ന്യൂദല്‍ഹി: നോട്ടുനിരോധനത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ എന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് പുറത്തുവിട്ട ഒളി ക്യാമറാ ദൃശ്യങ്ങള്‍ മുക്കി ദേശീയ മാധ്യമങ്ങള്‍. നോട്ട് നിരോധനത്തിന് മുമ്പ് വിദേശത്ത് നിന്നു മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചെന്നായിരുന്നു ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കോണ്‍ഗ്രസ് പറഞ്ഞത്.
കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ദേശീയ മാധ്യമങ്ങളൊന്നും തന്നെ വലിയ തോതില്‍ ഇത് ഏറ്റുപിടിച്ചില്ല.
വാര്‍ത്താസംപ്രേഷണം ടെലികാസ്റ്റ് ചെയ്ത എന്‍.ഡി.ടി.വി ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെ വാര്‍ത്ത മുക്കി മറ്റൊരു റിപ്പോര്‍ട്ടിലേക്ക് പോകുകയാണുണ്ടായത്.
മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന വാര്‍ത്തകളോട് മാധ്യമങ്ങള്‍ അകലം പാലിക്കുന്നതിനെ വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബല്‍ വിമര്‍ശിക്കുന്നുമുണ്ട്.
‘നിങ്ങളുടെ മുതലാളിമാര്‍ ഇത് സംപ്രേഷണം ചെയ്യുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. നിങ്ങളുടെ ടി.വി ഇത് കാണിക്കുമെന്ന്. പക്ഷേ അവര്‍ ചെയ്യില്ല.’
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം എന്ന കോണ്‍ഗ്രസ് ആരോപണത്തിന് ബലം നല്‍കുന്ന ദൃശ്യങ്ങളാണ് കപില്‍ സിബല്‍ പുറത്തുവിട്ടത്.