ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ സാമൂഹിക പ്രവര്‍ത്തകയും നര്‍മദാ ബച്ചാവോ ആന്ദോളന്‍ നേതാവുമായ മേധാ പട്കറിന് തടവുശിക്ഷ. മേധാ പട്കറിന് അഞ്ച് മാസത്തെ തടവുശിക്ഷയാണ് വിധിച്ചത്. ദല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി.
ദല്‍ഹി സാകേത് കോടതിയുടേതാണ് നടപടി. തടവുശിക്ഷയ്ക്ക് പുറമെ സക്‌സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മയാണ് കേസ് പരിഗണിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ച വിധിക്കെതിരെ, അപ്പീല്‍ നല്‍കാന്‍ മേധാ പട്കറിന് കോടതി അനുമതി നല്‍കുകയും ചെയ്തു.
നേരത്തെ ജാമ്യത്തില്‍ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് മേധാ പട്കര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ തള്ളിയ കോടതി, പ്രായം കണക്കിലെടുത്ത് മേധക്കെതിരെ വലിയ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി.
ഒരു ടി.വി ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരെമേധാ പട്കര്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് വി.കെ. സക്‌സേന മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നത്. സക്സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്താക്കുറിപ്പ് ഇറക്കിയെന്നായിരുന്നു പരാതി. മാനനഷ്ട കേസില്‍ 2001 മുതല്‍ ഇരുവരും നിയമപോരാട്ടത്തിലാണ്.
2000 നവംബര്‍ 25ന് ‘ദേശസ്നേഹിയുടെ യഥാര്‍ത്ഥ മുഖം’ എന്ന തലക്കെട്ടില്‍ എഴുതിയ പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സക്സേനയുടെ പരാതി.സക്സേന ഭീരുവാണെന്നും രാജ്യസ്‌നേഹിയല്ലെന്നും പട്കര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഹവാല ഇടപാടില്‍ പങ്കാളിയാണെന്നും മേധാ പട്കര്‍ സക്‌സേനക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
പരാതിപ്പെടുമ്പോള്‍ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു വി.കെ. സക്‌സേന. അതേസമയം തനിക്കും നര്‍മദാ ബച്ചാവോ ആന്ദോളനുമെതിരെ പരസ്യം നല്‍കിയതിന് മേധാ പട്കര്‍ സക്സേനക്കെതിരെയും കേസ് നല്‍കിയിരുന്നു.
Content Highlight: Medha Patkar sentenced to five months in jail and fined Rs 10 lakh in defamation case