| Wednesday, 26th August 2020, 4:46 pm

സ്വര്‍ണം കടത്താന്‍ രണ്ട് സര്‍ക്കാര്‍ വണ്ടി വിട്ടുകൊടുക്കാനായി പിണറായി വിജയനെഴുതിയ ഫയലാണ് കത്തിപ്പോയതെന്ന് തോന്നുന്നു!

പ്രമോദ് പുഴങ്കര

നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്നൊന്നില്ല. അതൊരു അത്ഭുതവുമല്ല. അതുകൊണ്ടുതന്നെ അര്‍ണാബ് ഗോസ്വാമി പാകിസ്ഥാനെ യുദ്ധത്തിന് വെല്ലുവിളിക്കുമ്പോഴും അര്‍ബന്‍ നക്‌സലുകള്‍ മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് നുണപ്രചാരണം നടത്തുമ്പോഴും അമ്പരപ്പുണ്ടാകാത്തത്. മറിച്ച് ഫാഷിസ്റ്റ് കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ സ്വാഭാവവിശേഷങ്ങള്‍ എന്ന വിശകലനമാണ് അവ ആവശ്യപ്പെടുന്നത്. കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിലും ഇതൊക്കെത്തന്നെയേ വേണ്ടതുള്ളൂ.

വിമോചന സമരക്കാലത്തിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുപാട് മാറി. കൂടുതല്‍ കൂടുതല്‍ അത് പൊതുസ്വീകാര്യത എന്ന ബൂര്‍ഷ്വാ, വലതുപക്ഷ സ്വീകാര്യതക്കായി രാഷ്ട്രീയ നിലപാടുകള്‍ നീട്ടിയും കുറുക്കിയുമിരുന്നു. മൂലധനത്തോടും അതിന്റെ കൊള്ളയോടുമുള്ള എതിര്‍പ്പില്‍ പാടെ മാറ്റം വരുത്തി. വികസന സങ്കല്പത്തില്‍ ‘കൂട്ടുകൃഷി’ ഒരു നാടകമാവുകയും ലുലു മാള്‍ ഒരു യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.

പക്ഷെ, മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള വലതുപക്ഷ മാധ്യമങ്ങള്‍ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധത്തില്‍ മാറ്റമൊന്നും വരുത്തിയില്ല. കാരണം ഇടതുപക്ഷം എന്ന ആശയത്തെ ഇല്ലാതാക്കുക എന്ന അജണ്ടയില്‍ മാറ്റം വന്നിട്ടില്ലല്ലോ. പുന്നപ്ര-വയലാര്‍ വെടിവെപ്പിന് ശേഷം കമ്മ്യൂണിസ്റ്റുകാരുടെ തേങ്ങാ മോഷണമെന്ന് എഴുതിപിടിപ്പിച്ച നസ്രാണി ദീപികയുടെ പാരമ്പര്യം അവര്‍ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത വിധത്തില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യം ഉണ്ടായതിനെക്കുറിച്ചു രോമാഞ്ചമണിയുന്ന വിമോചന സമരകാല മനോരമയുടെ ആവേശം ഇപ്പോഴും കെട്ടിട്ടില്ല. കയ്യൂര്‍-മൊറാഴ-തലശേരി കര്‍ഷക സമരങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ കര്‍ഷകരെ വഴിതെറ്റിക്കുകയാണെന്നും പുന്നപ്ര-വയലാര്‍ സംഭവം കമ്മ്യൂണിസ്റ്റുകളെ നേരത്തെ അടിച്ചമര്‍ത്താത്ത ദിവാന്റെ കഴിവുകേടാണെന്നും പറഞ്ഞ മാതൃഭൂമിയുടെ അഹിംസാവാദവും ഇപ്പോഴും അരോഗമാണ്. അതുകൊണ്ട് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം ആര്‍ക്കും അത്ഭുതമോ അമ്പരപ്പോ ഉണ്ടാക്കേണ്ടതില്ല.

തലസ്ഥാനത്തിനു തീപിടിച്ചെന്ന സംഭ്രമജനകമായ തലക്കെട്ടാണ് മാതൃഭൂമിക്ക്. ആകട്ടെ. ഇന്നലെ മാതൃഭൂമി ടി.വിയില്‍ അവതാരകന്‍ ആമുഖ പ്രസംഗത്തില്‍ അലറുകയാണ്, ആരുടെ തറവാട്ട് സ്വത്താണ് സെക്രട്ടേറിയറ്റെന്ന്. കത്തിച്ചതുതന്നെ എന്നുറപ്പാക്കിയാണ് ചര്‍ച്ച തുടങ്ങുന്നത്. അവതാരകരുടെ രാഷ്ട്രീയ പ്രസംഗമാണ് ചര്‍ച്ച എന്ന് ധരിക്കുന്ന ലോകത്തിലെത്തന്നെ അപൂര്‍വം മാധ്യമത്തൊഴിലാളികളുള്ള പ്രദേശമാണ് കേരളം.

ഒരു രാഷ്ട്രീയ സമരത്തിന് സെക്രട്ടേറിയേറ്റില്‍ തള്ളിക്കയറുന്നതില്‍ ഒരു തെറ്റുമില്ല. അനീതി നിറഞ്ഞ ഒരു സമൂഹത്തില്‍ സമരങ്ങള്‍ക്ക് മാത്രമായി ശാന്തമാകാനുമാകില്ല. പക്ഷെ സമരനാടകങ്ങള്‍ക്ക് വേണ്ടിയുള്ള വ്യാജക്ഷോഭങ്ങള്‍ മനസിലാക്കിയേ മതിയാകൂ.

സെക്രട്ടേറിയറ്റിലെ തീപിടിച്ച ഭാഗത്തേക്ക് തങ്ങളുടെ തൊഴിലെടുക്കാന്‍ അകത്തുകടത്തിയില്ല എന്നാണ് ആക്ഷേപം. ഒരു അപകട സ്ഥലത്ത്, അത് തീപിടിത്തമാണെങ്കില്‍ അഗ്‌നിശമന സേനയും മറ്റു സുരക്ഷാ വിഭാഗങ്ങളുമാണ് ആദ്യമെത്തേണ്ടത്. അവര്‍ ആ അപകടത്തെ നിര്‍വ്വീര്യമാക്കിയതിനു ശേഷമേ മറ്റുള്ളവര്‍ക്ക് പോകാനാവൂ. ഇത് തീപിടിത്തമുണ്ടാകുന്ന ഏതു സ്ഥലത്തുമുള്ള സാധാരണ safety protocol ആണ്. തീപിടിത്തത്തിന്റെ സ്രോതസും വ്യാപ്തിയും അറിയാത്തിടത്തോളം സംഭവസ്ഥലത്തേക്ക് വിദഗ്ധരല്ലാത്തവര്‍ കടക്കുന്നത് കൂടുതല്‍ ആളപായത്തിനു സാധ്യതയുണ്ടാക്കും. നമ്മുടെയറിവില്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ വൈദഗ്ധ്യമുള്ളവരല്ല സുരേന്ദ്രനും രാജേഷുമൊന്നും.

ഇനി ഇതൊരു ആസൂത്രിത തീവെപ്പാണെന്ന് കരുതുക. അപ്പോഴും Crime Scene ആന കയറിയ കരിമ്പിന്‍ തോട്ടം പോലെ ചവിട്ടിമെതിക്കാതെ cordon off ചെയ്യുക എന്നതാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്. നമ്മുടെ കുറ്റാന്വേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പലപ്പോഴും ഇതാണ്. കുറ്റകൃത്യത്തിനെക്കുറിച്ച് സൂചന നല്‍കുന്ന തെളിവുകളെല്ലാം പറഞ്ഞേല്‍പ്പിച്ചപോലെ വന്നു തിക്കും തിരക്കും കൂട്ടുന്ന ആള്‍ക്കൂട്ടം ഇല്ലാതാക്കാറുണ്ട്. അതൊരു തീപ്പെട്ടിക്കൊള്ളിയായാലും മണ്ണെണ്ണ പടര്‍ന്ന കടലാസായാലും ഒരു സിഗരറ്റ് ലൈറ്റര്‍ ആയാലും നിര്‍ണായകമാണ്. പക്ഷെ ഏറ്റവുമാദ്യം തീവെച്ചേ എന്നാര്‍പ്പുവിളിക്കാന്‍ തിരക്കുകൂട്ടിയ മധ്യപ്രവര്‍ത്തകര്‍ പറയുന്നത് തങ്ങളെ തൊഴിലെടുക്കാന്‍ അനുവദിക്കുന്നില്ല എന്നാണ്. ആ തൊഴിലിനെക്കുറിച്ചുള്ള അസാമാന്യമായ തെറ്റിദ്ധാരണയും മറ്റു ചില കുത്സിത ധാരണകളും ഉള്ളതുകൊണ്ടാണ് ഇത്തരം ആവേശം.

രാത്രി എട്ടു മണി ആയപ്പോഴേക്കും തീവെച്ചത് സര്‍ക്കാരാണ് എന്ന തീര്‍പ്പിലേക്ക് ഏതാണ് എന്ത് തെളിവാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്? സെക്രട്ടറിയേറ്റില്‍ ഇന്നയിന്ന സ്ഥലത്താണ് NIA ആവശ്യപ്പെട്ട ഫയലുകള്‍ ഇരിക്കുന്നത് എന്നറിയണമെങ്കില്‍ NIA എന്തൊക്കെ ഫയലുകളാണ് ആവശ്യപ്പെട്ടത് എന്നെങ്കിലും അറിയണം. അതായത് സര്‍ക്കാരും NIA യുമായുള്ള ഈ വിഷയത്തിലെ ആശയവിനിമയരേഖകള്‍ മാധ്യമങ്ങളുടെ പക്കല്‍ കാണണം. അത് വെളിപ്പെടുത്തേണ്ടെ മാധ്യമങ്ങള്‍. പക്ഷെ വിമോചനസമര പോരാളികള്‍ക്ക് ദൈവാനുഗ്രഹം മാത്രം മതി.

എല്ലാ രേഖകളും കത്തിപ്പോയെന്നാണ്. അതായത് സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ജലീല്‍ അങ്ങനെ എല്ലാ രേഖകളും കത്തിപ്പോയെന്നാണ്. ഇതെന്താണ് ഹേ, സെക്രട്ടേറിയറ്റിലെ ‘A’ നിലവറയോ? വാസ്തവത്തില്‍ പ്രശ്‌നം ഉയരേണ്ടത് NIA അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ ഈ രേഖ തീപിടിത്തത്തില്‍ കത്തിപ്പോയി എന്ന് മറുപടി നല്‍കുമ്പോഴാണ്. അത്തരമൊരു മറുപടി ഉണ്ടാകും വരെ അന്വേഷണം തടസപ്പെട്ടു എന്ന വാദം എങ്ങനെയാണ് നിലനില്‍ക്കുക?

ഫയല്‍ കുറിപ്പുകള്‍ നഷ്ടപ്പെട്ടു എന്നാണ് വേദന. ഹാ! സ്വര്‍ണം കടത്താന്‍ സര്‍ക്കാരിന്റെ രണ്ടു വണ്ടി വിട്ടുകൊടുക്കുന്നതിനുള്ള ജലീലിന്റെ ആവശ്യം വേഗത്തില്‍ നടത്തണം എന്ന് പിണറായി വിജയന്‍ എഴുതിയ ആ ഫയല്‍ കുറിപ്പ്, ശരിയാണ് വലിയ നഷ്ടം തന്നെയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍

We use cookies to give you the best possible experience. Learn more