| Monday, 29th April 2024, 4:27 pm

ഇ.പി. ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറായി തുടരും, നടന്നത് കള്ളപ്രചാരണം; എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി. ഇ.പി. ജയരാജനെതിരെ നടന്നത് മാധ്യമപ്രചാരവേലയാണെന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ഇ.പിക്കെതിരെ പാര്‍ട്ടി നടപടി എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെയാണ് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത്. വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരോധമാണ് ഇ.പിയെ വ്യക്തിപരമായി ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ഇത്തരം തെറ്റായ നടപടികള്‍ ഫലപ്രധമായി പ്രതിരോധിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നിയമനടപടി സ്വീകരിക്കാന്‍ ഇ.പിയെ തന്നെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദല്ലാൾ നന്ദകുമാറിനെ പോലുള്ള ആളുകളുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തിയതെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചതാണെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്. ജാവദേക്കറെ കണ്ടെന്ന് തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞത് പാര്‍ട്ടിയെ ബാധിക്കില്ല. ഉള്ള കാര്യം ഉള്ളത് പോലെയാണ് ഇ.പി പറഞ്ഞത്. കളവ് തന്നെ പറയണമെന്ന നിലയിലാണ് മാധ്യമങ്ങള്‍ അതിനെ കൈകാര്യം ചെയ്തത്. എതിര്‍ പക്ഷത്തെ ഉള്ളവരെ കാണാന്‍ പാടില്ലെന്നത് എന്ത് നിലപാടാണെന്നും അദ്ദേഹം ചോദിച്ചു. ശോഭ സുരേന്ദ്രന്‍ പറഞ്ഞതെല്ലാം ശുദ്ധ അസബന്ധമാണെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

ഇ.പി ജയരാജനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത്. ജാഗ്രത കാണിക്കണമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

Content Highlight: media campaign against EP jayarajan, will support if legal action is taken; M.V. Govindan

We use cookies to give you the best possible experience. Learn more