| Wednesday, 1st April 2015, 11:14 pm

ജനങ്ങളെ വിഡ്ഢികളാക്കുന്ന മാധ്യമ സംസ്‌കാരത്തിനെതിരെ കൊച്ചിയില്‍ ജനജാഗ്രതാ സദസ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജനങ്ങളെ വിഡ്ഢികളാക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങളെക്കുറിച്ച് നിശബ്ദരാവുകയും ചെയ്യുന്ന മാധ്യമ സംസ്‌കാരത്തിനെതിരെ കൊച്ചിയില്‍ മീഡിയാ ഫൂളിസം ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പീപ്പിള്‍സ് പൊളിറ്റിക്കല്‍ പ്ലാറ്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്.

ബുധനാഴ്ച നടന്ന പരിപാടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പി രാജന്‍ ഉദ്ഘാടനം ചെയ്തു.  ഇന്ന് മാധ്യമ പ്രവര്‍ത്തനം എന്നത് കേവലം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ ആണെന്നും അതിനായി പൊതുബോധം എന്ന പേരില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പി. രാജന്‍ പറഞ്ഞു.

“മാധ്യമങ്ങള്‍ ജനപക്ഷത്ത് നില്‍ക്കേണ്ടതിന് പകരം ജനങ്ങളെ വഞ്ചിക്കുകയാണ്. ചെറിയ ചിത്രങ്ങളിലൂടെ പോലും മുഖ്യധാര മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് വാര്‍ത്തകളല്ല. സോഷ്യല്‍ മീഡിയകള്‍ ശക്തമായ സാന്നിധ്യം തന്നെയാണ്, എന്നാല്‍ അവ പോലും സ്വതന്ത്രമാവേണ്ടതുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

സെബാസ്റ്റിയന്‍, അന്‍വര്‍ അലി, ഇരിക്കല്‍ സമര പ്രതിനിധികളായ പത്മിനി, ലിജുകുമാര്‍ കെ.പി, എച്ച് ഷഫീഖ്, ജോളി ചിറയത്ത്, രാഹുല്‍ പശുപാല്‍, പായിപ്ര സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പരിപാടിയില്‍ അഡ്വ. മായാ കൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു. ലാസര്‍ ഷൈന്‍, ഹസ്‌ന ഷാഹിദ എന്നിവര്‍ സംസാരിച്ചു.

“മാധ്യമ മൗനങ്ങളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണു ഇരിക്കല്‍ സമരം. പ്രസ്തുത സമരത്തെ ചെറിയ ചില പ്രാദേശിക വാര്‍ത്തകള്‍ എന്ന രീതിയിലല്ലാതെ ഗൗരവമായി റിപോര്‍ട്ട് ചെയ്യാന്‍ ഇതുവരെയും പ്രിന്റ് മീഡിയ തയ്യാറായിട്ടില്ല. നില്‍പ് സമരം കഴിഞ്ഞാല്‍ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സമരങ്ങളില്‍ പ്രധാനപ്പെട്ട സമരമാണു ഇരിക്കല്‍ സമരം.

ഇത് വെറും ഏഴ് തൊഴിലാളികളുടെ മാത്രം കാര്യത്തിനു വേണ്ടിയുള്ള സമരമല്ല. മറിച്ച് അസംഘടിതമായി പോയതുകൊണ്ട് തന്നെ യാതൊരു അവകാശങ്ങളും, എന്തിനു മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്ന വിവിധ മേഖലകളിലുള്ള പതിനായിരക്കണക്കിനു തൊഴിലാളികളുടെ അവകാശങ്ങളാണു മുന്നോട്ട് വെയ്ക്കുന്നത്.

ഇപ്പോള്‍ സംഘടിക്കാനുള്ള ഭരണഘടനാ മൗലികാവകാശങ്ങള്‍ പ്രയോഗിച്ചു എന്ന കാരണത്താലാണു തൊഴിലാളികളെ കല്യാണ്‍ സരീസ് ട്രാന്‍സ്‌ഫെര്‍ എന്ന പേരില്‍ അക്ഷരാര്‍ഥത്തില്‍ പുറത്താക്കിയിരിക്കുകയാണ്. ഇത്തരം തൊഴിലാളി വിരുദ്ധ മനുഷ്യത്വവിരുദ്ധ സമീപനങ്ങള്‍ ഈ മേഖലയിലെ മുതലാളിമാര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് മാധ്യമങ്ങളെ വിലക്കുവാങ്ങാന്‍ കഴിയുമെന്ന ഹുങ്കും മധ്യമങ്ങളുമായുള്ള ഇവരുടെ അവിശുദ്ധകൂട്ടുകെട്ടുകളുമാണ്. ഇത്തരം മാധ്യമ നയങ്ങള്‍ക്കും കോര്‍പറേറ്റ് വിധേയത്വതിനുമെതിരെയുള്ള പ്രതിരോധ സമരമെന്ന നിലയില്‍ മീഡിയ ഫൂളിസം എന്ന ഈ വേദി ഇരിക്കല്‍ സമരം നടത്തുന്ന ടെക്‌സ്‌റ്റൈല്‍സ് തൊഴിലാളികള്‍ക്ക് ഐക്യദര്‍ഢ്യം പ്രഖ്യാപിക്കുന്നു.” പ്രമേയത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more