| Sunday, 4th November 2018, 10:42 am

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല; സുരക്ഷയൊരുക്കി ഇന്ന് വൈകീട്ടോടെ കടത്തിവിടും: ലോക്‌നാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. മാധ്യമങ്ങള്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ ശബരിമലയിലേയ്ക്ക് കടത്തി വിടുമെന്നും ഡി.ജി.പി പറഞ്ഞു.

“കഴിഞ്ഞ തവണ നട തുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശബരിമലയിലെ സ്ഥിതി വിശേഷം നോക്കി ഇന്നു വൈകീട്ടോടെ മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് കരുതുന്നു. മാധ്യമങ്ങള്‍ക്ക് പോകേണ്ട സ്ഥലങ്ങളില്‍ സുരക്ഷിതമായി പൊലീസ് എത്തിക്കും”- ഡി.ജി.പി പറയുന്നു.


അതേസമയം, ഇന്നു രാവിലെ ഇലവുങ്കല്‍ കവലയില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. മാധ്യമങ്ങള്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയ പൊലീസ് കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ടു കിലോമീറ്റര്‍ മുമ്പ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരുന്നു. ഇവിടെ പൊലീസ് ബാരിക്കേഡും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ മാധ്യമവിലക്ക് ഏര്‍പ്പെടുത്തുന്നത്.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനു ഒത്തുകളിയുണ്ടെന്നും അതാണ് മാധ്യമങ്ങള്‍ക്ക് വിലക്കെര്‍പ്പെടുത്തിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലം. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം അത്യാവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.


അതേസമയം ശബരിമലയില്‍ മാധ്യമവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കെ.യു.ഡബ്ല്യൂ.ജെ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയതായും കെ.യു.ഡബ്ല്യൂ.ജെ അറിയിച്ചു. നിരോധനാജ്ഞയുടെ മറവില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണെന്നും കെ.യു.ഡബ്ല്യൂ.ജെ ആരോപിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more