ഹൈക്കോടതിയിലെ മാധ്യമ വിലക്കുനീക്കണമെന്ന് ഐ.പി.ഐ
Daily News
ഹൈക്കോടതിയിലെ മാധ്യമ വിലക്കുനീക്കണമെന്ന് ഐ.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2016, 10:22 pm

വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഐ.പി.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കത്തയച്ചു.


കൊച്ചി: കേരള ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കില്‍ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) ഇടപെട്ടു.

വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഐ.പി.ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കത്തയച്ചു. മാധ്യമധര്‍മം നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതികളിലുള്ള വിലക്ക് നീക്കണം. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു തടയാനാവില്ലെന്നും കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയനും അയച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതുമായി ബന്ധപ്പെട്ടു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി റജിസ്ട്രാര്‍ക്കും നോട്ടീസയച്ചു. നിലവിലെ സാഹചര്യത്തെ കുറിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കു തുടര്‍ നടപടികള്‍ സ്വീകരിക്കാനും പ്രസ് കൗണ്‍സില്‍ തീരുമാനിച്ചു.

കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കു പ്രവേശനം നിഷേധിക്കുകയാണെന്നും ഇത് അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളാണ് പ്രസ് കൗണ്‍സിലിനെ സമീപിച്ചത്. ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കയ്യേറ്റവും അദ്ദേഹം പ്രസ് കൗണ്‍സിലിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.