ന്യൂദല്‍ഹി: കള്ളങ്ങളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പണിതുയര്‍ത്തിയിരിക്കുന്നതെന്ന് നര്‍മദ ബച്ചാവോ ആന്ദോളന്‍ നേതാവ് മേധ പട്കര്‍. അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ പരാജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. “സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെക്കുറിച്ചുള്ള മിഥ്യയും വികസനത്തെ കുറിച്ചുള്ള സംവാദവും ഇന്ന്” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മേധ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
കഴിഞ്ഞദിവസമായിരുന്നു പ്രധാന മന്ത്രി മോദി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു തറക്കല്ലിട്ട പദ്ധതിയുടെ ഉദ്ഘാടനം തന്റെ ജന്മദിനത്തില്‍ നിര്‍വഹിക്കുന്നെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ മേധ നെഹ്‌റു തുടങ്ങിയ പദ്ധതിയുടെ ഉദ്ഘാടനമല്ലയിതെന്നും കുറ്റപ്പെടുത്തി.
“ജവഹര്‍ലാല്‍ നെഹ്‌റുവാണ് അണക്കെട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹം ശിലാസ്ഥാപനം നടത്തിയ അണക്കെട്ടിന്റെ പുനരധിവാസം പോലും പൂര്‍ത്തിയായിട്ടില്ല. പ്രധാനമന്ത്രിക്ക് ഈ അധ്യായം അടക്കണമായിരിക്കാം. പക്ഷേ, നര്‍മദ തീരത്തെ ജനങ്ങള്‍ക്ക് ഇതുവരെ പൂര്‍ണ നഷ്ടടപരിഹാരം പോലും ലഭിച്ചിട്ടില്ല.” മേധ പറഞ്ഞു.
തങ്ങളുടെ സമരം അവസാനിച്ചിട്ടില്ലെന്നും അത് നിര്‍ണായക ഘട്ടത്തിലാണെന്നും മേധ പറഞ്ഞു. എല്ലാവരുടെ ഉപദേശങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമാണ്. അണക്കെട്ട് പൂര്‍ത്തീകരിച്ചുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അവിടെ ഒരു കോണ്‍ക്രീറ്റ് മതില്‍ മാത്രമാണ് പണിതിട്ടുള്ളത്. ഞങ്ങളുടെ സമരം അവസാനിച്ചിട്ടില്ല. 40,000 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.”
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും പങ്കെടുക്കാത്ത ചടങ്ങാണ് നടന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. “അണക്കെട്ടിന്റെ ഉദ്ഘാടനം തന്റെ ജന്മദിനത്തില്‍ നടത്തിയുള്ള പ്രധാനമന്ത്രിയുടെ നാടകം പൊളിയുകയാണുണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രിയല്ലാതെ പദ്ധതിയുടെ സഹായം ലഭിക്കുന്നുവെന്ന് അവകാശപെടുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല. ബി.ജെ.പി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം പങ്കെടുക്കുമെന്നാണ് അവകാശപ്പെട്ടിരുന്നത്.”