ഇക്കാരണങ്ങള്‍കൊണ്ടാണ് കശ്മീരില്‍ നിന്നും വാര്‍ത്തകളില്ലാത്തത്; പ്രതിസന്ധി വിശദീകരിച്ച് ഹഫ്‌പോസ്റ്റ് ഇന്ത്യ
India
ഇക്കാരണങ്ങള്‍കൊണ്ടാണ് കശ്മീരില്‍ നിന്നും വാര്‍ത്തകളില്ലാത്തത്; പ്രതിസന്ധി വിശദീകരിച്ച് ഹഫ്‌പോസ്റ്റ് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 12:57 pm

 

ജമ്മുകശ്മീര്‍: കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വലിയ തടസങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലെത്തിയ അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഹഫിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകന്‍ സഫ്‌വാത് സര്‍ഗാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം നേരിട്ട പ്രതിസന്ധികള്‍ വിശദീകരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് അറിയുന്നതിനു മുമ്പ് കശ്മീരില്‍ സുരക്ഷാ സൈന്യത്തെ വലിയ തോതില്‍ വിന്യസിച്ചതിനു പിന്നാലെ ആഗസ്റ്റ് രണ്ടിനാണ് ഈ വിഷയങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനായി സര്‍ഗാറിനെ ചുമതലപ്പെടുത്തിയത്. കശ്മീരില്‍ സ്വതന്ത്രമായി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പല തടസങ്ങളും നേരിട്ടെന്നാണ് സര്‍ഗാര്‍ പറയുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ആഗസ്റ്റ് അഞ്ചിന് ഉച്ചയോടെ ശ്രീനഗറില്‍ സി.ആര്‍.പി.എഫുകാര്‍ കാരണം പുഴയിലേക്ക് ചാടേണ്ടിവരികയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത അല്‍ത്താഫിന്റെ വസതിയിലെത്താന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് അദ്ദേഹം പറയുന്നത്.

‘ആഗസ്റ്റ് ആറ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് ഈ റിപ്പോര്‍ട്ടര്‍ ശ്രീനഗറിലെ അല്‍ത്താഫിന്റെ വീട്ടിലെത്തുന്നത്. പകല്‍സമയം പലവട്ടം ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു.’ അദ്ദേഹം പറയുന്നു.

സര്‍ക്കാറിനും പൊലീസ് സേനയ്ക്കും ബന്ധമുള്ള അക്രമ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ശ്രീനഗറിലെ ആശുപത്രികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും സെന്‍ഗാര്‍ പറയുന്നു. ‘ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ടാവുമെന്നതിനാല്‍ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയില്ല. മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കരുതെന്ന് ഞങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.’ എന്ന് ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരി സിങ് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി സെന്‍ഗാര്‍ പറയുന്നു.

നിലവിലെ പ്രതിസന്ധിയ്ക്കിടെ എത്ര പൗരന്മാര്‍ക്ക് പരുക്കു പറ്റിയിട്ടുണ്ടെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ആശയവിനിമയ ഉപാധികള്‍ റദ്ദാക്കിയതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ കണ്ടെത്താനും ബുദ്ധിമുട്ടാണെന്ന് സെന്‍ഗാര്‍ വിശദീകരിക്കുന്നു.

കശ്മീരില്‍ മാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളടക്കം വിശദീകരിച്ചുകൊണ്ടുള്ള എഡിറ്ററുടെ കുറിപ്പും സെന്‍ഗാറിന്റെ റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹഫ്‌പോസ്റ്റ് എഡിറ്ററുടെ കുറിപ്പ്:

ജമ്മുകശ്മീരില്‍ വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചുകൊണ്ട് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ അവസ്ഥ റിപ്പോര്‍ട്ടു ചെയ്യുന്നതിനായി 2019 ആഗസ്റ്റ് രണ്ടിന് മാധ്യമപ്രവര്‍ത്തകനായ സഫ്‌വാത് സര്‍ഗാറിനെ ചുമതലപ്പെടുത്തി.

രണ്ടുദിവസത്തിനുശേഷം ഭാരത സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും താഴ്‌വരയിലെ ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഇന്ത്യന്‍ യൂണിയനില്‍ കശ്മീരിനെ ഉള്‍പ്പെടുത്താന്‍ കാരണമായ നിബന്ധകള്‍ ബി.ജെ.പി എടുത്തുമാറ്റയ സാഹചര്യത്തില്‍ കശ്മീരില്‍ നിന്നുയരുന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഉപരോധമെന്ന് ഇതിനകം വെളിപ്പെട്ടിട്ടുണ്ട്.

രണ്ടുദിവസമായി സര്‍ക്കാറും ഒരുവിഭാഗം ഇന്ത്യന്‍ മാധ്യമങ്ങളും സര്‍ക്കാര്‍ തീരുമാനത്തെ ശ്ലാഘിച്ചുകൊണ്ട് പ്രൊപ്പഗണ്ട നടപ്പിലാക്കുകയും കശ്മീരി ജനതയുടെ ശബ്ദം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നത് തടയുകയുമാണ്.

സര്‍ക്കാര്‍ തീരുമാനത്തെ ശ്രീനഗര്‍ ജനത സ്വാഗതം ചെയ്‌തെന്ന് അവകാശപ്പെട്ടുകൊണ്ട് ആഗസ്റ്റ് ആറിന് ഹിന്ദുസ്ഥാന്‍ ടൈംസ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. എന്താണ് അവരുടെ സോഴ്‌സ്? ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍.

ഈ സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് മനുഷ്യര്‍ നല്‍കേണ്ടിവന്ന വിലയെന്താണെന്ന റിപ്പോര്‍ട്ടുകള്‍ സെന്‍ഗാര്‍ ഞങ്ങള്‍ക്ക് അയച്ചു. കശ്മീരില്‍ നിന്നും പുറത്തുവരുന്ന എല്ലാ വാര്‍ത്തകള്‍ക്കും പൂര്‍ണ ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു സംവാദത്തിന് തുടക്കമിടാനാണ് ഞങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. വായനക്കാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഞങ്ങള്‍ സെന്‍ഗാറിന്റെ റിപ്പോര്‍ട്ടിങ്ങിനൊപ്പം നില്‍ക്കുന്നു. ഒപ്പം ഉസൈബ് അല്‍ത്താഫ് എന്ന 17 കാരന്‍ മരിക്കാനുണ്ടായ സാഹജചര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.

അമന്‍ സേതി
എഡിറ്റര്‍ ഇന്‍ ചീഫ്
ഹഫ്‌പോസ്റ്റ് ഇന്ത്യ