ഇന്‍ഡോര്‍: സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനു വേണ്ടി നിരാഹാര സമരമിരിക്കുന്ന നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാ പട്കറുടെ ആരോഗ്യനില വഷളായതായി സമരസമിതി പ്രവര്‍ത്തകര്‍. കഴിഞ്ഞ എട്ട് ദിവസമായി മേധാ പട്കര്‍ നിരാഹാര സമത്തിലാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ മേധാപട്കറുടെ ആരോഗ്യനിലയെപറ്റി അറിയിയില്ലെന്നും പരിശോധനയ്ക്കായി ഡോക്ടര്‍മാരെ കാണാന്‍ അവര്‍ അനുവദിക്കില്ലെന്നുമാണ് ജില്ലാ ഭരണകൂടം പ്രതികരിച്ചത്.
” മേധാ പട്കറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കഴിയില്ല. കാരണം അവര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ സംഘത്തേയോ സമരപന്തലിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ”- ജില്ലാ കളക്ടര്‍ അമിത് ടോമര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനായി താന്‍ എല്ലാ ദിവസവും മെഡിക്കല്‍ സംഘത്തെ അവിടേക്ക് അയക്കാറുണ്ടെന്നും എന്നാല്‍ പരിശോധനയ്ക്ക് അവര്‍ തയ്യറാകാറില്ലെന്നുമാണ് കളക്ടറുടെ വിശദീകരണം.
നര്‍മദ നദിയുടെ ജലനിരപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ പ്രതിഷേധം നടക്കുന്ന പ്രദേശം സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കാച്ച്മന്റ് ഏരിയ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകളെ പ്രളയം ബാധിച്ചിരുന്നു. ഇവര്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കണമെന്നും പുനരധിവാസം പൂര്‍ത്തിയാകുംവരെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് 25 നാണ് മേധാ പട്കര്‍ നിരാഹാരസമരം ആരംഭിച്ചത്.
പത്തോളം ഗ്രാമവാസികളും ബര്‍വാനി ജില്ലയിലെ ഛോട്ടാ ബര്‍ദയിലെ സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്.
സര്‍ദാര്‍ സരോവര്‍ പ്രോജക്ടിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിലുള്ള ക്രമക്കേടുകള്‍ക്കെതിരെ 12 ദിവസം നിരാഹാരം നടത്തിയ മേധാ പട്കറിനെ ആഗസ്റ്റ് ഏഴിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.