വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗ്യ ജോഡികളായ വിജയ്‌യും സിമ്രാനും ഒരുമിക്കുന്നു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലേക്ക് സിമ്രാന്‍ നായികയായി എത്തിയേക്കും എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യം ഈ കഥാപാത്രം നടി ജ്യോതിക ചെയുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ജ്യോതികയെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഉദ്യമങ്ങള്‍ പരാജയപ്പെട്ടുവെന്നും പകരമാണ് തൊണ്ണൂറുകളിലേയും രണ്ടായിരങ്ങളിലേയും വിജയ്‌യുടെ ഹിറ്റ് ജോഡിയായ സിമ്രാനെ സമീപിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വിജയ്യും സിമ്രാനും ഇതുവരെ ആറ് സിനിമകളിലാണ് ഒരുമിച്ച് അഭിനയിച്ചത്. നേര്‍ക്കുനേര്‍, വണ്‍സ് മോര്‍, തുള്ളാത മനവും തുള്ളും, യൂത്ത്, ഉദയ, പ്രിയമാനവളേ എന്നീ സിനിമകളിലാണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ചത്. തമിഴില്‍ തന്നെ ഒരുപാട് മുന്‍നിര താരങ്ങളോടൊപ്പം സിമ്രാന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിജയ്‌യാണ് തന്റെ ഇഷ്ടതാരമെന്ന് നടി മുമ്പ് പറഞ്ഞിട്ടുണ്ട്.
അതേസമയം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വെങ്കട് പ്രഭുവിന്റെ ദളപതി 68. വമ്പന്‍ താരനിര അണിനിരക്കുമെന്ന് കരുതുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷനാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചിത്രത്തില്‍ വിജയ്യുടെ സഹോദരനായി വേഷമിടുക ജയ് ആയിരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലിയോ ആണ് വിജയ്യുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യുടെ പഴയ ഹിറ്റ് ജോഡിയായ തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. ഗോകുലം മൂവീസാണ് ലിയോ കേരളത്തില്‍ വിതരണം ചെയ്യുന്നത്.
Content Highlight: media are reporting that Simran may play the heroine in Vijay’s film directed by Venkat Prabhu