Daily News
കിടപ്പാടം ഭീഷണിയിലെന്ന് 40,000 കുടുംബങ്ങള്‍; സര്‍ദാര്‍ സരോവര്‍ ഡാം നാടിന് സമര്‍പ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 18, 02:38 am
Monday, 18th September 2017, 8:08 am

ഭോപ്പാല്‍: തന്റെ ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കൊട്ടിഘോഷിച്ചാണ് സര്‍ദാര്‍ സരോവര്‍ ഡാം നാടിന് സമര്‍പ്പിച്ചത്. എന്നാല്‍ ഗുജറാത്തില്‍ മോദിയുടെ ഉദ്ഘാടന മഹാമഹം നടക്കുമ്പോള്‍ മധ്യപ്രദേശില്‍ ഒരു ജനതയൊന്നാകെ മേധ പട്കറുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിലായിരുന്നു.


Also Read: ‘അടിത്തറ ഇളകും’; മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ


ജലത്തില്‍ നഗ്നപാദരായി നിന്നായിരുന്നു ഇവരുടെ പ്രതിഷേധം. അണക്കെട്ട് 40,000 ത്തോളം കുടുംബങ്ങളെ ഭവനരഹിതരാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു ജനതയൊന്നാകെ സമരരംഗത്ത് ഇറങ്ങിയത്. അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു തുടങ്ങിയാല്‍ മധ്യപ്രദേശിലെ ധര്‍ ജില്ലയിലെ ബര്‍ദയിലെ വീടുകളെല്ലാം ജലത്തിനടിയിലാകും.

തങ്ങളുടെ പ്രതിഷേധം അധികാരികളെ അറിയിക്കാന്‍ ജലസത്യാഗ്രഹമാണ് ഗ്രാമവാസികള്‍ തെരഞ്ഞെടുത്തത്. നര്‍മ്മദ നദിയില്‍ അരയോളം വെള്ളത്തില്‍ ഇറങ്ങി നിന്നായിരുന്നു ഇവരുടെ പ്രതിഷേധം. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച പ്രതിഷേധം ഇന്നലെ വൈകീട്ടോടെയാണ് ഇവര്‍ അവസാനിപ്പിച്ചത്.


Dont Miss: ആദ്യം മാലിന്യങ്ങള്‍ വിതറി, പിന്നീട് വൃത്തിയാക്കി; ദല്‍ഹിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശുചീകരണ യജ്ഞം


ജലനിരപ്പുയര്‍ന്നാല്‍ കിടപ്പാടം വെള്ളത്തിലാകുന്നവരെ പുനരധിവസിപ്പിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ വേണമെന്നാവശ്യപ്പെട്ടാണ് മേധാപട്കറുടെ നേതൃത്വത്തില്‍ ഗ്രാമീണരുടെ സമരം. പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ ഡാമിലെ ജലവിതരണം നിര്‍ത്തിവെക്കണമെന്നാണ് മേധ പട്കറുടെ ആവശ്യം.

വിഷയത്തില്‍ ഗ്രാമീണരുടെ ആവശ്യങ്ങള്‍ക്കനുകൂലമായി സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ അത് നടപ്പായിട്ടില്ല. ഇന്നലെ വൈകീട്ട് സമരം അവസാനിപ്പിച്ചെങ്കിലും സാഹചര്യം വിലയിരുത്തിയശേഷം സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. ഇന്നലെ ഡാം ഉദ്ഘാടനത്തില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കാതിരുന്നത് തങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണെന്നും മേധാപട്കര്‍ പറഞ്ഞു.