| Tuesday, 4th October 2016, 10:24 am

'മദ്യപാനികളെ വിവാഹം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കണം' പെണ്‍കുട്ടികളോട് മേധ പട്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മദ്യപാനികളെ വിവാഹം ചെയ്യില്ലെന്ന് ഓരോ പെണ്‍കുട്ടിയും പ്രതിജ്ഞയെടുക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് പെണ്‍മക്കളെ നല്‍കില്ലെന്ന് രക്ഷിതാക്കളും തീരുമാനിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ലഹരിക്കെതിരായി നടത്തുന്ന പദയാത്രയ്ക്കിടെ തൃശൂരില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്നത്തെ സമൂഹത്തെ കാര്‍ന്നു തിന്നുന്നത് ലഹരിയാണ്. ലഹരി കാരണം ഒരുപാട് സ്ത്രീകളുടെ ജീവിതം നശിക്കുന്നുണ്ട്. ഇതുകാരണം ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും സ്ത്രീകള്‍ മദ്യവിരുദ്ധ സമരങ്ങള്‍ നയിക്കുന്നുണ്ട്. ഇവിടെയുള്ള സ്ത്രീകളും അത്തരം സമരങ്ങളുമായി രംഗത്തുവരണമെന്നും മേധ പട്കര്‍ ആവശ്യപ്പെട്ടു.

നര്‍മദയുടെ ചുറ്റുമുള്ള ഓരോ ഗ്രാമത്തിലും ചുരുങ്ങിയത് 50 പേരെങ്കിലും ലഹരി കാരണം വിധവകളായിട്ടുണ്ട്. ജീവിതത്തെയും സന്തോഷത്തെയും നമ്മുടെ പ്രണയത്തെയും ഇല്ലാതാക്കുന്നതാണ് ലഹരിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ലഹരിക്കെതിരെ വിദ്യാര്‍ഥികളും സര്‍ക്കാറുമെല്ലാം രംഗത്തുവരണം. പാപം വിറ്റുകിട്ടുന്ന ലാഭം നമുക്ക് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മേധ പട്കര്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more