പൊലീസിനെ ഉപയോഗിച്ചുള്ള മാധ്യമവേട്ട അംഗീകരിക്കാനാവില്ല;ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള അതിക്രമം; സിദ്ധാര്‍ത്ഥ് വരദരാജന്‍
Kerala News
പൊലീസിനെ ഉപയോഗിച്ചുള്ള മാധ്യമവേട്ട അംഗീകരിക്കാനാവില്ല;ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള അതിക്രമം; സിദ്ധാര്‍ത്ഥ് വരദരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2023, 5:48 pm

തിരുവനന്തപുരം: കേരളത്തില്‍ പൊലീസിനെ ഉപയോഗിച്ച് മാധ്യമവേട്ട നടത്തുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്ന് ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ‘മിണ്ടാനാണ് തീരുമാനം’ എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കേസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും തനിക്ക് പൂര്‍ണമായി അറിയില്ലെങ്കിലും റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദി വയറിനെതിരെ യു.പി സര്‍ക്കാര്‍ നാലഞ്ച് ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള ശ്രമങ്ങളെല്ലാം നടത്തുന്നത് ഉപദ്രവിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തിന് ഒരു വാര്‍ത്തയുടെ ഉറവിടത്തെ കുറിച്ച് ചോദിക്കാന്‍ അവകാശമില്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തില്‍ അതിനുള്ള അവകാശം നല്‍കിയിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. പെഗാസസ് കേസില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള അക്രമമാണെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ കേസുകള്‍ എടുക്കുന്നത് മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള അതിക്രമമാണെന്നും അദ്ദേഹം പറഞ്ഞു.

‘റിപ്പോര്‍ട്ടര്‍മാര്‍ അവരുടെ ജോലി ചെയ്യുന്നതിന് അവരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ എടുക്കുകയാണ്. കേരളത്തിലും ഇത്തരത്തിലൊരു കേസുണ്ടായത് നിര്‍ഭാഗ്യകരമാണ്. പൊലീസ് കേസ് പിന്‍വലിക്കണം. ഇത് മാധ്യമസ്വാതന്ത്യത്തിന് നേരെയുള്ള അതിക്രമമാണ്’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെ വാര്‍ത്ത ചെയ്തതിനാല്‍ ക്രിമിനല്‍ കേസെടുക്കാനാകില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.എം.കെ കാലത്ത് തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ 80-90 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കേരളത്തിലും കേസുകള്‍ വരുന്നുണ്ടെന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാജ്യത്തെ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ ഇത്തരത്തില്‍ ഒരു കേസ് വന്നാല്‍ വര്‍ഷങ്ങളോളം മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി കയറി ഇറങ്ങേണ്ടിവരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് അവര്‍ക്കുണ്ടാക്കുന്ന സമ്മര്‍ദം വലുതാണെന്നും അത്തരത്തിലുള്ള കേസുകളെ അംഗീകരിക്കാനാകില്ലെന്നും സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു.

 

Content Highlight: media hunting by police is unacceptable : sidharth varatharajan