| Monday, 20th August 2012, 6:50 pm

'സ്ത്രീവിമോചനം' മാധ്യമച്ചന്തയിലെ വില്‍പനച്ചരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എസ്സേയ്‌സ്‌/ഡോ. പി. ഗീത


മറ്റു മൂന്നു താങ്ങുകള്‍ക്കുമില്ലാത്ത സ്ത്രീപക്ഷതയും ജനാധിപത്യരീതിയും സമത്വബോധവും നാലാംതൂണായ മാധ്യമങ്ങള്‍ക്കുണ്ടാവുമെന്നത് സാമാന്യബുദ്ധിയുള്ളവരാരും പ്രതീക്ഷിക്കുന്നില്ല. എഴുതിവെച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ നീതിനിര്‍വ്വഹണം നടത്തുമ്പോള്‍ അലിഖിതമായ പൊതുബോധത്തെയാണ് മാധ്യമങ്ങള്‍ പ്രമാണമാക്കുന്നത്. ഇപ്പറയുന്ന “പൊതുബോധം” എങ്ങനെ രൂപപ്പെട്ടുവെന്നും പ്രവര്‍ത്തിക്കുന്നുവെന്നുമാണ് അപ്പോള്‍ അന്വേഷിക്കേണ്ടിവരിക. പല തലങ്ങള്‍ ഈ അന്വേഷണത്തിനുണ്ട്.[]

നിയമനിര്‍മ്മാണസഭയില്‍ നിന്നുതന്നെയാകാം തുടക്കം. പെണ്ണും ആണുമുള്‍പ്പെടെയുള്ള മുഴുവന്‍ ജനത്തിന്റെയും പ്രതിനിധികളാണ് ആ സഭയിലുള്ളത്. വിവേചനബുദ്ധിയില്ലാതെ എല്ലാവര്‍ക്കും വേണ്ടി ചിന്തിക്കാന്‍ രാഷ്ട്രീയമായി ബാധ്യതപ്പെട്ടവരാണവര്‍. എന്നിട്ടും മറ്റൊരു ബില്ലിന്റെ ചര്‍ച്ചക്കുമില്ലാത്തത്ര കോലാഹലം വനിതാസംവരണബില്ലിനെ കുറിച്ച് ഉണ്ടായതെന്തുകൊണ്ട്? വ്യത്യസ്തരായവര്‍ അധികാരത്തിലേറിയിട്ടും ആ ബില്ല് പാസ്സാക്കിയെടുക്കാന്‍ കഴിയാത്തതെന്തുകൊണ്ട്?

വീട്ടിലെ സ്ത്രീകളെല്ലാം പാര്‍ലമെന്റില്‍ വന്നിരുന്നാല്‍ തങ്ങള്‍ക്കാരാണ് ഇഡ്ഡലിയുണ്ടാക്കിത്തരികയെന്ന ഉത്കണ്ഠ പരസ്യപ്പെടുത്താന്‍ പോലുമുള്ള ധൈര്യം ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ സഭാംഗങ്ങളില്‍ച്ചിലര്‍ക്കുണ്ടായി എന്നതു നിസ്സാരമല്ല. കൂടെ ജീവിക്കുന്ന സ്ത്രീകളെപ്പറ്റി അവര്‍ പുലര്‍ത്തിപ്പോരുന്ന അടിസ്ഥാന സമീപനമാണിത്. പെണ്ണുങ്ങളുടെ പണി വീട്ടിലെ അടുക്കളയിലാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യക്ഷ കാവലാളുകളുടെ ജനാധിപത്യബോധവും സ്ത്രീപക്ഷതയും ഇങ്ങനെയാണ്! അപ്പോള്‍പ്പിന്നെ അവരുണ്ടാക്കുന്ന നിയമങ്ങളുടെ അവസ്ഥയെന്താവും?

ഈ നിയമങ്ങളുടെ സഹായത്തോടെ നീതി നടപ്പാക്കുന്ന ബഹുമാനപ്പെട്ട കോടതികളുടെ കാര്യമെന്താണ്? സ്ത്രീപീഡനകേസുകളുടെ കോടതിവിധികള്‍ ഉദാഹരണമാണ്. കേരളാഹൈക്കോടതിയുടെ 2005ലെ സൂര്യനെല്ലിക്കേസിന്റെ വിധി നോക്കുക. ഇരയുടെ മേല്‍ കുറ്റം ചാര്‍ത്തിക്കൊണ്ട് കോടതി പ്രതികളെ രക്ഷിച്ചു. മിക്കവിധികളുടെയും പൊതുസ്വഭാവമിതാണ്.

മന്ത്രിമാര്‍ മുതല്‍ പ്രാദേശിക ഏജന്റുമാര്‍വരെയുള്ളവരില്‍ പ്രതി ആരായിരുന്നാലും നിയമത്തിന്റെ പഴുതിലുടെ രക്ഷപ്പെടുന്നു. പലരും വിചാരണ ചെയ്യപ്പെടുന്നുപോലുമില്ല. “”തെളിവ് തെളിവ്”” എന്നു വിധികര്‍ത്താക്കള്‍ അലറിവിളിക്കും. കുറ്റകൃത്യം നടക്കാത്തതുകൊണ്ടല്ല, തെളിവുകളില്ലാഞ്ഞിട്ടാണ് ശിക്ഷിക്കപ്പെടാതിരിക്കുന്നത്! ഇതു കൃത്യമായറിയുന്ന നിയമപാലകര്‍ എഫ.ഐ.ആര്‍ തയ്യാറാക്കുമ്പോള്‍ത്തന്നെ “തെളിവുകളെ” മായ്ച്ചുകളയാന്‍ ജാഗ്രത്തായിരിക്കും.

വീട്ടിലെ സ്ത്രീകളെല്ലാം പാര്‍ലമെന്റില്‍ വന്നിരുന്നാല്‍ തങ്ങള്‍ക്കാരാണ് ഇഡ്ഡലിയുണ്ടാക്കിത്തരികയെന്ന ഉത്കണ്ഠ പരസ്യപ്പെടുത്താന്‍ പോലുമുള്ള ധൈര്യം ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ സഭാംഗങ്ങളില്‍ച്ചിലര്‍ക്കുണ്ടായ..

ജനങ്ങള്‍ക്കു നിയമവും വകുപ്പും അറിയില്ലെന്നു പോലീസിനറിയാം. സ്വന്തം അറിവിന്റെ അധികാരം വാദികള്‍ക്കുമേല്‍ പ്രയോഗിക്കാനും അവരെ ഭയപ്പെടുത്താനും വിഡ്ഢികളാക്കാനും പോലീസ്‌സേന സമര്‍ത്ഥമാണ്. പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിക്കുന്ന ചുരുക്കം സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭാവിയെ ചൂണ്ടിക്കാണിച്ച് നിശ്ശബ്ദരാക്കാനും പരാതി ഒത്തുതീര്‍പ്പാക്കാനുമാണ് മിക്കവാറും നിയമപാലകരുടെയും ശ്രമം. പെണ്ണിനെ കാണാനില്ലെങ്കില്‍ “”മാന്‍മിസ്സിങ്ങ്” കേസ് രജിസ്റ്റര്‍ ചെയ്യുന്ന പോലീസ് സ്റ്റേഷനുകളാണ് നമ്മുടേത്.

ഇവ്വിധമുള്ള നാട്ടുനടപ്പുരീതികളുടെ പശ്ചാത്തലത്തിലും പിന്‍ബലത്തിലുമാണ് ഭൂരിപക്ഷം മാധ്യമങ്ങളുടെയും നില. അറിവുകളുടെയും സങ്കേതങ്ങളുടെയും വിസ്‌ഫോടനങ്ങള്‍ മാധ്യമരൂപങ്ങളുടെയും സാധ്യതകളുടെയും വൈവിധ്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അച്ചടിമാധ്യമങ്ങളില്‍നിന്ന് പലയിനം ദൃശ്യമാധ്യമങ്ങളിലേക്കുള്ള മാറ്റം ഇതിന്റെ സൂചനയാണ്. ചാനലുകള്‍, ഇന്റര്‍നെറ്റ് എന്നിങ്ങനെ പോകുന്നു അത്. അവധികളില്ലാത്ത സൈബര്‍വാതിലുകള്‍ വ്യത്യസ്തലോകകാലങ്ങളിലേക്കു തുറക്കപ്പെട്ടിരിക്കുന്നു. മാധ്യമലോകത്തിന്റെ ഈ വികാസം ഏതെങ്കിലും പെണ്ണിന് പ്രതീക്ഷക്ക് വകനല്കുന്നുണ്ടോ?

പലയിടത്തും പെണ്ണ് ദൃശ്യയാണ്. എഴുതുന്ന പെണ്ണ്, വാര്‍ത്തയും പരിപാടിയും അവതരിപ്പിക്കുന്ന പെണ്ണ്, അവതരിപ്പിക്കപ്പെടുന്ന പെണ്ണ് എന്നിങ്ങനെ. എന്നാല്‍ എഴുത്തിന്റെയും അവതരണത്തിന്റെയും തീരുമാനമെടുക്കുന്നത് ആരാണ് എന്നന്വേഷിക്കുമ്പോള്‍ നമുക്കൊരാണില്‍ എത്തിപ്പെടാതിരിക്കാന്‍ സാധിക്കുന്നില്ലല്ലോ.

മാധ്യമങ്ങളുടെ ഉടമസ്ഥതപോലെ, തീരുമാനങ്ങളുടെ കര്‍തൃത്വവും ആണുങ്ങളിലാണ് പൊതുവേ നിക്ഷിപ്തമായിരിക്കുന്നത്. മാനുഷി, സംഘടിത എന്നിവ അപവാദങ്ങള്‍മാത്രമാണ്. പെണ്ണ് എന്തെഴുതണം, എങ്ങനെ കാണപ്പെടണം എന്നു നിശ്ചയിക്കുന്നത് ആണുതന്നെയാണ്. അപ്പോള്‍ വനിതയും ഗൃഹലക്ഷ്മിയും മഹിളാരത്‌നവും ആരാമവും ഉണ്ടാകുന്നു. ഹരിചന്ദനവും ദേവീമാഹാത്മ്യവും മാത്രമല്ല കഥയല്ലിതു ജീവിതവും വെറുതെ അല്ല ഭാര്യയും പോലുള്ള പരമ്പരകള്‍ ജനപ്രിയമാകുന്നു. അതായത് ആണുങ്ങളാല്‍ ആണുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയെടുക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന സംവിധാനവും മാത്രമാണ് മാധ്യമങ്ങളിലെ പെണ്ണ്.

അപ്പോഴവള്‍ നാഗരികമായിരിക്കുമ്പോഴും ഗ്രാമീണയായിരിക്കുന്നു. അണിഞ്ഞൊരുങ്ങിയിരിക്കുമ്പോഴും നഗ്നയായിരിക്കുന്നു. അങ്ങനെ ഒന്നുകില്‍ അവര്‍ക്കു ആണിന്റെ വീടിനുപൊന്‍മണിവിളക്കായി അടുക്കളയില്‍നിന്നു കിടപ്പറയിലേക്കും തിരിച്ചടുക്കളയിലേക്കും ജന്‍മം നടന്നുതീര്‍ക്കാം.

അപ്പോഴവള്‍ നാഗരികമായിരിക്കുമ്പോഴും ഗ്രാമീണയായിരിക്കുന്നു. അണിഞ്ഞൊരുങ്ങിയിരിക്കുമ്പോഴും നഗ്നയായിരിക്കുന്നു. അങ്ങനെ ഒന്നുകില്‍ അവര്‍ക്കു ആണിന്റെ വീടിനുപൊന്‍മണിവിളക്കായി അടുക്കളയില്‍നിന്നു കിടപ്പറയിലേക്കും തിരിച്ചടുക്കളയിലേക്കും ജന്‍മം നടന്നുതീര്‍ക്കാം. അല്ലെങ്കില്‍ ആണിന്റെ അങ്ങാടികളിലെ ഏറ്റവും കൂടുതല്‍ വില കിട്ടുന്ന നീലച്ചിത്രങ്ങളായി സ്വന്തം ശരീരത്തെ അവയവങ്ങളായി ചിതറിക്കാം. എങ്ങനെയായാലും പെണ്ണിന്റെ “വിമോചനം” മാധ്യമച്ചന്തയിലെ ഏറ്റവും ലാഭകരമായ വില്പനച്ചരക്കാകുന്നു.

We use cookies to give you the best possible experience. Learn more