മുംബൈ: ശബരിമല യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരായ സമരം പോലുള്ള സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടലാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍.
“ശബരിമല വിഷയത്തില്‍ സ്ത്രീകളുടെ കൂടെ നിന്നതിന് ഞങ്ങള്‍ കേരള സര്‍ക്കാറിനെ സല്യൂട്ട് ചെയ്യുന്നു. ഇതൊരു പോരാട്ടമാണ്. ആചാരങ്ങളും ഭരണഘടനയിലൂന്നിയ നിയമത്തിലധിഷ്ഠിതമായ നീതിയും തമ്മിലുള്ള പോരാട്ടം.” മേധ പറഞ്ഞു.
ആചാരങ്ങളെ ബഹുമാനിക്കുന്നു എന്നാല്‍ ആചാരങ്ങള്‍ അനീതിയാവരുതെന്നും അവര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണത്തിനെന്ന പേരിലുള്ള സമരങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും മേധ ചൂണ്ടിക്കാട്ടി. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും അവര്‍ വ്യക്തമാക്കി.
“കോണ്‍ഗ്രസ് കുറഞ്ഞത് ഇത്തരം കാര്യങ്ങള്‍ പിന്തുണയ്ക്കാതിരിക്കുകയെങ്കിലും ചെയ്യണം. ഇല്ലെങ്കില്‍ അവര്‍ കേരളത്തില്‍ സ്വന്തം കുഴി തോണ്ടുകയാണ്.” മേധ വ്യക്തമാക്കി.