| Sunday, 24th November 2024, 7:54 am

മാധ്യമങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: മാധ്യമങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇന്ന് എല്ലാ മനുഷ്യര്‍ക്കും വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ മാധ്യമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കേരളയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘മാധ്യമ ശക്തി’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്. എല്ലാ ജനങ്ങളും രാഷ്ട്ര നിര്‍മാണത്തിലെ പങ്കാളികളാണെന്നും സാധാരണ ജനങ്ങള്‍ എന്നത് ഒരു തെറ്റായ പ്രയോഗമാണെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

മാധ്യമ ശക്തി എന്നത് ജനങ്ങളുടെ ശക്തിയാണെന്നും ജസ്റ്റിസ് പറഞ്ഞു. ശബ്ദം ഇല്ലാത്തവരുടെ ശബ്ദമാകുക എന്നതാണ് മാധ്യമങ്ങളുടെ ധര്‍മമെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തില്‍ മാധ്യമങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ മറക്കുന്നത് വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കേരളയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

അടുത്തിടെ മാധ്യമങ്ങളെ കോടതിയില്‍ വിലക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാധ്യമങ്ങളുടെ ഭരണഘടനാപരമായ അവകാശം കോടതി ഉത്തരവിലൂടെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 2014 മുതല്‍ ഫയല്‍ ചെയ്ത ഒന്നിലധികം വരുന്ന ഹരജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ തീരുമാനം.

കോടതി റിപ്പോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം. കോടതി റിപ്പോര്‍ട്ടിങ്ങില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജസ്റ്റിസുമാരായഎ.കെ. ജയശങ്കര്‍ നമ്പ്യാര്‍, കൗസര്‍ എടപ്പകത്ത് എന്നിവരടങ്ങിയ ബെഞ്ച് ഈ ആവശ്യം നിഷേധിക്കുകയായിരുന്നു.

അതേസമയം ചില ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നും കുറ്റക്കാരെ കണ്ടെത്തേണ്ടത് കോടതിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Media must act in accordance with constitutional values: Justice Devan Ramachandran

We use cookies to give you the best possible experience. Learn more