ഷിനോയ്.ഏ.കെ
കൊച്ചി: “ആ കുളികാണാന്‍ പാലത്തില്‍ ഓടിക്കൂടി; പാലം തകര്‍ന്ന് വീണ് ജനങ്ങള്‍ക്ക് പരിക്ക്!!! ആ കുളികാണാന്‍ ലിങ്ക് ക്ലിക്ക് ചെയ്യു..” മുമ്പ് ഒരു മുഖ്യധാരാ മാധ്യമം നല്‍കിയ തലക്കെട്ടായിരുന്നു. കാണിച്ചതോ ആന കുളിക്കുന്ന ദൃശ്യവും. ഇത്തരം സെന്‍സേഷണലെസ് ചെയ്ത് വാര്‍ത്ത നല്‍കുകയും എന്നാല്‍ യഥാര്‍ത്ഥ വാര്‍ത്തകളെ മുക്കുകയും ചെയ്യുന്ന മാധ്യമ രീതികള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി കൊച്ചിയില്‍ ഏപ്രില്‍ ഒന്നിന് “മീഡിയ ഫൂളിസം” നടക്കും.
“മാധ്യമ വിഡ്ഢിത്തത്തിനെതിരെ ജനജാഗ്രത” എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് മീഡിയഫൂളിസമെന്ന പേരില്‍ പ്രതിഷേധ സംഗമം നടത്തുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. പരിപാടിയില്‍ മാധ്യമ സെന്‍സേഷണലിസത്തിനും വ്യാജവാര്‍ത്തകള്‍ക്കും ഇരയായവരുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
ലോക വിഡ്ഢിദിനമായ ഏപ്രില്‍ 1ന് എറണാകുളം രാജേന്ദ്രമൈതാനത്തിനു സമീപമുള്ള ഗാന്ധിസ്‌ക്വയറില്‍ വൈകിട്ട് മൂന്നു മുതല്‍ ഏഴുവരെയാണ് പരിപാടി. സക്കറിയ, ആഷിക്ക് അബു, ഷഹബാസ് അമന്‍, ശാരദക്കുട്ടി, അന്‍വര്‍ അലി, സെബാസ്റ്റ്യന്‍ കാറ്റാടി തുടങ്ങിയവര്‍ പങ്കെടുക്കും.
മുഖ്യധാരാമാധ്യമങ്ങള്‍ തിരസ്‌ക്കരിച്ച ഇരിക്കല്‍ സമരം നയിക്കുന്ന തൃശ്ശൂര്‍ കല്യാണ്‍സാരീസിലെ സ്ത്രീതൊഴിലാളികള്‍ അവര്‍ക്ക് നേരിടേണ്ടി വന്ന മാധ്യമ തിരസ്‌ക്കാരത്തിന്റെ നേര്‍ചിത്രം അവതരിപ്പിക്കും.
ജനാധിപത്യത്തിന്റെ നലാം തൂണ് എന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഇന്ന് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ പേറുകയാണെന്നും അവര്‍ക്കായി വാര്‍ത്തകളെ വളച്ചൊടിക്കുകയൊ മുക്കുകയോ ആണെന്നും സംഘാടകനായ ലാസര്‍ഷൈന്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
“വാര്‍ത്തകളും വസ്തുതകളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍വ്വോപരി വാര്‍ത്തകള്‍ ജനപക്ഷമായിത്തീരേണ്ടതുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കും അഴിമതി വീരന്മാരായ രാഷ്ട്രീയക്കാര്‍ക്കും അനുകൂലമായ വാര്‍ത്തകള്‍ ജനാധിപത്യത്തെ എങ്ങനെയാണ് സമ്പുഷ്ടമാക്കുന്നത്? അതുകൊണ്ട് തന്നെ ജനപക്ഷ വാര്‍ത്താവതരണത്തിലേയ്ക്ക് മാധ്യമങ്ങള്‍ മാറുന്നതിന് അവരുടെ മേല്‍ ജനങ്ങളുടെ ഒരു സമ്മര്‍ദ്ദവും സ്‌ക്രൂട്ടിനിയും അനിവാര്യമാണ്.” ലാസര്‍ വിശദീകരിച്ചു.
സമരങ്ങള്‍ വിവിധരൂപങ്ങളും ഭാവങ്ങളും ആര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ് ഇരിക്കലും, നില്‍ക്കലും, ചായകുടിക്കല്‍ പോലും സമരമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് വാര്‍ത്തകളെ മുക്കുന്ന മാധ്യമപ്രവര്‍ത്തനം ആരെയാണ് സഹായിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്. ആദിവാസികളും ദളിതരും തൊഴിലാളികളും സമൂഹത്തിന്റെ താഴെക്കിടയിലുള്ള ഏറ്റവും അടിസ്ഥാന ജനവിഭാഗങ്ങളും ജീവിക്കാനുള്ള സമരത്തിലാണ്. ഇത്തരം ജനകീയ മുന്നേറ്റങ്ങളുടെ വാര്‍ത്തകള്‍ മുക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇരിക്കല്‍ സമരം. ഇന്നും പ്രസ്തുത വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ മുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ കൊച്ചിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കപ്പെടുന്നത്.
സോഷ്യല്‍മീഡിയ വഴിയാണ് “മീഡിയ ഫൂളിസ”ത്തിന്റെ കാമ്പയിനിങ്ങുകള്‍ നടക്കുന്നത്. വ്യാജവാര്‍ത്തകള്‍ നല്‍കുന്ന വിധത്തില്‍ മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ് മുതലായ മുഖ്യധാരാ മാധ്യമങ്ങള്‍ക്കെതിരെ “വ്യാജ വാര്‍ത്തകള്‍” പ്രസിദ്ധീകരിച്ചുകൊണ്ടുള്ളതായിരുന്നു കാമ്പയിന്‍. “മനോരമ പൂട്ടുന്നു” എന്ന് വലിയ അക്ഷരത്തിലും “രാത്രി ഷ്ഫ്റ്റ് സമയത്ത് മെയിന്‍ ഗേറ്റ് പൂട്ടുന്നു” എന്ന് ചെറിയ അക്ഷരത്തിലും നല്‍കി ഹാസ്യാത്മകമായാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. സ്വാതി ജോര്‍ജ്, സന്ദീപ് സുരേഷ് കുമാര്‍ എന്നിവര്‍ വ്യാജവാര്‍ത്താ കാമ്പയിന് നേതൃത്വം നല്‍കി.
“പീപ്പിള്‍സ് പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം” എന്ന കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേരളത്തിലുട നീളമുള്ള സോഷ്യല്‍മീഡിയ പ്രവര്‍ത്തകരുടെ വിളബരനടത്തത്തോടെയാകും പരിപാടി ആരംഭിക്കുക എന്നും സംഘാടകര്‍ അറിയിച്ചു.