി റിപ്പോര്‍ട്ടറായ ഫസനുല്‍ ബന്ന ഫെബ്രുവരി രണ്ടിന് മാധ്യമം പത്രത്തില്‍ എഴുതിയ കുറിപ്പിലും മരണവിവരം അദ്ദേഹം അറിഞ്ഞിരുന്നു എന്നത് വ്യക്തമാണ്. “ജിതേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് സ്ട്രച്ചറില്‍ പുറത്ത് കടത്തുമ്പോള്‍ ഇ. അഹമ്മദിന്റെ നെഞ്ചിനിടിച്ച് തുടങ്ങിയതാണ്. നാഡിമിടിപ്പ് കുത്തനെ താഴുകയാണെന്ന് കണ്ടതോടെ കൂടെയുണ്ടായിരുന്ന ഷഫീഖ് കലിമ ചൊല്ലിക്കൊടുത്തു തുടങ്ങി. ഏറെക്കുറെ മരണമായെന്ന് കൂട്ടത്തിലെ ഒരു ഡോക്ടര്‍ പറഞ്ഞതോടെ ലീഗ് നേതാവായ ഖുര്‍റം വാവിട്ടു കരഞ്ഞു.” എന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

മരണ വിവരം ഔദ്യോഗികമായി പുറത്തുവിടാത്തതിനാലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്യാതിരുന്നതെന്നു വാദിക്കാമെങ്കിലും ആശുപത്രിയില്‍ അരങ്ങേറിയ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ വൈകിയതിന് മാധ്യമങ്ങള്‍ക്ക് എന്ത് ന്യായമാണ് പറയാന്‍ കഴിയുക.

ആശുപത്രിയില്‍ എത്തിച്ച അഹമ്മദിനെ കാണാന്‍ ലീഗിലെ മുതിര്‍ന്ന നേതാക്കളെപ്പോലും അനുവദിച്ചിരുന്നില്ല. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വരുന്നുണ്ടെന്ന് പറഞ്ഞ് എം.പിമാരെയും ലീഗ് നേതാക്കളെയും മാറ്റിനിര്‍ത്തി മറ്റൊരു മുറിയില്‍ അടച്ചിട്ടെന്നും അതിനുശേഷമാണ് അഹമ്മദിനെ ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയതെന്നുമാണ് മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടു ചെയ്തത്. ഇത്തരമൊരു സംഭവമുണ്ടായിട്ടും ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് തയ്യാറായില്ല എന്ന കാര്യം അവര്‍ വിശദീകരിക്കേണ്ടതുണ്ട്.

മുതിര്‍ന്ന ലീഗ് നേതാവായ ഇ.ടി മുഹമ്മദ് ഉള്‍പ്പെടെയുള്ളവരെ ട്രോമ കെയറിന് പുറത്തുനിര്‍ത്തി “അകത്ത് ആരെയും പ്രവേശിപ്പിക്കില്ല” എന്ന ഒരു നോട്ടീസ് പതിക്കുകയാണ് ചെയ്തത്. ആശുപത്രിയിലെത്തിയ യു.പി.എ അധ്യക്ഷ സോണിയാഗാന്ധി “ആ കിടക്കുന്നത് തീവ്രവാദിയല്ല, ജനപ്രതിനിധിയാണ്” എന്നു പറഞ്ഞുകൊണ്ട് പൊട്ടിത്തെറിച്ചതും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായത് പിറ്റേദിവസമാണ്.

അഹമ്മദിന് മസ്തിഷ്‌ക മരണം സംഭവിച്ചോ എന്നറിയാന്‍ പരിശോധന നടത്താമെന്നു പറഞ്ഞുപോയ ആശുപത്രി സൂപ്രണ്ട് തിരികെയെത്താത്തത് ചോദ്യം ചെയ്ത ഇ.ടി മുഹമ്മദ് ബഷീറിനെയും എം.കെ രാഘവിനെയും മറ്റും ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവവമുണ്ടായി. ദല്‍ഹി പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഇത്തരമൊരു സംഭവം നടന്നതെന്നും പിന്നീട് ഇതേ മാധ്യമപ്രവര്‍ത്തകര്‍ ശരിവെക്കുന്നുണ്ട്.

ഇത്രയേറെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നിട്ടും ആര്‍.എല്‍.വി ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ പൊതുമധ്യത്തില്‍ വെളിവായത് രാത്രി 9.8ന് താരതമ്യേന ജൂനിയറായ തുഫൈല്‍ എന്ന മാധ്യമപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടപ്പോഴാണ്. തുഫൈലിന്റെ സ്റ്റാറ്റസ് വന്നതിനുശേഷം മാത്രമാണ് ചില മാധ്യമങ്ങളെങ്കിലും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങള്‍ക്കും ദല്‍ഹിയില്‍ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടായിരിക്കെയാണ് ഇത്രയേറെ കുറ്റകരമായ അനാസ്ഥ അവരില്‍ നിന്നുണ്ടായത്.

ഏറെ വൈകി ഇക്കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ പറഞ്ഞ ഒരുമാധ്യമപ്രവര്‍ത്തകന്‍ പോസ്റ്റു തുടങ്ങിയത് “ബജറ്റിന്റെ തിരക്കില്‍ പെട്ടുപോയതുകൊണ്ട് ഈ കുറിപ്പ് അല്‍പം വൈകി” എന്ന ന്യായവാദത്തോടെയാണ്. ജനുവരി 31ാം തിയ്യതി ഉച്ചയ്ക്കുശേഷം ആര്‍.എല്‍.വി ആശുപത്രിയില്‍ നടന്ന അങ്ങേയറ്റം ക്രൂരമായ സര്‍ക്കാര്‍ ഇടപെടല്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വൈകിയതിന് അദ്ദേഹം ചൂണ്ടിക്കാട്ടിയ ന്യായം പിറ്റേന്നു നടക്കാനിരിക്കുന്ന ബജറ്റാണ്.

Latest Stories

We use cookies to give you the best possible experience. Learn more