| Friday, 9th August 2024, 8:04 pm

പ്രക്ഷേപണ ബില്ലിനെക്കുറിച്ച് അറിയുന്നവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടണം: രവിഷ് കുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷേപണ ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തകരും. ഡിജിറ്റല്‍ മീഡിയകളുടെയും പത്രപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയുന്ന ബില്ലിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരാണ് കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചത്.

ബില്‍ പുനഃപരിശോധിക്കണമെന്നും ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങളുമായും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായും ബില്ലിന്റെ കരട് പകര്‍പ്പ് പങ്കിടണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. സ്വതന്ത്ര വാര്‍ത്താ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനയായ ഡിജിപബ് ആണ് വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രക്ഷേപണ ബില്‍ പരസ്യപ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു വിരോധാഭാസം. കേന്ദ്രം തെരഞ്ഞെടുത്ത ഏതാനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ബില്ലിന്റെ ഉള്ളടക്കം അറിയാന്‍ സാധിച്ചിട്ടുള്ളു. കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

ബില്ലിനെ കുറിച്ച് അറിയാവുന്ന വ്യക്തികളെയും സംഘടനകളെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്ന് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം, ഇത് ഓണ്‍ലൈന്‍ മീഡിയയെ മാത്രമല്ല ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകരെയും ബാധിക്കുമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ സഹസ്ഥാപകനായ അഡ്വക്കേറ്റ് അപര്‍ ഗുപ്ത പറഞ്ഞു.

കേന്ദ്രത്തിന്റെ സമീപകാല നയങ്ങളുടെയും നിയമങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രക്ഷേപണ ബില്ലിനെ പരിശോധിക്കേണ്ടതെന്ന് കാരവന്‍ എഡിറ്ററും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ അനന്ത് നാഥ് പറഞ്ഞു.

കരട് ബില്‍ പ്രകാരം രാജ്യത്തെ മുഴുവന്‍ പ്രക്ഷേപണ മേഖലയെയും ഒരു ഏകീകൃത ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനാണ് മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്റ്റിന് പകരമായാണ് പുതിയ പ്രക്ഷേപണ ബില്‍. പ്രസ്തുത ആക്റ്റിന്റെ പരിധിയിലുള്ള ഓവര്‍-ദി-ടോപ്പ് മീഡിയകളെയും ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്ഫോമുകളെയും ഒറ്റ ചട്ടക്കൂട്ടിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ശ്രമിക്കുന്നത്.

അതേസമയം പ്രക്ഷേപണ ബില്ലിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും വിമര്‍ശനം ഉന്നയിച്ചിരുന്നു.

Content Highlight: Media houses and activists want central government to address concerns related to Broadcasting Bill

We use cookies to give you the best possible experience. Learn more